INDIA

മിന്നല്‍ പ്രളയത്തില്‍ വിറങ്ങലിച്ച് സിക്കിം; മരണം 40 കവിഞ്ഞു

വെബ് ഡെസ്ക്

സിക്കിമില്‍ മേഘവിസ്‌ഫോടനം മൂലമുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞു. ഏഴു സൈനികരും ഇതില്‍ ഉള്‍പ്പെടും. മൂവായിരത്തിലധികം പേര്‍ ലാച്ചനിലും ലാച്ചങ്ങിലും കുടുങ്ങിക്കിടക്കുകയാണ്. മോട്ടോര്‍സൈക്കിളില്‍ സംഭവസ്ഥലത്തേക്ക് പോയ 3150 പേരും വെള്ളപ്പൊക്കം കാരണം കുടുങ്ങിക്കിടക്കുകയാണെന്നും അവരെ സൈനികരുടെ ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷിക്കുമെന്നും സിക്കിം ചീഫ് സെക്രട്ടറി വിജയ് ഭൂഷണ്‍ പഥക് അറിയിച്ചു

അതേസമയം മറ്റൊരു ഹിമതടാകം തകരാന്‍ സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരികൾക്ക് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ചുങ്താങ് അണക്കെട്ട് തകരാന്‍ കാരണം കഴിഞ്ഞ സര്‍ക്കാര്‍ അണക്കെട്ടിൻറെ നിര്‍മാണത്തില്‍ കാണിച്ച പോരായ്മയാണെന്ന് മുഖ്യമന്ത്രി പ്രേം സിങ്ങ് തമാങ് ആരോപിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

'അണക്കെട്ട് പൂര്‍ണമായും തകര്‍ന്നു, ഒലിച്ചുപോയി. ഇതുകാരണമാണ് ലോവര്‍ ബെല്‍ട്ടില്‍ ദുരന്തം സംഭവിച്ചത്. മേഘവിസ്‌ഫോടനവും ഉണ്ടായി. ലൊനാക് തടാകവും തകർന്നു. മുന്‍ സര്‍ക്കാരിന്റെ നിലവാരമില്ലാത്ത നിര്‍മാണമാണ് ഇതിന് കാരണം''-അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 3-4 തിയ്യതികളിലെ മിന്നല്‍ പ്രളയം മൂലം ടീസ്ത-വി ജലവൈദ്യുത നിലയത്തിന് താഴെയുള്ള തര്‍ഖോലയിലെയും പാംഫോക്കിലെയും എല്ലാ പാലങ്ങളും തകര്‍ന്നു. ഇതുവരെ 11 പാലങ്ങളാണ് പ്രളയത്തില്‍ തകര്‍ന്നത്. എട്ടെണ്ണം മാന്‍ഗാന്‍ ജില്ലയിലും, രണ്ടെണ്ണം നാംച്ചിയിലും ഒന്ന് ഗാങ്‌ടോകിലുമാണ്. നാല് ജില്ലകളിലെ 277 വീടുകളടക്കം ജല പൈപ്പ് ലൈനുകളും സീവേജ് ലൈനുകളും പ്രളയത്തില്‍ നശിച്ചു. വടക്കന്‍ സിക്കിമില്‍ പ്രദേശവാസികളെ ഒഴിപ്പിക്കാനുള്ള ദൗത്യത്തിലാണ് എന്‍ഡിആര്‍എഫ് പ്ലാറ്റൂണുകള്‍.

ആഗോള താപനില ഉയരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഹിമാലയത്തിലുടനീളം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നല്‍കുന്നുണ്ട്. അതേസമയം പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കേന്ദ്ര വിഹിതത്തില്‍ നിന്നും 44.8 കോടി രൂപ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുവദിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?