INDIA

കൗമാരക്കാരില്‍ 25 ശതമാനം പേർക്ക് മാതൃഭാഷയിലുള്ള രണ്ടാം ക്ലാസ് പാഠപുസ്തകം വായിക്കാനറിയില്ലെന്ന് റിപ്പോർട്ട്

42 ശതമാനം വരുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷിലെ ഒരക്ഷരം പോലും വായിക്കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ് ഡെസ്ക്

ഇന്ത്യയിലെ കൗമാരക്കാരില്‍ 25 ശതമാനം പേര്‍ക്കും മാതൃഭാഷയിലെ രണ്ടാം തരത്തിന്റെ നിലവാരത്തിലുള്ള പാഠപുസ്തകങ്ങള്‍ വായിക്കാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. 14നും 18 വയസിനുമിടയിലുള്ള 25 ശതമാനം പേര്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടാണ് (Annuel Status of Education Report-ASER) കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. 34,745 കൗമാരക്കാരെയാണ് സര്‍വേയ്ക്ക് വിധേയമാക്കിയത്.

എഎസ്ആര്‍ 2023 ബിയോണ്ട് ബേസിക്‌സ് എന്ന പേരിലുള്ള സര്‍വേ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രഥം ഫൗണ്ടേഷനാണ് നടത്തിയത്. 26 സംസ്ഥാനങ്ങളിലായി 28 ജില്ലകളിലെ വിദ്യാർഥികളില്‍ നടത്തിയ സർവേയില്‍ എല്ലാ വലിയ സംസ്ഥാനങ്ങളിലെയും ഒരു ഗ്രാമീണ ജില്ലയെ എങ്കിലും ഉള്‍പ്പെടുത്തിയിരുന്നു.

42 ശതമാനത്തോളം കുട്ടികള്‍ക്ക് ഇംഗ്ലീഷിലെ ഒരക്ഷരം പോലും വായിക്കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 57.3 ശതമാനം പേര്‍ക്ക് മാത്രമേ ഒരു വാക്യമെങ്കിലും ഇംഗ്ലീഷില്‍ വായിക്കാന്‍ സാധിക്കുന്നുള്ളു. ഇംഗ്ലീഷ് വായിക്കാനറിയുന്നവരില്‍ മൂന്നില്‍ ഒന്ന് പേര്‍ക്ക് മാത്രമേ അതിന്റെ അര്‍ഥം അറിഞ്ഞ് വായിക്കാനും സാധിക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കണക്കിന്റെ കാര്യത്തിലും ഇത്തരം അപകടരമായ സ്ഥിതിവിശേഷമാണുള്ളത്. മൂന്നാം തരത്തിലോ നാലാം തരത്തിലോ പഠിപ്പിക്കുന്ന ഒറ്റക്ക സംഖ്യ ഉപയോഗിച്ച് മൂന്നക്ക സംഖ്യയെ ഹരിക്കുന്ന ഗണിതം അറിയാവുന്നവരുടെ ശതമാനം 43.3 ശതമാനമാണ്.

അതേസമയം 2017ലെ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ കണക്ക് കൂട്ടാനറിയാവുന്ന കുട്ടികളുടെ ശതമാനത്തില്‍ വര്‍ധനവ് വന്നിട്ടുണ്ട്. 2017ലെ സര്‍വേ പ്രകാരം സമാന കണക്കുകള്‍ അറിയാവുന്നവരുടെ എണ്ണം 39.5 ശതമാനം മാത്രമായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 86.8 ശതമാനം പേരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു പഠിച്ച് പുറത്തിറങ്ങിയവരാണ്.

എന്നാല്‍ പഠനം പൂര്‍ത്തിയാക്കാത്തവരില്‍ 18 വയസിനു മുകളിലുള്ളവരുടെ എണ്ണമാണ് കൂടുതലും. സര്‍വേയില്‍ പങ്കെടുത്ത 18 വയസുള്ള 32.6 ശതമാനം പേരാണ് പഠനം പൂര്‍ത്തിയാക്കാതുള്ളത്. 14 വയസുള്ള 3.9 ശതമാനം കുട്ടികളും പഠനം പൂര്‍ത്തിയാക്കിയിട്ടില്ല.

കൂടാതെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തെക്കുറിച്ചും, പത്താം തരം കഴിഞ്ഞാല്‍ തിരഞ്ഞെടുക്കേണ്ട വിഷയത്തെക്കുറിച്ചുമുള്ള സര്‍വേകളും നടത്തിയിട്ടുണ്ട്. ഇതുപ്രകാരം 89 ശതമാനം പേര്‍ക്ക് വീടുകളില്‍ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാണെന്നും 94.7 ശതമാനം പുരുഷന്മാര്‍ക്കും 89.8 ശതമാനം സ്ത്രീകള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാമെന്നും കണ്ടെത്തി. അതേസമയം 43.7 ശതമാനം പുരുഷന്മാര്‍ക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണുകളുള്ളപ്പോള്‍ 19.8 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍ ഉള്ളു.

പത്താം ക്ലാസിന് ശേഷം ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കാന്‍ താല്‍പര്യം കാണിക്കുന്നത് ഹ്യുമാനിറ്റീസാണ്. 11,12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ 55 ശതമാനം പേര്‍ ഹ്യുമാനിറ്റീസ് തിരഞ്ഞെടുത്തപ്പോള്‍ 31 ശതമാനം പേര്‍ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, ഗണിതം (എസ്ടിഎം) എന്നിവയും ഒമ്പത് ശതമാനം പേര്‍ കൊമേഴ്‌സും തിരഞ്ഞെടുത്തു.

പ്രായമുള്ള കുട്ടികള്‍ പഠനത്തില്‍ നിന്ന് കൊഴിഞ്ഞുപോകുന്നതായുള്ള ആശങ്കകള്‍ കോവിഡ്- 19ന്റെ സമയത്തുണ്ടായിരുന്നെങ്കിലും അത് അടിസ്ഥാനരഹിതമായിരുന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അവസാന എട്ട് വര്‍ഷത്തെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ 2017ല്‍ 81 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 84 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ