INDIA

കേന്ദ്ര ഏജന്‍സികള്‍ വഴി 'പേടിപ്പിച്ചു'; 2014നുശേഷം ബിജെപിയില്‍ ചേര്‍ന്നത് 25 പ്രമുഖ പ്രതിപക്ഷ നേതാക്കള്‍

25ല്‍ മൂന്ന് കേസ് അവസാനിപ്പിക്കുകയും 20 എണ്ണം സ്തംഭനാവസ്ഥയിലുമാണ്. നേതാക്കളുടെ പാര്‍ട്ടി കൂറുമാറ്റത്തിനുശേഷം അന്വേഷണ ഏജന്‍സികളുടെ നടപടിയും അവസാനിച്ചമട്ടാണ്

വെബ് ഡെസ്ക്

ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ന് ശേഷം അഴിമതി ആരോപണക്കേസില്‍ കേന്ദ്ര ഏജന്‍സികളില്‍നിന്ന് അന്വേഷണം നേരിട്ട 25 പ്രതിപക്ഷ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് റിപ്പോര്‍ട്ട്. പത്ത് കോണ്‍ഗ്രസ് നേതാക്കള്‍, നാല് എന്‍സിപി നേതാക്കള്‍, നാല് ശിവസേന നേതാക്കള്‍, മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍, രണ്ട് ടിഡിപി നേതാക്കള്‍, ഒരു എസ് പി നേതാവ്, ഒരു വൈഎസ്ആര്‍സിപി നേതാവ് എന്നിങ്ങനെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഇതില്‍ 23 നേതാക്കളുടെ കേസ് ഒഴിവാക്കിയെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 25ല്‍ മൂന്ന് കേസ് അവസാനിപ്പിക്കുകയും 20 എണ്ണം സ്തംഭനാവസ്ഥയിലുമാണ്. നേതാക്കളുടെ പാര്‍ട്ടി കൂറുമാറ്റത്തിനുശേഷം അന്വേഷണ ഏജന്‍സികളുടെ നടപടിയും അവസാനിച്ചമട്ടാണ്.

ബിജെപിയില്‍ ചേര്‍ന്ന 25 നേതാക്കളില്‍ 12 പേരും മഹാരാഷ്ട്രക്കാരാണ്.

ഈ വര്‍ഷം മാത്രം ആറ് പ്രമുഖ നേതാക്കളാണ് മറ്റ് പാര്‍ട്ടികളില്‍നിന്ന് ബിജെപിയില്‍ ചേക്കേറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പാര്‍ട്ടിമാറ്റമെന്നതും ശ്രദ്ധേയമാണ്. അഴിമതി ആരോപണക്കാരായ രാഷ്ട്രീയക്കാര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നാല്‍ നിയമനടപടികള്‍ നേരിടേണ്ട എന്നതുകൊണ്ട് ബിജെപിയുടെ ഈ രീതിയെ 'വാഷിങ് മെഷീന്‍' എന്നാണ് പ്രതിപക്ഷം വിളിക്കുന്നത്.

എന്നാല്‍ അഴിമതി ആരോപണങ്ങള്‍ വരുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ പാര്‍ട്ടി മാറുന്നത് ആദ്യത്തെ കാര്യമല്ലെന്ന് ഉദാഹരണ സഹിതം ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാട്ടുന്നു. 2009ല്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബിഎസ്‌പിയില്‍നിന്ന് മായാവതിയും എസ്‌പിയില്‍നിന്ന് മുലായം സിങ്ങും യുപിഎയിലേക്ക് ചേര്‍ന്നതോടെ ഇവര്‍ക്കെതിരെയുള്ള അഴിമതിക്കേസിന്റെ ഗതിതന്നെ സിബിഐ മാറ്റിയിട്ടുണ്ട്.

2022-23 വര്‍ഷങ്ങളിലുണ്ടായ രാഷ്ട്രീയഗതിവിഗതികളിലൂടെ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ് സംഭവിച്ചത്. 2022ല്‍ ശിവസേനയില്‍നിന്ന് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം പിരിയുകയും ബിജെപിയോടൊപ്പം ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനുശേഷം എന്‍സിപിയില്‍നിന്ന് അജിത് പവാര്‍ പക്ഷം വേര്‍പിരിഞ്ഞ് ഭരണപക്ഷത്തുള്ള എന്‍ഡിഎ സഖ്യത്തോടൊപ്പവും ചേര്‍ന്നു. തുടര്‍ന്ന് അജിത് പവാറിന്റെയും പ്രഫുല്‍ പട്ടേലിന്റെയും കേസുകള്‍ അവസാനിപ്പിച്ചു.

ബിജെപിയില്‍ ചേര്‍ന്ന 25 നേതാക്കളില്‍ 12 പേരും മഹാരാഷ്ട്രക്കാരാണ്. അതില്‍ 11 പേര്‍ 2022ലും ഒരാള്‍ അതിനുശേഷവുമാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍നിന്ന് നാല് പേര്‍ വീതമാണ് മഹാരാഷ്ട്രയില്‍നിന്ന് ബിജെപിയിലേക്ക് പോയത്.

എന്നാല്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള ചില കേസുകള്‍ പേരിന് വേണ്ടി നടത്തിയിട്ടുമുണ്ട്. ഉദാഹരണത്തിന്, 2020ല്‍ ടിഎംസിയില്‍നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കെതിരെയുള്ള നാരദ സ്റ്റിങ് ഓപ്പറേഷന്‍ കേസില്‍ വിചാരണ ചെയ്യാന്‍ 2019 മുതല്‍ സിബിഐ ലോക്‌സഭാ സ്പീക്കറുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെയും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെയും കേസുകള്‍ മന്ദഗതിയിലാണ്.

ശാരദ ചിട്ടി ഫണ്ട് കേസില്‍ 2014ലാണ് ഹിമന്ത ബിശ്വ ശര്‍മ സിബിഐ റെയ്ഡും അന്വേഷണവും നേരിട്ടത്. എന്നാല്‍ 2015ല്‍ ഇദ്ദേഹം ബിജെപി ചേര്‍ന്നശേഷം കേസ് മുന്നോട്ടുപോയിട്ടില്ല. ആദര്‍ശ് ചൗഹാന്‍ കേസില്‍ സിബിഐയുടെയും ഇഡിയുടെയും നടപടികളില്‍ സുപ്രീംകോടതിയുടെ സ്‌റ്റേ നിലനില്‍ക്കെയാണ് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നത്. സമാനരീതിയില്‍ കോണ്‍ഗ്രസ് മുന്‍ എംപി ജ്യോതി മിര്‍ദ, ടിഡിപി മുന്‍ എംപി വൈഎസ് ചൗധരിയും ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം ഇഡിയുടെ ഭാഗത്ത് നിന്ന് തെളിവ് കണ്ടെത്താനുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടില്ല.

എന്നാല്‍ സിബിഐ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്നാണ് സിബിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ''തെളിവ് കണ്ടെത്തിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ചില കേസുകളില്‍ പല കാരണങ്ങളാല്‍ നടപടികള്‍ വൈകും,'' എന്നാണ് സിബിഐ ഉദ്യോഗസ്ഥന്‍ പറയുന്നത്. മറ്റ് ഏജന്‍സികള്‍ കേസുകള്‍ അവസാനിപ്പിച്ചാല്‍ മുന്നോട്ടുള്ള ഇ ഡി നടപടികളും ബുദ്ധിമുട്ടിലാകുമെന്നാണ് ഇ ഡി ഉദ്യോസ്ഥന്റെ മറുപടി. എന്നിട്ടും പല കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും അന്വഷണത്തിന്റെ ഇടയില്‍ ആവശ്യം വന്നാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ