എൻസിഇആർടിയുടെ പാഠപുസ്തക പരിഷ്കരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കൂടുതൽ അക്കാദമിക് വിദഗ്ധർ രംഗത്ത്. പാഠപുസ്തക വികസന സമിതിയുടെ ഭാഗമായിരുന്ന 33 അക്കാദമിക് വിദഗ്ധർ അവരുടെ പേരുകൾ പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൗൺസിലിന് കത്തയച്ചു. പാഠപുസ്തകങ്ങളിലെ യുക്തിരഹിതമായ വെട്ടിനിരത്തലുകൾ തങ്ങളുടെ സൃഷ്ടിപരമായ കൂട്ടായ പരിശ്രമത്തെ അപകടത്തിലാക്കിയെന്ന് എൻസിഇആർടി ഡയറക്ടർക്ക് അയച്ച കത്തിൽ പറയുന്നു. എൻസിഇആർടിയുടെ മുൻ ഉപദേഷ്ടാക്കളായ യോഗേന്ദ്ര യാദവും സുഹാസ് പാൽഷിക്കറും പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്.
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ 2005-ലെ പതിപ്പിനെ അടിസ്ഥാനമാക്കി 2006-07-ൽ തയ്യാറാക്കിയ പുസ്തകങ്ങൾക്കായുള്ള പാഠപുസ്തക വികസന സമിതിയിലെ അംഗങ്ങളായിരുന്നു ഈ 33 അക്കാദമിക് വിദഗ്ധരും. എൻസിഇആർടി ഡയറക്ടർ ഡിപി സക്ലാനിക്ക് അയച്ച കത്തിൽ, രാജ്യത്തുടനീളമുള്ള വിദഗ്ദർ സഹകരിച്ച് തയ്യാറാക്കിയ പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനുള്ള എൻസിഇആർടിയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ അക്കാദമിക് വിദഗ്ധർ ആശങ്ക രേഖപ്പെടുത്തി.
യഥാർത്ഥ പാഠപുസ്തകത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയതിനാൽ പാഠപുസ്തക രൂപീകരണത്തിന്റെ ഭാഗമായെന്ന് അവകാശപ്പെടുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പേരുകൾ നീക്കം ചെയ്യാൻ വിദഗ്ദർ ആവശ്യപ്പെട്ടിരിക്കുന്നത്. പാഠപുസ്ക കമ്മിറ്റിയിലുണ്ടായിരുന്നവരുടെ വിപുലമായ ആലോചനകളുടെയും സഹകരണത്തിന്റെയും ഫലമാണ് പാഠപുസ്തകങ്ങളെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യസമരം, ഭരണഘടനാ ചട്ടക്കൂട്, ജനാധിപത്യത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വശങ്ങൾ, ആഗോള സംഭവവികാസങ്ങളും രാഷ്ട്രീയ ശാസ്ത്രത്തിന്റെ സൈദ്ധാന്തിക തത്വങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് നൽകാൻ ഉദ്ദേശിച്ചുള്ളതാണെന്നും 33 അക്കാദമിക് വിദഗ്ധർ അവരുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെമ്പാടുമുള്ള കോളേജുകൾ, സർവകലാശാലകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ദർ വിശദമായ ചർച്ചകൾ നടത്തിയാണ് പാഠപുസ്തകം തയ്യാറാക്കിയത്. ധാരാളം സമയം മാറ്റിവച്ചാണ് ഇതിനായി പ്രവർത്തിച്ചത്. മുഖ്യ ഉപദേഷ്ടാക്കളുടെ മാർഗനിർദേശപ്രകാരം നിർമിച്ച പാഠപുസ്തകങ്ങൾ അത് ആവശ്യമായത്ര പകർപ്പുകളിലും പതിപ്പുകളിലും പ്രസിദ്ധീകരിക്കാൻ എൻസിആർടിക്ക് അവകാശമുണ്ടെങ്കിലും ചെറുതോ വലുതോ ആയ കാര്യമായ മാറ്റങ്ങൾ വരുത്താൻ സ്വാതന്ത്ര്യമില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ഇത്തരത്തിലൊരു നീക്കം നടത്തുമ്പോൾ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് മുഖ്യ ഉപദേഷ്ടാക്കളുമായി കൂടിയാലോചിക്കുകയും അവരുടെ അംഗീകാരം തേടേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു.
പാഠപുസ്തകങ്ങളിലെ സ്വേച്ഛപരവും യുക്തിരഹിതവുമായ വെട്ടിനിരത്തലുകളിൽ പ്രതിഷേധിച്ച്, പാഠപുസ്തകങ്ങളിൽനിന്ന് മുഖ്യ ഉപദേഷ്ടാക്കൾ എന്ന നിലയിലുള്ള തങ്ങളുടെ പേരുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യോഗേന്ദ്ര യാദവും സുഹാസ് പാൽഷിക്കറും ഒരാഴ്ച് മുൻപാണ് എൻസിഇആർടിക്ക് കത്തെഴുതിയത്. എന്നാൽ ഇവരുടെ ആവശ്യം എൻസിആർടി തളളിയിരുന്നു. ഒരു യുക്തിയുമില്ലാത്ത വെട്ടും തിരുത്തുമാണ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ വരുത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പേര് നീക്കണമെന്ന ആവശ്യം ഉന്നയിച്ചത്.