INDIA

രക്തച്ചൊരിച്ചിൽ അവസാനിക്കാതെ മണിപ്പൂർ; അഞ്ചു പേർ കൂടി കൊല്ലപ്പെട്ടു, മ്യാൻമാർ തീവ്രവാദികളുടെ പങ്ക് സംശയിച്ച് സേന

രണ്ടുദിവസത്തിനിടെ വടക്കുകിഴക്കൻ സംസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

വെബ് ഡെസ്ക്

രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകത്തിന് പിന്നാലെ മണിപ്പൂരിലെ വ്യത്യസ്ത ഇടങ്ങളിലായി വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മെയ്തി വിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇംഫാൽ വെസ്റ്റിന്റെയും കാങ്‌പോക്പി ജില്ലയുടെയും അതിർത്തിയിലുള്ള കാങ്‌ചുപ്, ബിഷ്ണുപുർ എന്നീ പ്രദേശങ്ങളിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഇതോടെ രണ്ടുദിവസത്തിനിടെ വടക്കുകിഴക്കൻ സംസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.

അതേസമയം, പോലീസുകാരുടെ മരണത്തിലേക്ക് നയിച്ച ബുധനാഴ്ചത്തെ ആക്രമണത്തിന് പിന്നിൽ മ്യാന്മറിൽ നിന്നുള്ള തീവ്രസംഘങ്ങളുടെ ഇടപെടൽ ഉണ്ടായതായി സംശയിക്കുന്നുവെന്ന് സംസ്ഥാന-കേന്ദ്ര സേനകളുടെ ഏകീകൃത കമാൻഡിന്റെ ചെയർമാനായ കുൽദീപ് സിങ് വ്യാഴാഴ്ച പറഞ്ഞു. മോറെ പട്ടണത്തിൽ നടന്ന ആക്രമണത്തിലായിരുന്നു രണ്ട് പോലീസ് കമാൻഡോകൾ കൊല്ലപ്പെട്ടത്. മ്യാന്മറുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തേക്ക് മ്യാന്മാറിൽനിന്നുള്ള വിമത ഗ്രൂപ്പുകൾ കടക്കാനും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പദ്ധതിയിടുന്നതായും ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നതായി കുൽദീപ് സിങ് പറഞ്ഞു. എന്നാൽ വിദേശ സംഘങ്ങളുടെ ഇടപെടൽ സംബന്ധിച്ച് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

മണിപ്പൂരിൽ സ്ഥിതിഗതികൾ അസ്ഥിരമായി തുടരുകയാണ്. മലയടിവാരത്തിന് സമീപമുള്ള രണ്ട് താഴ്‌വര പ്രദേശങ്ങളിൽ വിമതർ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഒരച്ഛനും മകനും ഉൾപ്പെടുന്നുണ്ട്. നാലുപേർ പേർ ബിഷ്ണുപൂരിലും ഒരാൾ കാങ്ചുപ്പിലുമാണ് വെടിയേറ്റ് മരിച്ചത്. ആക്രമണത്തിനിരയായ നാലുപേരും കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഇംഫാൽ താഴ്‌വരയുടെ പലയിടത്തും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. കൊലപാതകത്തെത്തുടർന്ന്, സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചും ഇന്റർ-ഏജൻസി ഏകീകൃത കമാൻഡിന്റെ ചെയർമാനെ മാറ്റണമെന്നും ആവശ്യപ്പെട്ടും സ്ത്രീകൾ വ്യാഴാഴ്ച ഇംഫാലിൽ റാലി നടത്തി.

2023 മേയ് മുതൽ, മണിപ്പൂരിൽ സംഘർഷഭരിതമായ അന്തരീക്ഷമാണ്. മെയ്തി- കുകി വിഭാഗങ്ങൾക്ക് ഇടയിലുള്ള വംശീയ ആക്രമണത്തിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 207 പേരാണ് കൊല്ലപ്പെട്ടത്. അൻപതിനായിരത്തിലധികം ആളുകളാണ് ആക്രമണങ്ങൾക്കിടയിൽ പെട്ട് പലായനം ചെയ്തത്.

കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ രണ്ടിടത്താണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണങ്ങൾ നടന്നത്. ഏറ്റവുമൊടുവിൽ തൗബാൽ ജില്ലയിലെ പോലീസ് ആസ്ഥാനത്തിന് നേരെ ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ മൂന്ന് അതിർത്തിരക്ഷാ സേന ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. പോലീസ് ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്ന സായുധരായ അക്രമകാരികൾ സ്റ്റേഷനുനേരെ വെടിവയ്ക്കുകയായിരുന്നു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ