INDIA

രാജ്യത്തെ തൊഴില്‍രഹിതരില്‍ 83 ശതമാനവും യുവാക്കൾ; റിപ്പോര്‍ട്ടുമായി ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ യുവാക്കളില്‍ 65.7 ശതമാനം പേര്‍ക്കും തൊഴിലില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2000-ല്‍ ഇത് 35.2 ശതമാനമായിരുന്നു

വെബ് ഡെസ്ക്

രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തൊഴിലില്ലായ്മയില്‍ 83 ശതമാനം പേരും യുവാക്കളാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ യുവാക്കളില്‍ 65.7 ശതമാനം പേര്‍ക്കും തൊഴിലില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2000-ല്‍ ഇത് 35.2 ശതമാനമായിരുന്നു.

2009 നും 2019 നും ഇടയില്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ധിക്കുകയും കോവിഡ് പകര്‍ന്നുപിടിച്ച വര്‍ഷങ്ങളില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞെന്നും കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ലര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍ പ്രധാനമായും നിര്‍മ്മാണ മേഖലയിലേക്കാണ് മാറിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏകദേശം 90 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്.

നിത്യജീവിതത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹിക സുരക്ഷ അനുഭവിക്കുന്നത് ചെറിയ വിഭാഗം പേര്‍ മാത്രമാണ്. കാര്‍ഷികേതര വിഭാഗത്തില്‍ ജോലി ചെയ്യുന്നവരും സംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുമാണ് പ്രധാനമായും തൊഴില്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ കരാര്‍ വത്കരണത്തിന്റെ തോത് ഗണ്യമായി വര്‍ധിച്ചു. ചെറിയ ശതമാനം തൊഴിലാളികള്‍ മാത്രമാണ് ദീര്‍ഘകാല കരാര്‍ ജോലികളില്‍ ഏര്‍പ്പെടുന്നത്.

ഗുണനിലവാരമുള്ള തൊഴിലവസരങ്ങളുടെ അഭാവമാണ് ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾക്കിടയിലും തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസയോഗ്യത ഉണ്ടായിട്ടും തൊഴിൽരഹിതരായി നിൽക്കുന്ന യുവാക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഘപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ട് അനുസരിച്ച്, 2000ൽ 54.2 ശതമാനം ആയിരുന്ന കണക്ക് 2022 ആയപ്പോഴേക്കും 65.7 ശതമാനം ആയി വർദ്ധിച്ചു. ഇതിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് എണ്ണത്തിൽ കൂടുതൽ, 62.2 ശതമാനം പുരുഷന്മാരും 76.7 ശതമാനം സ്ത്രീകളുമാണ് വിഭ്യാഭ്യാസം ഉണ്ടായിട്ടുകൂടി തൊഴിൽരഹിതരായി തുടരുന്നത്.

വർധിച്ചു വരുന്ന സാമൂഹിക അസമത്വങ്ങൾക്ക് ആക്കം കൂട്ടുകയാണ് റിപ്പോർട്ടിലെ മറ്റ് കണക്കുകൾ, സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം ചെറുക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കുന്നതിലും നേടുന്നതിലും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ ഇപ്പോഴും പിന്നിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ഥിരം ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ള വേതനം 2019ന് ശേഷം വര്‍ധിച്ചില്ല. അവിദഗ്ധ തൊഴിലാളികള്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന് 2022ല്‍ മിനിമം വേതനം പോലും ലഭിച്ചില്ല. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മോശം തൊഴിലവസരങ്ങൾ പ്രകടമായി കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അടുത്ത പത്ത് വർഷത്തിനുള്ളിൽ തൊഴിലില്ലായ്മ പരിഹരിച്ച് 70 മുതൽ 80 ലക്ഷം യുവാക്കളെ മികച്ച തൊഴിലുകളിലേക്ക് എത്തിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതിനായി തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, തൊഴിൽ മേഖലകളിൽ നിലനിൽക്കുന്ന അസമത്വം പരിഹരിക്കുക, സജീവ തൊഴിൽ മേഖലകളിലെ നയങ്ങൾ ശക്തിപ്പെടുത്തുക, ഇവയെക്കുറിച്ചുള്ള വിജ്ഞാനം വർധിപ്പിക്കുക തുടങ്ങി അഞ്ച് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.

തൊഴിലില്ലായ്മയും ഗുണനിലവാരവും സംബന്ധിച്ച റിപ്പോർട് പുറത്തുവന്നതോടെ നിരവധി പ്രതിപക്ഷ നേതാക്കളും കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്ത് നിലവിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും എന്നാൽ തൊഴിലില്ലായ്മ പോലെയുള്ള എല്ലാ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കാൻ കേന്ദ്ര സർക്കാർ മുതിരുന്നില്ലെന്നുമാണ് ഉയരുന്ന ആരോപണം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം