രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ പരീശീലനത്തിനിടെ സൈന്യത്തിന്റെ മൂന്ന് മിസൈലുകൾ ലക്ഷ്യതെറ്റി ജനവാസ മേഖലയിൽ പതിച്ചു. സമീപത്തെ വിവിധ ഗ്രാമപ്രദേശങ്ങളിലായാണ് ഇവ പതിച്ചത്. എന്നാൽ ആളപായങ്ങളോ മറ്റ് അപകടങ്ങളോ സംഭവിച്ചിട്ടില്ല. പൊഖ്റാന്‍ ഫീല്‍ഡ് ഫയറിങ്ങ് റേഞ്ചിലാണ് പരശീലനം നടന്നത്. സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമെന്നാണ് വിശദീകരണം.
മൂന്ന് മിസൈലുകള്‍ സൈനിക പരിശീലനത്തിനിടെ സാങ്കേതിക തകരാറ് മൂലം ലക്ഷ്യം തെറ്റി പതിച്ചതാണെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ അമിതാഭ് ശര്‍മ വ്യക്തമാക്കി. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മിസൈലുകളില്‍ രണ്ട് എണ്ണം കണ്ടെത്തിയെന്നും മൂന്നാമത്തേതിനായി സൈന്യം തെരച്ചില്‍ നടത്തുകയാണെന്നും അമിതാഭ് ശര്‍മ പറഞ്ഞു.
10 മുതല്‍ 25 കിലോമീറ്റര്‍ വരെ ദൂര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മിസൈലുകള്‍ സൈനികര്‍ പരിശീനത്തിനായി തൊടുത്തപ്പൊള്‍ അതിന്റെ സഞ്ചാരപഥത്തിൽ മാറ്റം വരികയായിരുന്നുവെന്ന് നചന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കൈലാഷ് വൈഷ്ണോയി സ്ഥിരീകരിച്ചു. മിസൈലുകളില്‍ ഒന്ന് അജാസര്‍ ഗ്രാമത്തിലെ ഒരു വയലില്‍ നിന്ന് കണ്ടെത്തി. രണ്ടാമത്തേത് മറ്റൊരു വയലില്‍ നിന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. വയലില്‍ മിസൈല്‍ പതിച്ച സ്ഥലങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടെന്നും കൈലാഷ് വൈഷ്ണോയി കൂട്ടിച്ചേര്‍ത്തു.