ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ദൗത്യമായ 'ഓപ്പറേഷന്‍ അജയ്'യുടെ ആദ്യ സംഘം ഇന്ത്യയിലെത്തി. ഏഴു മലയാളികളടക്കം 212 പേരാണ് ആദ്യ സംഘത്തിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുന്നത്. മലയാളികളെ കൊണ്ടുപോകാന്‍ ഡല്‍ഹി കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.
ഓപ്പറേഷന്‍ 'അജയ് 'യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും എത്തിയ ആദ്യ സംഘത്തിലെ യാത്രക്കാരായ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി അച്ചുത് എം സി, കൊല്ലം കിഴക്കും ഭാഗം സ്വദേശി ഗോപിക ഷിബു, മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ സ്വദേശി ശിശിര മാമ്പറം കുന്നത്ത്, മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രന്‍ നായര്‍, ഭാര്യ രസിത ടി പി എന്നിവര്‍ രാവിലെ 11.05 നുള്ള എ ഐ 831 നമ്പര്‍ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് തിരിക്കും. ഉച്ചകഴിഞ്ഞ് 2.25 ന് കൊച്ചിയിലെത്തും. തിരുവനന്തപുരം സ്വദേശി ദിവ്യ റാം, പാലക്കാട് സ്വദേശി നിള നന്ദ എന്നിവര്‍ സ്വന്തം നിലയ്ക്കാണ് യാത്ര നടത്തുന്നത്.
ഇന്ത്യക്കാര്‍ക്ക് തിരിച്ച് വരാന്‍ വേണ്ടി ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ഇതില്‍ ആദ്യം രജിസ്ട്രര്‍ ചെയ്യുന്നവര്‍ എന്ന മുറയ്ക്കാണ് യാത്രക്കാരെ ഇന്ത്യയിലെത്തിക്കുന്നത്. ഇവരുടെ മുഴുവന്‍ യാത്രാച്ചെലവും സര്‍ക്കാര്‍ വഹിക്കും. ഓപ്പറേഷന്‍ അജയില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പൗരന്മാരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയും വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്നലെ രാത്രി പൗരന്മാരെ തിരിച്ചയക്കുന്നതിന്റെ ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പങ്കുവെച്ചിരുന്നു,
ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയിരുന്നു. ഇത് കാരണം ഇസ്രയേലില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്ക് തിരികെ വരാന്‍ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഓപ്പറേഷന്‍ അജയ് ആരംഭിച്ചത്. തങ്ങള്‍ക്ക് ഇന്ത്യയോട് നന്ദിയുണ്ടെന്നും വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും പരിഭ്രമത്തിലായിരുന്നുവെന്നും തിരിച്ചെത്തിയ സന്തോഷത്തില്‍ ഇസ്രയേലിലെ വിദ്യാര്‍ത്ഥിയായ ശുഭം കുമാര്‍ പിടിഐയോട് പ്രതികരിച്ചു.
വിദ്യാര്‍ത്ഥികളും വ്യാപാരികളുമുള്‍പ്പെടെ ഏകദേശം 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രേയേലിലെയും പലസ്തീനിലെയും സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 1800118797, +91-1123012113, +911123014104, +911123017905, +919968291988 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍. situationroom@mea.gov.in. എന്ന ഇമെയിലിലൂടെയും ബന്ധപ്പെടാം.