വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റിൽ റേസർ ബ്ലേഡുകളും ഹെയർപിന്നുകളും സേഫ്റ്റിപിന്നുകളും കണ്ടെത്തി. പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ യുവാവിന്റെ വയറ്റിൽ നിന്നാണ് റേസർ ബ്ലേഡുകളടക്കമുള്ള വസ്തുക്കൾ പുറത്തെടുത്തത്. പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുത്തത്. 13 ഹെയർപിന്നുകളും അഞ്ച് സേഫ്റ്റി പിന്നുകളും എട്ട് റേസർ ബ്ലേഡുകളും ആണ് യുവാവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ഓഗസ്റ്റ് ഏഴിനാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 8 ന് ഏകദേശം രണ്ട് മണിക്കൂർ നീണ്ട നിന്ന ശാസ്ത്രക്രിയയിലൂടെയാണ് വസ്തുക്കൾ നീക്കം ചെയ്തത്.
കഠിനമായ വയറുവേദന, രക്തം ഛർദ്ദിക്കൽ, മലത്തിൽ നിറം മാറ്റം എന്നിവയോടെയാണ് യുവാവ് ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് മെഡിക്കൽ സെന്റർ (ജിഇഎം) ആശുപത്രിയിൽ ചികിത്സ തേടിയത്. കൂടുതൽ പരിശോധന നടത്തിയതോടെയാണ് ഇയാളുടെ വയറ്റിൽ ഇത്തരം വസ്തുക്കൾ കണ്ടെത്തിയത്. കുടലിന്റെ പ്രവർത്തനം തടസപ്പെടാനും സുഷിരങ്ങൾ ഉണ്ടാവാനും ഇവ കാരണമായേക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടിക്കാലം മുതലേ മാനസിക വിഭ്രാന്തിയുള്ളയാളാണ് യുവാവെന്നാണ് സൂചന. ഇത്തരം വസ്തുക്കളൊന്നും താൻ സ്വമേധയാ വിഴുങ്ങിയിട്ടില്ലെന്നാണ് യുവാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്.
"ഓപ്പൺ സർജറിക്ക് പകരം എൻഡോസ്കോപ്പിക് വഴി വസ്തുക്കൾ നീക്കം ചെയ്യാനായിരുന്നു തീരുമാനം. വയറ്റിലുള്ളത് മൂർച്ചയുള്ള വസ്തുക്കൾ ആയതിനാൽ ഇവ പുറത്തെടുക്കുന്നത് വെല്ലുവിളി നിറഞ്ഞ പ്രക്രിയയായിരുന്നു." മെഡിക്കൽ സംഘത്തിലെ അംഗമായിരുന്ന സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. കെ.സുകുമാരൻ പറഞ്ഞു.
കുട്ടിക്കാലം മുതലേ മാനസിക വിഭ്രാന്തിയുള്ളയാളാണ് യുവാവെന്നാണ് സൂചന
ഓഗസ്റ്റ് ഏഴിനാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേദിവസം ഏകദേശം രണ്ട് മണിക്കൂർ നീണ്ട നിന്ന ശാസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ വസ്തുക്കൾ നീക്കം ചെയ്തതത്. അടുത്ത ദിവസം തന്നെ യുവാവിനെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ജിഇഎം ഹോസ്പിറ്റൽ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. കെ ശശികുമാർ, മെഡിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ ജി രാജേഷ്, അനസ്‌തേഷ്യോളജിസ്റ്റ് ഡോ രഞ്ജിത്ത് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.