ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഫയൽ ചെയ്തത് 2,165 ഹേബിയസ് കോർപ്പസ് ഹർജികളെന്ന് നിയമ മന്ത്രാലയം. അനന്ത്‌നാഗ് ലോക്‌സഭാ എംപി ഹസ്നൈൻ മസൂദി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് നിയമ മന്ത്രാലയം കണക്കുകൾ വ്യക്തമാക്കിയത്. 2019 ഓഗസ്റ്റ് മുതൽ 2023 ജൂൺ 30 വരെ ജമ്മു കശ്മീർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായുള്ള ഹർജികളുടെ കണക്കാണിത്.
1978-ലെ പൊതുസുരക്ഷാ നിയമത്തിന് കീഴിലുള്ള തടങ്കലുകളെ ചോദ്യം ചെയ്യുന്ന ഹേബിയസ് കോർപ്പസ് ഹർജികളിലെ തുടർനടപടികള്‍ എന്തുകൊണ്ട് വൈകുന്നുവെന്നായിരുന്നു ഹസ്നൈൻ മസൂദിയുടെ ചോദ്യം. ഹർജികൾ ഫയൽ ചെയ്യുകയും വാദിക്കുന്ന തീയതിയിൽ അഭിഭാഷകരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നതോടൊപ്പം കോടതികളിൽ ലഭ്യമായ രേഖകൾ സമയബന്ധിതമായി ഹാജരാക്കുന്നുണ്ടെന്ന് ഉറപ്പാക്കാറുണ്ടെന്നുമായിരുന്നു മന്ത്രാലയത്തിന്റെ മറുപടി. അത്തരം ഹർജികൾ നേരത്തേ തീർപ്പാക്കുന്നത് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും കൃത്യസമയത്ത് സ്വീകരിക്കുന്നുണ്ടന്നും മന്ത്രാലയം വ്യക്തമാക്കി.
2019 ഓഗസ്റ്റ് 6നാണ് ആർട്ടിക്കിൾ 370 റദ്ദാക്കുന്നത്. തൊട്ടുപിന്നാലെ ജമ്മു കശ്മീർ മുൻ എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമിയെ അനധികൃതമായി തടങ്കലിൽ വച്ചതിനെ ചോദ്യം ചെയ്ത് 2019ൽ സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി മെയ് 16ന് സുപ്രീം കോടതി തീർപ്പാക്കി. 2019ൽ തരിഗാമിയെ കാണാൻ കശ്മീരിലേക്ക് പോകാനും യെച്ചൂരിക്ക് സുപ്രീംകോടതി അനുവാദം നൽകിയിരുന്നു.
കശ്മീരിലുള്ള മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് ഒരു നിയമ ബിരുദധാരി സുപ്രീംകോടതിയിൽ സമർപ്പിച്ച മറ്റൊരു ഹേബിയസ് കോർപ്പസ് ഹർജിയിലും അനുകൂല വിധിയുണ്ടായിരുന്നു. 2019 ഓഗസ്റ്റ് 6 മുതൽ 600-ലധികം ഹേബിയസ് കോർപ്പസ് ഹർജികൾ ഹൈക്കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി 2020 ജൂണിൽ, ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. കേസുകളിൽ 1% പോലും ആ സമയത്ത് ജമ്മു കശ്മീർ ഹൈക്കോടതി തീർപ്പാക്കിയിരുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.