മേഘവിസ്ഫോടനം മൂലം സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. ലാച്ചൻ വാലിയിലെ ടീസ്റ്റ നദിയിലാണ് സംഭവം. രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി മുഖ്യമന്ത്രി പ്രേം സിങ് ടമങ് അറിയിച്ചു. മുന്നറിയിപ്പില്ലാതെ ചുങ്താങ് അണക്കെട്ട് തുറന്നതോടെ നദിയിലെ വെള്ളത്തിന്റെ അളവ് 15-20 അടി ഉയർന്നു. സിങ്താമിന് സമീപമുള്ള ബർദാങ്ങിൽ പാർക്ക് ചെയ്തിരുന്ന സൈനിക വാഹനങ്ങൾ ഒലിച്ചുപോകാൻ ഇത് കാരണമായതായി അധികൃതർ അറിയിച്ചു.
സൈനിക താവളങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്. 'വിശദാംശങ്ങൾ സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 23 ഉദ്യോഗസ്ഥരെ കാണാതായതായും ചില വാഹനങ്ങൾ ചെളിയിൽ മുങ്ങിയതായും റിപ്പോർട്ടുണ്ട്. തിരച്ചിൽ നടക്കുന്നു.-ഗുവാഹത്തിയിലെ ഡിഫൻസ് പിആർഒയുടെ പ്രസ്താവനയിൽ പറയുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വെള്ളപ്പൊക്കം ഉണ്ടായത്. താഴ്ന്ന പ്രദേശങ്ങളായ ഗസോൾഡോബ, ദോമോഹാനി, മെഖലിഗഞ്ച്, ഗിഷ് തുടങ്ങിയവയെ പ്രളയം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം രാത്രി മുഴുവൻ സിക്കിമിൽ കനത്ത മഴയായിരുന്നു. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലുള്ള മേഘവിസ്ഫോടനമാണ്ന ദി കവിഞ്ഞൊഴുകാനും ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയരാനും കാരണമായത്. പ്രളയജലജലത്തിന്റെ ശക്തമായ കുത്തൊഴുക്കിൽ സിക്കിം-പശ്ചിമബംഗാൾ ഹൈവേ 'ഭാഗ്യ' തകർന്നു.
ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി പാലങ്ങളും റോഡുകളും തകർന്നിട്ടുണ്ട്. "സിംഗ്ടമിൽ ചിലരെ കാണാതായതായി റിപ്പോർട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്," മുഖ്യമന്ത്രി പ്രേംസിങ് ടമങ് പറഞ്ഞു.