INDIA

ദാരിദ്ര്യത്തില്‍നിന്ന് കരകയറി ഇന്ത്യയിലെ 41.5 കോടി പേർ; അഭിനന്ദനവുമായി ഐക്യരാഷ്ട്രസഭ

വെബ് ഡെസ്ക്

ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ. 2005 മുതല്‍ 2006 വരെയുള്ള പതിനഞ്ച് വര്‍ഷത്തില്‍ ഇന്ത്യയില്‍ 41.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് കരകയറിയെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

യുഎന്‍ സൂചികയനുസരിച്ച് ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറയുകയാണെന്നാണ് കണക്കുകള്‍. യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാമും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഓക്സ്ഫോര്‍ഡ് പ്രോവർട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും ചേര്‍ന്ന് പുറത്തിറക്കിയ 110 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള ദാരിദ്ര്യ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒരു ദിവസം 1.90 ഡോളറില്‍ താഴെ വരുമാനമുള്ളവരെ ദരിദ്രരായാണ് സൂചികയില്‍ കണക്കാക്കുന്നത്. ഇന്ത്യയെ കൂടാതെ 2010-2014 കാലയളവില്‍ ചൈനയിലെ 6.9 കോടിയും 2012-2017 കാലയളവില്‍ ഇന്തോനേഷ്യയിലെ 80 ലക്ഷം ജനങ്ങളും ദാരിദ്ര്യത്തില്‍നിന്ന് കരകയറി. അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിലും പാകിസ്ഥാനിലും യഥാക്രമം 1.9 കോടിയും 70 ലക്ഷം പേരും ദാരിദ്ര്യത്തില്‍നിന്ന് കരകയറിയതായി യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദാരിദ്ര്യനിര്‍മാര്‍ജനം രാജ്യത്ത് സാധ്യമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2000 മുതല്‍ 2022 വരെയുള്ള 81 രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള സൂചികയനുസരിച്ച് 25 രാജ്യങ്ങള്‍ തങ്ങളുടെ ആഗോള എംപിഐ (മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ്) മൂല്യങ്ങള്‍ 15 വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറച്ചു. നാല് മുതല്‍ 12 വര്‍ഷത്തിനുള്ളില്‍ പല രാജ്യങ്ങളും എംപിഐ പകുതിയായി കുറച്ചിട്ടുണ്ട്.

ഇന്ത്യ, കംബോഡിയ, ചൈന, കോംഗോ, ഹോണ്ടുറാസ്, ഇന്തോനേഷ്യ, മൊറോക്കോ, സെര്‍ബിയ, വിയറ്റ്‌നാം എന്നിവയാണ് അതിവേഗത്തിലുള്ള പുരോഗതി കൈവരിച്ചിരിക്കുന്നത്. കംബോഡിയ, പെറു, നൈജീരിയ എന്നിവിടങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് അടുത്തിടെ ഗണ്യമായി കുറഞ്ഞിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് കംബോഡിയയില്‍ ദരിദ്രരുടെ എണ്ണം 36.7 ശതമാനത്തില്‍നിന്ന് 16.6 ശതമാനമായി കുറഞ്ഞു.

''ഏറ്റവും പ്രതികൂലമായി ബാധിച്ച രാജ്യങ്ങള്‍ കണക്കുകള്‍ പരിശോധിച്ച് അതില്‍ നിന്നും കരകയറേണ്ടത് അത്യന്താപേക്ഷിതമാണ്, ദാരിദ്ര്യനിര്‍മാര്‍ജനം വീണ്ടും പുനസ്ഥാപിക്കാനുള്ള ശക്തമായ ഡേറ്റ ശേഖരണവും നയപരമായ ശ്രമങ്ങളും ആവശ്യമാണ്,'' യുഎന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് അനുസരിച്ച് ആഗോളതലത്തില്‍ 110 രാജ്യങ്ങളിലെ 610 കോടി ജനങ്ങളില്‍ 110 കോടി (18 ശതമാനത്തിലധികം) പേർ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. സബ്-സഹാറന്‍ ആഫ്രിക്ക (53.4 കോടി), ദക്ഷിണേഷ്യ (38.9 കോടി) എന്നിവിടങ്ങളില്‍ ഓരോ ആറ് പേരിലും അഞ്ച് പേര്‍ ദരിദ്രരാണ്. ദാരിദ്ര്യത്തില്‍ കഴിയുന്നവരില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളാണ് പകുതിയും (56.6 കോടി). കുട്ടികളിലെ ദാരിദ്ര്യനിരക്ക് 27.7 ശതമാനമാണ്, മുതിര്‍ന്നവരില്‍ ഇത് 13.4 ശതമാനമാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?