INDIA

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; കേന്ദ്ര നിയമ കമ്മീഷനും എതിര്‍പ്പില്ല, ഇന്ന് നിര്‍ണായക യോഗം

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' രീതിയെക്കുറിച്ച് പഠിക്കാൻ മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ കേന്ദ്രസർക്കാർ ഉന്നതതല സമിതിയെയും അടുത്തിടെ നിയമിച്ചിരുന്നു

വെബ് ഡെസ്ക്

രാജ്യത്ത് ഒരേസമയം നിയമസഭാ- ലോക്സഭാ, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനോട് കേന്ദ്ര നിയമ കമ്മീഷനും അനുകൂല നിലപാടെന്ന് റിപ്പോര്‍ട്ട്. 22-ാം നിയമകമ്മീഷനാണ് 2024, 2029 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകൾ പുതിയ രീതിയില്‍ നടത്തുന്നതിലെ സാധ്യതകള്‍ പരിഗണിക്കാമെന്ന നിലപാടിലെത്തിയിരിക്കുന്നത്. വിഷയം ഇന്നു ചേരുന്ന നിയമ കമ്മീഷന്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' രീതിയെക്കുറിച്ച് പഠിക്കാൻ മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ കേന്ദ്രസർക്കാർ ഉന്നതതല സമിതിയെയും അടുത്തിടെ നിയമിച്ചിരുന്നു. നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ന് സമിതിയ്ക്ക് സമര്‍പ്പിച്ചേയ്ക്കും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' രീതിയുടെ പ്രായോഗിക വശങ്ങളെക്കുറിച്ച് പഠിക്കുന്ന മുൻ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സമിതി സെപ്റ്റംബർ 23ന് ആദ്യ യോഗം ചേർന്നിരുന്നു. നിയമകമ്മീഷന്റെയും രാഷ്ട്രീയ പാർട്ടികളുടെയും ശുപാർശ വരട്ടെ എന്ന നിലപാടാണ് സമിതി ചർച്ചയിൽ സ്വീകരിച്ചതെന്നാണ് വിവരം. കേന്ദ്രമന്ത്രി അമിത് ഷാ, നിയമ മന്ത്രി അർജുൻ രാം മേഘ്‌വാൾ, രാജ്യസഭാ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, സാമ്പത്തിക കമ്മീഷൻ മുൻ ചെയർമാൻ എൻ കെ സിങ്, ലോക്സഭാ മുൻ ജനറൽ സെക്രട്ടറി സുബാഷ് സി കശ്യപ്, വിജിലൻസ് വിഭാഗം മുൻ കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരടങ്ങിയതാണ് സമിതി.

ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതുൾപ്പെടെ മൂന്ന് വിഷയങ്ങൾ സംബന്ധിച്ചുള്ള പഠന റിപ്പോർട്ടായിരിക്കും നിയമകമ്മിഷൻ സമർപ്പിക്കുക. ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്ന പോക്‌സോ നിയമത്തിൽ കൺസന്റിനുള്ള കുറഞ്ഞ പ്രായം, എഫ് ഐ ആർ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമം എന്നിവയാകും മറ്റ് ശുപാർശകൾ. അതേസമയം കൺസന്റിനുള്ള പ്രായം കുറയ്ക്കുന്നതിനോട് കമ്മീഷൻ യോജിക്കുന്നില്ലെന്നാണ് വിവരം.

ജസ്റ്റിസ് ബി എസ് ചൗഹാന്റെ അധ്യക്ഷതയിലുള്ള 21-ാം നിയമക്കമ്മിഷന്റെ കാർഡ് റിപ്പോർട്ടിലും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം മുന്നോട്ടുവച്ചിരുന്നു. പുതിയ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സങ്കീർണതകൾ കണക്കിലെടുത്ത് വിഷയത്തിൽ തീരുമാനമെടുക്കും മുൻപ് കൂടുതൽ ചർച്ചകളും പരിശോധനകളും നടത്തേണ്ടതാണ് അഭികാമ്യമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടിരിയിരുന്നു. എന്നാൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും മുൻപുതന്നെ കമ്മീഷന്റെ കാലാവധിയും അവസാനിച്ചിരുന്നു.

2020 ഫെബ്രുവരിയിൽ മൂന്ന് വർഷത്തേക്ക് 22-ാമത് നിയമ കമ്മീഷൻ രൂപീകരിച്ചെങ്കിലും അതിന്റെ ചെയർപേഴ്‌സണായ കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയെ നിയമിച്ചത് 2022 നവംബറിലായിരുന്നു. തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ, 2024 ഓഗസ്റ്റ് 31 വരെ സർക്കാർ അതിന്റെ കാലാവധി നീട്ടി നൽകുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ