ഇന്ത്യൻ ഫാർമസ്യുട്ടിക്കൽസ് രംഗത്ത് വൻ കുതിപ്പിന് 2030ഓടെ വഴിയൊരുങ്ങുമെന്ന് പഠനം. ബില്യൺ ഡോളർ വിറ്റുവരവുള്ള 24 മരുന്ന് കമ്പനികൾക്ക് അടുത്ത ആറുവർഷത്തിനുള്ളിൽ അവർക്കുണ്ടായിരുന്ന പേറ്റന്റുകൾ നഷ്ടമാകും. ആർത്രൈറ്റിസ്, ക്യാൻസർ, ആസ്‌തമ എന്നീ രോഗങ്ങളുടെ പ്രധാന മരുന്നുകൾ ഉത്പാദിപ്പിക്കുന്ന ഹ്യൂമിറ, കീട്രൂഡ എന്നിവരുടെ ഉൾപ്പെടെ പേറ്റന്റുകളുടെ കാലാവധിയാണ് കഴിയുന്നത്. ഇത് ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഇന്ത്യയിൽ ജനറിക് മരുന്ന് നിർമ്മാതാക്കൾക്ക് വലിയ വിപണിസാധ്യതയാണ് തുറന്നുനൽകുന്നത്.
20.75 ലക്ഷം കോടി ആഗോള വിറ്റുവരവുള്ള മരുന്നുകളുടെ പേറ്റന്റുകളാണ് 2030ഓടെ അവസാനിക്കുന്നത്. റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ മരുന്നിന്റെ വിൽപനയിലൂടെ ഹ്യൂമിറ 2022ൽ നേടിയത് 1.76 ലക്ഷം കോടി രൂപയുടെ വരുമാനമായിരുന്നു. സമാനമാണ് മറ്റ് മരുന്നുകളുടെയും വിറ്റുവരവ്. ഈയൊരവസരം കൃത്യമായി ഉപയോഗിച്ചാൽ വലിയ നേട്ടം ഇന്ത്യൻ ഫാർമസ്യുട്ടിക്കൽസ് രംഗത്തുണ്ടാകുമെന്നാണ് ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് നടത്തിയ പഠനം പറയുന്നത്.
2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഫാർമസ്യൂട്ടിക്കൽസിൻ്റെ മൊത്തം വാർഷിക വിറ്റുവരവ് ഏകദേശം 42.34 ബില്യൺ ഡോളറാണ്
പേറ്റന്റുള്ള മരുന്നുകളുടെ ഉത്പാദനം അതാത് കമ്പനികൾക്ക് മാത്രമേ സാധിക്കു. എന്നാൽ പേറ്റന്റ് അവസാനിക്കുന്നതോടെ മറ്റ് ഫാർമ കമ്പനികൾക്ക് അവയുടെ ജനറിക് പതിപ്പുകൾ പുറത്തിറക്കാൻ സാധിക്കും. അതിലൂടെ 90 ശതമാനം വരെ വില കുറവാണ് മരുന്നുകൾക്ക് ഉണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വരാനിരിക്കുന്ന പേറ്റൻ്റ് നഷ്ടം യുഎസിലെയും യൂറോപ്പിലെയും ഏറ്റവും വലിയ ബയോഫാർമ സ്ഥാപനങ്ങളായ ഫൈസർ, നൊവാർട്ടിസ്, മെർക്ക്, എലി ലില്ലി, ബ്രിസ്റ്റോൾ മിയേഴ്‌സ് സ്ക്വിബ് തുടങ്ങിയ പലരെയും ബാധിക്കും. അതേസമയം, ഇന്ത്യൻ ജനറിക് ഫാർമസ്യൂട്ടിക്കൽ വിപണി കഴിഞ്ഞ വർഷങ്ങളായി ശ്രദ്ധേയമായ വളർച്ച കൈവരിക്കുന്നുണ്ട്.
ഫാർമസ്യുട്ടിക്കൽസ് വകുപ്പിന്റെ 2022-23 വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഫാർമസ്യൂട്ടിക്കൽസിൻ്റെ മൊത്തം വാർഷിക വിറ്റുവരവ് ഏകദേശം 42.34 ബില്യൺ ഡോളറാണ്.
സൺ ഫാർമ, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ലുപിൻ, സിപ്ല, അരബിന്ദോ ഫാർമ, സൈഡസ് കാഡില, ടോറൻ്റ് ഫാർമ എന്നിങ്ങനെ ഏഴു ഇന്ത്യൻ കമ്പനികൾ ലോകത്തെ ഏറ്റവും മികച്ച 15 ജനറിക് മരുന്നുകളുടെ വിതരണക്കാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.