ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി വീണ്ടും രംഗത്തെത്തിയിട്ടുണ്ടെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂറുമാറുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി പ്രതിനിധികൾ സമീപിച്ചത് ഏഴ് ആപ്പ് എംഎൽഎമാരെയാണെന്ന് കെജ്‌രിവാൾ പറയുന്നു.
ആം ആദ്മി എംഎൽഎമാരെ ബിജെപി നേരത്തെ തന്നെ ബന്ധപ്പെടുന്നുണ്ടായിരുന്നു എന്നും ഡൽഹി മദ്യനയ കേസിന്റെ ഭാഗമായി മുഖ്യമന്ത്രി അറസ്റ്റു ചെയ്യപ്പെടാൻ ഏറെ സാധ്യതയുണ്ടെന്ന് ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും. സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് ഇതെന്നുമാണ് കെജ്‌രിവാളിന്റെ ആരോപണം.
ആരോപണങ്ങൾ മുന്നോട്ടു വയ്ക്കുന്ന ദീർഘമായ പോസ്റ്റാണ് കെജ്‌രിവാൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. "മുഖ്യമന്ത്രിയെ ഞങ്ങൾ ദിവസങ്ങൾക്കുള്ളിൽ അറസ്റ്റു ചെയ്യും. ശേഷം ഡൽഹി സർക്കാരിനെ അട്ടിമറിക്കും, 21 എംഎൽഎമാരുമായി സംസാരിച്ചിട്ടുണ്ട്, നിങ്ങൾക്കും ഞങ്ങളോടൊപ്പം വരാമെന്നും, സർക്കാർ തകർന്നാൽ നിങ്ങൾക്ക് ബിജെപി ടിക്കറ്റിൽ മത്സരിക്കാമെന്നും കൂടെ 25 കോടി രൂപ നൽകാമെന്നുമാണ് വാഗ്ദാനം." കെജ്‌രിവാൾ പറയുന്നു.
21 എംഎൽഎമാരെ ബന്ധപ്പെട്ടു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഏഴ് പേരെ ബന്ധപ്പെട്ടതായാണ് തങ്ങൾ മനസിലാക്കുന്നതെന്നാണ് കെജ്‌രിവാൾ പറയുന്നത്. ഈ ഏഴുപേരും വാഗ്ദാനം നിരസിച്ചതായും കെജ്‌രിവാൾ സാമൂഹിക മാധ്യമങ്ങളിൽ എഴുതുന്നു. തന്നെ ഏതെങ്കിലും മദ്യനയ കേസിൽ അറസ്റ്റു ചെയ്യാനൊന്നും പോകുന്നില്ല, ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കെജ്‌രിവാൾ അടിവരയിടുന്നു. സർക്കാരിനെ താഴെയിറക്കാൻ കഴിഞ്ഞ ഒൻപതു വർഷങ്ങളായി പല ശ്രമങ്ങളും ബിജെപി നടത്തിയിരുന്നു എന്നാൽ അവർക്കിതുവരെ ആ ശ്രമങ്ങളിൽ വിജയിക്കാൻ സാധിച്ചിട്ടില്ല എന്നും കെജ്‌രിവാൾ പറയുന്നു.
"ദൈവവും ജനങ്ങളും ഞങ്ങളോടൊപ്പമായിരുന്നു. ഞങ്ങളുടെ എംഎൽഎമാരെല്ലാം ശക്തമായി ഒന്നിച്ച് നിന്നു. ഇത്തവണയും അവർ പരാജയപ്പെടും." കെജ്‌രിവാൾ പറയുന്നു.
ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തിയ ഓരോ ശ്രമവും പരാജയപ്പെട്ടത് സർക്കാർ തലസ്ഥനത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ ഫലമാണെന്നും, മറ്റുപല പ്രതിസന്ധിഘട്ടങ്ങൾക്കിടയിലും ജനങ്ങൾ എഎപി സർക്കാറിനെ സ്നേഹിച്ചു, അതുകൊണ്ടാണ് ഡൽഹിയിലെ സർക്കാരിനെ അട്ടിമറിക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാകുന്നതെന്നും കെജ്‌രിവാൾ പറയുന്നു.