അപകടം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ ഇനിയും തിരിച്ചറിയാനാകാതെ 29 മൃതദേഹം. ഇതുവരെ 113 മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ടെന്നും 29 മൃതദേഹം ഇപ്പോഴും തിരിച്ചറിയലിനായി കാത്തിരിക്കുകയാണെന്നും ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അറിയിച്ചു. ഈ മൃതദേഹങ്ങൾ ഭുവനേശ്വറിലെ എയിംസിൽ അഞ്ച് കണ്ടെയ്‌നറുകളിലായി സൂക്ഷിച്ചിരിക്കുകയാണ്.
ജൂൺ രണ്ടിനുണ്ടായ അപകടത്തിൽ 295 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ. അപകടത്തിന് ശേഷം എയിംസിന് രണ്ട് ഘട്ടങ്ങളിലായി ആകെ 162 മൃതദേഹം ലഭിച്ചുവെന്നും അതിൽ 133 മൃതദേഹം ഡിഎൻഎ സാമ്പിൾ പൊരുത്തപ്പെടുത്തലിന് ശേഷം ബന്ധുക്കൾക്ക് കൈമാറിയെന്നും ഭുവനേശ്വർ എയിംസ് സൂപ്രണ്ട് പ്രൊഫ ദിലീപ് കുമാർ പരിദ പറഞ്ഞു. ''നിലവിൽ ഭുവനേശ്വറിലെ എയിംസിൽ 29 മൃതദേഹം കണ്ടെയ്‌നറുകളിൽ സൂക്ഷിച്ചിട്ടുണ്ട്. കൂടുതലും തിരിച്ചറിയാനാകാത്തതും അവകാശികളില്ലാത്തതുമാണ്. ഡൽഹി സിഎഫ്‌എസ്‌എല്ലിൽ നിന്നുള്ള ഡിഎൻഎ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് വന്ന ശേഷം മൃതദേഹങ്ങൾ കൈമാറുന്നതായിരിക്കും''- ദിലീപ് കുമാർ പരിദ പറഞ്ഞു.
അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ''ഡിഎൻഎ സാമ്പിളുകൾ പൊരുത്തപ്പെട്ടതിന് ശേഷവും അവകാശികളെത്താത്ത മൃതദേഹങ്ങൾ ഉണ്ടെങ്കിൽ അവ സംസ്കരിക്കും. അവകാശികളില്ലാത്ത അവശേഷിക്കുന്ന മൃതദേഹങ്ങൾ എന്തുചെയ്യണമെന്ന് കേന്ദ്ര സർക്കാരും ഒഡീഷ സർക്കാരും തീരുമാനിക്കും''- ദിലീപ് കുമാർ കൂട്ടിച്ചേർത്തു.
ഒന്നിലധികം അവകാശികളും മറ്റ് ചില പ്രശ്നങ്ങളും ഉള്ളതിനാൽ 81 മൃതദേഹം ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഡിഎൻഎ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ, 52 മൃതദേഹം കൂടി തിരിച്ചറിയുകയും അവ കുടുംബങ്ങൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഇതിൽ 29 എണ്ണമാണ് ഇപ്പോഴും തിരിച്ചറിയാനാകാതെ കിടക്കുന്നത്.
ചെന്നൈയിലേക്കുള്ള കോറോമാണ്ടൽ എക്‌സ്പ്രസും ഹൗറയിലേക്കുള്ള എസ്എംവിപി-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 295 പേർ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെത്തുടർന്ന് മരിച്ചവരിൽ ഭൂരിഭാഗം പേരെയും അവരുടെ ആധാർ കാർഡോ ഡ്രൈവിങ് ലൈസൻസോ പാൻ കാർഡോ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞത്. എന്നാൽ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരും ഒരു മൃതദേഹത്തിന് ഒന്നിൽ കൂടുതൽ അവകാശികളെത്തിയപ്പോഴാണ്, മരിച്ചയാളെ തിരിച്ചറിയാൻ ആശുപത്രി ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്.
ഇതിനിടെ ജൂലൈ 29 ന്, ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷൻ മരിച്ച രണ്ട് പേരുടെ മൃതദേഹം സംസ്‌കരിച്ചിരുന്നു. ജാർഖണ്ഡ് സ്വദേശി ദിനേഷ് യാദവ് (31), ബിഹാർ സുരേഷ് റേ (23) എന്നിവരുടെ മൃതദേഹമാണ് കുടുംബാംഗങ്ങൾ ഏറ്റെടുക്കാൻ വിമുഖത പ്രകടിപ്പിച്ചതിനെ തുടർന്ന് സംസ്കരിച്ചത്. മൃതദേഹങ്ങൾ സംരക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് കുടുംബാംഗങ്ങൾക്ക് കൈമാറുന്നത് വരെ സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഒഡീഷ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.