ഗുണ്ടാത്തലവനും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഷാഗഞ്ച് പോലീസ് സ്‌റ്റേഷൻ ഇൻചാർജ് അശ്വനി കുമാർ സിങ് ഉൾപ്പെടെയുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. ഒരു സബ് ഇൻസ്പെക്ടറും മൂന്ന് കോൺസ്റ്റബിൾമാർ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റുള്ളവർ. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരായിരുന്നു ഇവർ.
കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച ഷാഗഞ്ച് പോലീസ് സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും മൂന്നംഗ സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. അതിഖിന്റെ സുരക്ഷയ്ക്ക് വിന്യസിച്ചിരുന്ന 17 പോലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തു.
അതേസമയം, സംഭവത്തിൽ അറസ്റ്റിലായ ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെ ഏപ്രിൽ 23 വരെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൂടാതെ ആതിഖിന്റെ ഭാര്യ ഷൈസ്ത പർവീനെയും ഉമേഷ് പാൽ വധക്കേസിലെ മറ്റ് പ്രതികളായ ഗുഡ്ഡു മുസ്ലീമിനെയും പിടികൂടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നിരുന്നു. അതിഖ് കൊല്ലപ്പെട്ടതിന് പിന്നാലെ ഉമേൽ പാൽ വധക്കേസിൽ ഒളിവിൽക്കഴിയുന്ന ഇവർക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയിരുന്നു. 10 പ്രതികളുള്ള കേസിൽ നിലവിൽ നാല് പേർ ഒളിവിലാണ്. ആറ് പേർ നേരത്തെ കൊല്ലപ്പെട്ടിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ പ്രത്യേക അന്വേഷണ സംഘം ക്രൈം സീൻ പുനഃസൃഷ്ടിച്ചിരുന്നു. കൊല നടന്ന ദിവസങ്ങളിൽ അതിഖിനും സഹോദരനും ഒപ്പമുണ്ടായിരുന്ന പോലീസുകാരുടെ എണ്ണവും മറ്റ് കാര്യങ്ങളും പരിശോധിച്ച് വരികയാണ്.