തിങ്കളാഴ്ചയാരംഭിക്കുന്ന പാര്‍ലമെൻറ് വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്നത് 24 പുതിയ ബില്ലുകള്‍. പത്ര - ആനുകാലിക രജിസ്‌ട്രേഷന്‍ ബില്‍, കന്റോണ്‍മെന്റ് ബില്‍, മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമ ഭേദഗതി, പാപ്പരത്ത നിയമം, ഊര്‍ജ സംരക്ഷണ നിയമഭേദഗതി എന്നിവയാണ് 24 ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റ് സമ്മേളത്തിന്റെ പരിഗണനയില്‍ വരുന്ന സുപ്രധാന ബില്ലുകള്‍. വന്യജീവി സംരക്ഷണ നിയമ ഭേദഗതി, ആന്റി മാരിടൈം പൈറസി ബില്‍ തുടങ്ങി നാല് പ്രധാന ബില്ലുകള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും.
പരിഗണനയ്ക്ക് വരുന്ന പ്രധാന ബില്ലുകള്‍
#. പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍
അച്ചടി - ആനുകാലിക - ഡിജിറ്റല്‍ മാധ്യമങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പുതിയ ബില്‍. 2019ല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്ന കരട് ബില്ലില്‍ മാറ്റങ്ങളോടെ അവതരിപ്പിക്കാനാണ് കേന്ദ്ര നീക്കം. രാജ്യത്ത് ആദ്യമായി ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകളെ കൂടി രജിസ്‌ട്രേഷന്‍ പരിധിയില്‍ കൊണ്ടുവരുന്ന ബില്ലാണ് ഇത്. 1867ലെ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് ബുക്‌സ് ആക്ടിന് പകരമായാണ് ബില്‍ പരിഗണിക്കപ്പെടുന്നത്.
ഇതോടെ രാജ്യത്തെ ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകള്‍ അച്ചടി - ആനുകാലിക മാധ്യമങ്ങളുടേതിന് സമാനമായ രജിസ്‌ട്രേഷന്‍ നടപടികളിലൂടെ കടന്നുപോകേണ്ടി വരും. പ്രസ് രജിസ്ട്രാര്‍ ജനറലിന് കീഴിലാകും ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകളുടെ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍. പുസ്തക പ്രസാധനത്തിന് നിലവിലുള്ള രജിസ്‌ട്രേഷന്‍ എടുത്തുകളയാനും ബില്ലില്‍ നിര്‍ദേശമുണ്ട്. ഇതോടെ പുസ്തക പ്രസിദ്ധീകരണത്തിലെ നിയന്ത്രണം പൂര്‍ണമായും ഇല്ലാതാകും.
#. ഊര്‍ജ സംരക്ഷണ ഭേദഗതി ബില്‍
കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാകുന്ന നിയമഭേദഗതി. ഊര്‍ജസംരക്ഷണത്തില്‍ പുതിയ തലങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ ബില്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. കാര്‍ബണ്‍ പുറംതള്ളല്‍ നിയന്ത്രണം, ഊര്‍ജ പുനരുപയോഗം എന്നിവയ്ക്കാണ് പുതിയ ബില്ലില്‍ ഊന്നല്‍.
#. മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമ ഭേദഗതി
സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തവും ഇടപെടലും വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടുള്ള ബില്‍. സഹകരണസംഘങ്ങളുടെ വികസനത്തിനും പൊതുജനങ്ങള്‍ക്ക് സംഘങ്ങളിലുള്ള വിശ്വാസ്യത വളര്‍ത്തിയെടുക്കാനും ആവശ്യമായ നടപടികള്‍ ഉള്‍ക്കൊള്ളുന്നു.
#. വനസംരക്ഷണ നിയമ ഭേദഗതി
1980 വന സംരക്ഷണ നിയമത്തില്‍ കൊണ്ടുവരുന്ന ഭേദഗതി. ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ച നിയമഭേദഗതിയാണ് ഇതും. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കുന്ന ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസന പദ്ധതികള്‍ക്കുള്ള തടസം നീക്കും വിധം വനഭൂമിയുടെ നിര്‍വചനത്തില്‍ മാറ്റം വരുത്താനാണ് നീക്കം. വനഭൂമി കയ്യേറുന്നവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നിയമനടപടികള്‍ക്ക് വഴിയൊരുങ്ങുമെന്നും കേന്ദ്രം ഉറപ്പ് പറയുന്നു.
#. കന്റോണ്‍മെന്റ് ബില്‍ 2022
രാജ്യത്തുടനീളം മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ചുള്ള വികസനം ലക്ഷ്യമാക്കി കൊണ്ടുവരുന്ന ബില്‍. ജനജീവിതം സുഗമമാക്കുകയാണ് ബില്ലിന്റെ ആത്യന്തിക ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍.
#. മനുഷ്യക്കടത്ത് നിയമഭേദഗതി
വനിതാ ശിശുക്ഷേമ മന്ത്രാലയം മുന്‍കൈയെടുക്കുന്ന നിയമ ഭേദഗതി. സ്ത്രീകളും കുട്ടികളുമായ മനുഷ്യക്കടത്ത് ഇരകളുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം. അവരുടെ അവകാശങ്ങളെ മാനിക്കാനും നിയമപരമായും സാമ്പത്തികമായും സാമൂഹികമായും മികച്ച സാഹചര്യം ഒരുക്കി കൊടുക്കുകയും ലക്ഷ്യമിടുന്നു.
#. മൈന്‍സ് ആന്‍ഡ് മിനറല്‍സ് നിയമഭേദഗതി
1957ലെ നിയമം ഭേദഗതി ചെയ്യുന്നു. ഈ മേഖലയില്‍ ഇടപാടുകള്‍ എളുപ്പമാക്കുക ലക്ഷ്യമിട്ടാണ് നിയമഭേദഗതി.
#. പാപ്പരത്ത നിയമ ഭേദഗതി 2022
കമ്പനികളുടെ പാപ്പരത്ത നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ 2016ലെ നിയമം ഭേദഗതി ചെയ്യുന്നു. പാപ്പരാകുന്ന കമ്പനി, കേന്ദ്ര- സംസ്ഥാന- പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നല്‍കാനുള്ള പണവും പുതിയ ഭേദഗതിക്ക് കീഴില്‍ കൊണ്ടുവരും.
കുടുംബ കോടതി നിയമ ഭേദഗതി, കേന്ദ്ര സര്‍വകലാശാല നിയമ ഭേദഗതി, പട്ടികവര്‍ഗ നിയമ ഭേദഗതി എന്നിവയെല്ലാം ഇത്തവണത്തെ സമ്മേളനം ചര്‍ച്ച ചെയ്യും. ആന്റി മാരി ടൈം പൈറസി ബില്‍, മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമം തുടങ്ങിയ ബില്ലുകളാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി പരിഗണനയ്ക്ക് വിടുന്ന മറ്റുള്ളവ.
പ്രതിപക്ഷ നിലപാട് എന്താകും ?
പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ യോഗം ചേര്‍ന്ന് വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും. പരിഗണിക്കാനിരിക്കുന്ന ബില്ലുകളില്‍ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍, അഭിപ്രായ സ്വാതന്ത്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ഇപ്പോള്‍ തന്നെ ഉയരുന്നുണ്ട്. വനസംരക്ഷണ നിയമ ഭേദഗതി ആദിവാസി അവകാശങ്ങള്‍ അട്ടിമറിക്കാനും വനമേഖലയില്‍ നിര്‍മാണ പ്രവര്‍ത്തന അനുമതി നല്‍കാനുമാണെന്നും വിവിധ കോണുകളില്‍ നിന്ന് ആരോപണമുയരുന്നു.
ഇന്ധനവില വര്‍ധന, പ്രവാചക നിന്ദ പരാമര്‍ശമടക്കമുള്ള വിവാദ പ്രസ്താവനകള്‍ തുടങ്ങിയവയും പാര്‍ലമെന്റില്‍ വിവിധ വാക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്കും പ്രതിപക്ഷം ആയുധമാക്കും. തെലങ്കാന രാഷ്ട്ര സമിതിയും ഇത്തവണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാടെടുക്കും.