ഡല്‍ഹിയില്‍ നാളെ നടക്കുന്ന വിശാല എന്‍ഡിഎ യോഗത്തില്‍ 38 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് ബിജെപി. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ പാർട്ടികൾ ബെംഗളൂരുവിൽ യോഗം ചേരുന്നതിന്റെ പശ്ചാത്തലത്തിലാണ് എന്‍ഡിഎ യോഗം. 38 കക്ഷികളെ അണിനിരത്തിയുള്ള ശക്തി പ്രകടനത്തിലൂടെ പ്രതിപക്ഷ യോഗത്തിന് മറുപടി നൽകാനാണ് ബിജെപിയുടെ ശ്രമം. അതിനിടെ, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ എൻഡിഎയിൽ ചേരാൻ തീരുമാനിച്ചുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പറഞ്ഞു.
എൻഡിഎ യോഗത്തില്‍ 30 കക്ഷികള്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. എന്നാൽ നിലവിലെ സഖ്യകക്ഷികള്‍ക്ക് പുറമെ പുതിയ ഏതാനും കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ 4 വർഷത്തെ എൻഡിഎയുടെ വളർച്ച നിർണായകമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അവകാശപ്പെട്ടു. വികസന അജണ്ട ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും നദ്ദ പറഞ്ഞു. ''മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ക്കും നയങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിലവിലുള്ള ബിജെപി സഖ്യകക്ഷികളുടെ സാന്നിധ്യം നാളെ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ ഉണ്ടാകും. മുന്നണി വിട്ടുപുറത്ത് പോയവരെ തിരിച്ചുകൊണ്ട് വരാനായി മാസങ്ങളായി ബിജെപി ശ്രമിച്ചിരുന്നു. അവരുടെ സാന്നിധ്യവും നാളത്തെ യോഗത്തില്‍ കാണാം''- പാര്‍ട്ടി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ചിരാഗ് പസ്വാൻ എൻഡിഎയിൽ ചേരുമെന്ന് ബിജെപി പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ തലവന്‍ ഒപി രാജ്ഭര്‍ എന്‍ഡിഎയില്‍ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. 2019-ല്‍ എന്‍ഡിഎ വിട്ട പാര്‍ട്ടിക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒബിസി വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. ബിജെപിയുടെ എക്കാലത്തെയും ശക്തരായ വിമര്‍ശകരില്‍ ഒരാളായിരുന്നു രാജ്കര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും പുതുതായി ചുമതലയേറ്റ ഡെപ്യൂട്ടി അജിത് പവാറും യോഗത്തിൽ പങ്കെടുക്കും.
അതേസമയം പ്രതിപക്ഷ സഖ്യത്തെ രൂക്ഷമായി വിമർശിച്ച നദ്ദ, യുപിഎ സഖ്യം അഴിമതിയുടെയും കുംഭകോണങ്ങളുടെയും കൂട്ടമായിരുന്നുവെന്ന് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഫോട്ടോ എടുക്കാനുള്ള അവസരം മാത്രമാണെന്നും നദ്ദ പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജെ പി നദ്ദയുടെയും അധ്യക്ഷതയിൽ ഡല്‍ഹിയിലെ അശോക് ഹോട്ടലിലാണ് എൻഡിഎ യോഗം ചേരുന്നത്.