INDIA

വീട്ടിൽ ശൗചാലയമില്ല; പ്രാഥമികകൃത്യത്തിനായി പുറത്തുപോയ മൂന്ന് സ്ത്രീകൾക്ക് മണ്ണിടിച്ചിൽ ദാരുണാന്ത്യം

വെബ് ഡെസ്ക്

ഝാര്‍ഖണ്ഡിലെ ധൻബാദിൽ കല്‍ക്കരി ഖനിമേഖലയിലുണ്ടായ മണ്ണിടിച്ചിൽ മൂന്ന് സ്ത്രീകള്‍ മരിച്ചു. ഗോണ്ടുദിഹ് കല്‍ക്കരി ഖനിമേഖലയിലെ ധോബി കുല്‍ഹി പ്രദേശത്ത് താമസിച്ചിരുന്ന പര്‍ലാ ദേവി, തന്ദി ദേവി, മാണ്ഡവ ദേവി എന്നിവരാണ് മരിച്ചത്. വീട്ടില്‍ ശൗചാലയമില്ലാത്തതിനാല്‍ പ്രാഥമികാവശ്യത്തിനായി പുറത്തുപോയപ്പോഴാണ് ഇവർ ദുരന്തത്തിനിരയായത്.

കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡ് (ബിസിസിഎല്‍) ആണ് ഗോണ്ടുദിഹ് ഖാസ് കുസുന്ദ കല്‍ക്കരി ഖനി നടത്തുന്നത്. സുരക്ഷിതമല്ലാത്ത ഈ ഖനിയിൽ അഗ്നിബാധയുമുണ്ട്.

ഖനിയ്ക്കുസമീപം ഉഗ്രശബ്ദത്തോടെ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. ഇരയായ സ്ത്രീകളില്‍ ഒരാളാണ് ആദ്യം മണ്ണിനടിയില്‍ കുടുങ്ങിയത്. ഇവരെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടുപേർ മണ്ണിനടിയില്‍ അകപ്പെട്ടത്. സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ഇവിടുത്തെ താമസക്കാർ വീട്ടില്‍ ശൗചാലയമില്ലാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി പുറത്താണ് പോയിരുന്നത്.

പോലീസിനെയും ബിസിസിഎല്ലിന്റെ മൈന്‍ രക്ഷാസംഘത്തേയും ഉടന്‍ തന്നെ വിവരമറിയിച്ചെങ്കിലും ഇവര്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് എത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍, അപകടം ബിസിസിഎല്ലിന്റെ അശ്രദ്ധയാണെന്നും താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് ആളുകളെ ശരിയായി പുനരധിവസിപ്പിക്കാത്തതാണ് കാരണമെന്നും ആരോപിച്ചു.

മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. സ്ഥലത്ത് നിരവധി പോലീസും സിഐഎസ്എഫും എത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങള്‍ കണ്ടെടുത്ത ശേഷം കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ധന്‍ബാദ് സര്‍ക്കിള്‍ ഓഫീസര്‍ പ്രശാന്ത് കുമാര്‍ ലായക് പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും