INDIA

NCERT പാഠപുസ്തകങ്ങൾ പുനഃപരിശോധിക്കാൻ പാനൽ; ആർഎസ്എസ് ബന്ധമുളള സംസ്‌കൃത ഭാരതിയുടെ സ്ഥാപക അംഗം ഉൾപ്പടെ 19 അംഗങ്ങൾ

മെയ് മാസത്തിൽ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് നിരവധി വിഷയങ്ങളും പാഠഭാ​ഗങ്ങളും ഒഴിവാക്കിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു

വെബ് ഡെസ്ക്

എൻസിഇആർടി പാഠപുസ്തകങ്ങൾ പുനഃപരിശോധിക്കാൻ 19 അംഗ പാനൽ രൂപീകരിക്കുന്നു. ഗണിതശാസ്ത്രജ്ഞനും ഫീൽഡ് മെഡൽ ജേതാവുമായി മഞ്ജുൾ ഭാർഗവ, ആർഎസ്എസുമായി ബന്ധമുളള സംസ്‌കൃത ഭാരതിയുടെ സ്ഥാപക അംഗം ചാമു കൃഷ്ണ ശാസ്ത്രി, പ്രശസ്ത ബാലസാഹിത്യകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ സുധാ മൂർത്തി, ഗായകൻ ശങ്കർ മഹാദേവൻ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം) ചെയർമാൻ ബിബേക് ദെബ്രോയ് എന്നിവർ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എൻസിഇആർടി) പുതുതായി രൂപീകരിച്ച 19 അംഗ സമിതിയിൽ ഉൾപ്പെടുന്നു. മെയ് മാസത്തിൽ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് നിരവധി വിഷയങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചതിന് പിന്നാലെയാണ് പുനഃപരിശോധനയ്ക്കായി പാനൽ രൂപീകരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) പ്രകാരം ഗ്രേഡ് 3 മുതൽ 12 വരെയുളള പുതിയ പാഠപുസ്തകങ്ങൾ രൂപീകരിക്കുന്നതിലാണ് പുതിയ പാനൽ രൂപീകരിച്ചിരിക്കുന്നത്. വിദഗ്ധരുടെ സഹായം ഉപയോഗിച്ച് ഈ ജോലി പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഉന്നതാധികാര സമിതിയുടെ പേര് ദേശീയ സിലബസ് ആൻഡ് ടീച്ചിംഗ് ലേണിംഗ് മെറ്റീരിയൽ കമ്മിറ്റി (എൻഎസ്ടിസി) എന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നത്.

2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടർച്ചയായി, ദേശീയ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഭരണഘടനയോടെ സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (എൻസിഎഫ്-എസ്ഇ 2023) പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും കുറിപ്പിൽ പറയുന്നു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരണം പുരോഗമിക്കുന്നുണ്ട്. ഇത് രാജ്യത്തുടനീളം സ്കൂൾ വിദ്യാഭ്യാസ സിലബസ് നിർമ്മാണത്തിനും പാഠപുസ്തക രൂപീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ​ഗ്ദർക്കും റഫറൻസായും മാർഗനിർദ്ദേശമായും പ്രവർത്തിക്കും.

ഈ പശ്ചാത്തലത്തിൽ, 3 മുതൽ 12 വരെയുളള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ സിലബസ്, പാഠപുസ്തകങ്ങൾ, പഠനോപകരണങ്ങൾ എന്നിവ വികസിപ്പിക്കാൻ എൻഎസ്ടിഎസിന് നിർദേശം നൽകുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. ഇതോടൊപ്പം, 2 മുതൽ 3 വരെ സുഗമമായ മാറ്റം ഉറപ്പാക്കുമെന്നും 1, 2 ക്ലാസുകളിലെ നിലവിലുള്ള പാഠപുസ്തകങ്ങൾ ഉചിതമായി പരിഷ്കരിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പ് വ്യക്തമാക്കുന്നു.

പുതുതായി രൂപീകരിച്ച പാനലിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്‌ട്രേഷന്റെ (എൻഐഇപിഎ) ചാൻസലർ എം സി പന്ത് എൻഎസ്‌ടിസിയുടെ ചെയർപേഴ്‌സണും പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മഞ്ജുൾ ഭാർഗവ കോ-ചെയർപേഴ്‌സണുമാണ്.

കൂടാതെ, ഫ്രഞ്ച് എഴുത്തുകാരനും ഐഐടി ഗാന്ധിനഗർ പ്രൊഫസറുമായ മൈക്കൽ ഡാനിനോയി, മുൻ ദേശീയ ബാഡ്മിന്റൺ പരിശീലകൻ യു വിമൽ കുമാർ, ഭാരതീയ ഭാഷാ സമിതി ചെയർപേഴ്‌സൺ ഡോ. സഞ്ജീവ് സന്യാൽ, സെന്റർ ഫോർ പോളിസി സ്റ്റഡീസ് ചെയർപേഴ്‌സൺ ഡോ. ശേഖർ മണ്ടേ, മുൻ ഡിജി, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് എന്നിവരാണ് ശ്രദ്ധേയരായ മറ്റ് അംഗങ്ങൾ. കമ്മിറ്റിയുടെ ഭാഗമായ മറ്റൊരു പ്രൊഫസർ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന സുജാത രാമദോറൈയാണ്.

എൻസിഇആർടിയിൽ നിന്നുള്ള നാല് അംഗങ്ങളും പാനലിലുണ്ട്: പ്രത്യുഷ കുമാർ മണ്ഡല, ദിനേഷ് കുമാർ, കീർത്തി കപൂർ, രഞ്ജന അറോറ. സിക്കിമിലെ എസ്‌സിഇആർടി ഡയറക്ടർ റാബിൻ ചേത്രിയും ഇതിന്റെ ഭാഗമാണ്. ഭാർഗവയും ഡാനിനോയും എൻ‌സി‌എഫിന്റെ കരട് തയ്യാറാക്കിയ ദേശീയ സ്റ്റിയറിംഗ് കമ്മിറ്റിയിലും അംഗങ്ങളായിരുന്നു. ശാസ്ത്രജ്ഞൻ കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലായിരുന്നു ഈ സമിതി.

സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓരോ വിഷയത്തിനും പാഠപുസ്തകങ്ങളും മറ്റ് അധ്യാപന പഠന സാമഗ്രികളും വികസിപ്പിക്കുന്നതിന് എൻഎസ്ടിസിയെ കരിക്കുലർ ഏരിയ ​ഗ്രൂപ്പ് (സിഎജി) സഹായിക്കും. എൻ‌എസ്‌ടി‌സിയുടെ ചെയർ‌പേഴ്‌സണും കോ-ചെയർ‌പേഴ്‌സണും ഉചിതമായ വിദഗ്ധരെയും എൻ‌സി‌ഇ‌ആർ‌ടിയുടെ പിന്തുണയോടെ സിഎജികൾ രൂപീകരിക്കുകയും ചെയ്യും. ആവശ്യമുള്ളപ്പോൾ ഉപദേശം, കൂടിയാലോചന, പിന്തുണ എന്നിവയ്ക്കായി മറ്റ് വിദഗ്ധരെ ക്ഷണിക്കാൻ എൻഎസ്ടിസിയ്ക്ക് സ്വാതന്ത്ര്യമുണ്ട്. എൻ‌സി‌ഇ‌ആർ‌ടി സജ്ജീകരിച്ച ഒരു പ്രോഗ്രാം ഓഫീസ് എൻ‌എസ്‌ടി‌സിയെ സഹായിക്കും. കൂടാതെ, ഐ‌എൻ‌എസ്‌ടി‌സിയുടെ ആവശ്യങ്ങൾക്കനുസരിച്ച് ആവശ്യമായ എല്ലാ വൈദഗ്ധ്യവും പിന്തുണയും എൻ‌സി‌ഇ‌ആർ‌ടി നൽകുമെന്നും കുറിപ്പിൽ പരാമർശിക്കുന്നു.

2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സ്റ്റിയറിംഗ് കമ്മിറ്റി വികസിപ്പിച്ച സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുമായി പാഠ്യപദ്ധതി വിന്യസിക്കാൻ സമിതി പ്രവർത്തിക്കും. ഇത് സംബന്ധിച്ചുളള അന്തിമ കരട് രേഖ എൻ‌സി‌എഫ്-എസ്‌ഇ ഇതിനകം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പുറത്തിറക്കിയിട്ടില്ല.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം