INDIA

കർണാടകയിൽ 24 മന്ത്രിമാർ കൂടി ചുമതലയേറ്റു; വകുപ്പ് വിഭജനം ഉടൻ, പ്രതിഷേധവുമായി തഴയപ്പെട്ടവർ

ജഗദീഷ് ഷെട്ടാറിനെയും ലക്ഷ്മൺ സവദിയേയും പിന്നീട് പരിഗണിച്ചേക്കും

ദ ഫോർത്ത് - ബെംഗളൂരു

സിദ്ധരാമയ്യ സർക്കാരിന്റെ മന്ത്രിസഭയിൽ  24 അംഗങ്ങൾ കൂടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ് ഭവനിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട് മുൻപാകെ  മന്ത്രിമാർ സത്യവാചകം ചൊല്ലിയത്. എച്ച്കെ പാട്ടീല്‍, എംബി പാട്ടീൽ കൃഷ്ണ ബൈരെഗൗഡ, എന്‍ ചെലുവരയസ്വാമി, കെ വെങ്കിടേഷ്, എച്ച്സി മഹാദേവപ്പ,  ഈശ്വര്‍ ഖന്ദ്രെ, ദിനേഷ് ഗുണ്ടു റാവു, ലക്ഷ്മി ഹെബ്ബാൾക്കാർ, മധു ബംഗാരപ്പ തുടങ്ങിയവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരിൽ പ്രമുഖർ. നേരത്തെ മെയ് 20 ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പടെ 10 പേർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. കർണാടകയിലാകെ 34 മന്ത്രി പദവികളാണുള്ളത്.  24 പേർ കൂടി ചുമതലയേറ്റതോടെ  മന്ത്രിസഭ വികസനം പൂർത്തിയായി.  മഹിളാ കോൺഗ്രസ് മുന്‍ അധ്യക്ഷ ലക്ഷ്മി ഹെബ്ബാൾക്കറിന്  മാത്രമാണ് വനിതകളിൽ നിന്ന് ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചത്.

ലക്ഷ്മി ഹെബ്ബാൾക്കർ

സാമൂഹിക നീതി ഉറപ്പാക്കിയാണ് മന്ത്രിസഭ വികസനം കോൺഗ്രസ് സർക്കാർ പൂർത്തിയാക്കിയത്. ജാതി, മതം, പ്രാദേശിക - മേഖലാ പ്രാതിനിധ്യം, മുതിർന്ന നേതാക്കൾക്കും പുതു മുഖങ്ങൾക്കും  പരിഗണന തുടങ്ങിയവ മാനദണ്ഡമാക്കിയാണ് മന്ത്രിമാരുടെ  തിരഞ്ഞെടുപ്പ്. കർണാടകയിലെ പ്രബല സമുദായമായ  ലിംഗായത്ത് സമുദായത്തിന് എട്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചു. ഈ സമുദായത്തിലെ എല്ലാ ഉപവിഭാഗങ്ങളെയും പരിഗണിച്ചിട്ടുണ്ട്. വൊക്കലിഗ വിഭാഗത്തിൽ നിന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറടക്കം അഞ്ചു  പേർക്കാണ് മന്ത്രി സ്ഥാനം. പട്ടികജാതി വിഭാഗത്തിൽ നിന്ന് അഞ്ചു പേരും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് നാല് പേരും മന്ത്രിമാരായി. ഒബിസി വിഭാഗത്തിൽ നിന്ന് സിദ്ധരാമയ്യ ഉൾപ്പടെ അഞ്ചു പേർക്കും മുസ്ലിം സമുദായത്തിൽ നിന്ന് രണ്ടു പേർക്കും മന്ത്രി പദവി ലഭിച്ചു. നിയമസഭ സ്പീക്കറായി മംഗളുരു റൂറൽ എംഎൽഎ യുടി ഖാദറിനെ തിരഞ്ഞെടുത്തത് കൂടാതെയാണ് രണ്ടു മന്ത്രി പദങ്ങൾ. ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് കെജെ ജോർജ്  മന്ത്രിസഭയിൽ കയറി. ജൈന- ബ്രാഹ്മണ സമുദായത്തിന്റെ ഓരോന്ന് വീതം പ്രതിനിധികളും മന്ത്രിസഭയിലുണ്ട്.

ഈശ്വർ ഖാന്ദ്രെ

അതേസമയം, മന്ത്രിപദ മോഹിയും  മലയാളിയുമായ  എൻഎ ഹാരിസ്, ദളിത് നേതാവ് ബികെ ഹരിപ്രസാദ് എന്നിവർ പട്ടികയിൽ നിന്ന് പുറത്തായി. നാലുതവണ ശാന്തി നഗർ മണ്ഡലത്തിൽ നിന്ന് ജയിച്ചു കയറിയ ഹാരിസിന് മുസ്ലിം - ബെംഗളൂരു പ്രാതിനിധ്യം നോക്കിയുള്ള കെപിസിസിയുടെ കണക്കുകൂട്ടലാണ്  തടസ്സമായത്. മന്ത്രിസഭയിൽ നിന്ന് തഴയപ്പെട്ടതിലുള്ള അതൃപ്തി  ബികെ ഹരിപ്രസാദ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഹാവേരി മണ്ഡലത്തിൽ നിന്ന് വിജയിച്ച രുദ്രപ്പലമണിക്കു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു അനുയായികൾ ബെംഗളൂരുവിലെ കെപിസിസി ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധിച്ചു.

ദിനേശ് ഗുണ്ടു റാവു
മധു ബംഗാരപ്പ

ബിജെപി വിട്ടു കോൺഗ്രസിൽ ചേക്കേറി അത്താനിയിൽ നിന്ന് വിജയിച്ച ലക്ഷ്മൺ സവാദിയും മന്ത്രിസഭയ്ക്ക്‌ പുറത്താണ് . ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ട ജഗദീഷ് ഷട്ടാറിനെ ഉപരി സഭാംഗമാക്കി മന്ത്രി സഭയിൽ കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഒരു വർഷത്തിന് ശേഷം മന്ത്രിമാരുടെ പ്രവർത്തന പുരോഗതി വിലയിരുത്തി മോശം പ്രകടനം കാഴ്ചവച്ചവരെ മാറ്റി നിർത്തി  മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമെന്നാണ് സൂചന. അപ്പോൾ ഷെട്ടാറിനും സവദിക്കും മന്ത്രി സഭയിൽ അവസരം ലഭിക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ