INDIA

മിന്നി 'ഇന്ത്യ', നാലിടത്ത് ജയം; മൂന്നിലൊതുങ്ങി ബിജെപി

ഇന്ത്യ മുന്നണിയുടെ പൊതു സ്ഥാനാര്‍ത്ഥിയുടെ സമാജ്‌വാദി പാര്‍ട്ടിയുടെ സുധാകര്‍ സിങ് യുപിയില്‍ മുന്നിലാണ്

വെബ് ഡെസ്ക്

വിവിധ സംസ്ഥാനങ്ങളിലായി എഴിടത്തു നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ 'ഇന്ത്യ' മുന്നണിക്ക് മിന്നും ജയം. നാലിടങ്ങളില്‍ 'ഇന്ത്യ' ഐക്യം ജയിച്ചുകയറിയപ്പോള്‍ ബിജെപി മൂന്നു ജയത്തിലൊതുങ്ങി. പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' രൂപീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്.

ജാര്‍ഖണ്ഡിലെ ദുംരി മണ്ഡലത്തില്‍ എന്‍ഡിഎയെ പരാജയപ്പെടുത്തി ബേബി ദേവിയും പശ്ചിമ ബംഗാളിലെ ധുപ്ഗുരിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍മല്‍ ചന്ദ്ര റോയിയും വിജയിച്ചു. 1,00,317 വോട്ടുകള്‍ നേടി 17,153 ഭൂരിപക്ഷത്തിലാണ് ഇന്ത്യയുടെ പൊതു സ്ഥാനാര്‍ത്ഥി ബേബി ദേവി എന്‍ ഡി എയുടെ യശോദാ ദേവിയെ പരാജയപ്പെടുത്തിയത്. 83164 വോട്ടുകളാണ് യശോദാ ദേവിക്ക് നേടാനായത്. ജെ എം എമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു ദുംരി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും ജെ എം എം എംഎല്‍എയുമായിരുന്ന ജഗര്‍നാഥ് മഹ്‌തോ ഏപ്രിലില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് ജെ എം എം സ്ഥാനാര്‍ഥിയായ ബെബി ദേവി.

പശ്ചിമ ബംഗാളില്‍ 4309 ഭൂരിപക്ഷത്തോടെ 97,963 വോട്ടുകള്‍ നേടിയാണ് നിര്‍മല്‍ ചന്ദ്ര റോയ് ബി ജെ പിയുടെ തപസി റോയിയെ പരാജയപ്പെടുത്തിയത്. 93304 വോട്ടുകള്‍ മാത്രമാണ് തപസിക്ക് നേടാന്‍ സാധിച്ചത്.

അതേസമയം ഉത്തര്‍പ്രദേശിലെ ഖോസി മണ്ഡലത്തിലെ വോട്ടെണ്ണല്‍ അവസാനിച്ചിട്ടില്ല. ഇന്ത്യ മുന്നണിയുടെ പൊതു സ്ഥാനാര്‍ത്ഥി സമാജ്‌വാദി പാര്‍ട്ടിയുടെ സുധാകര്‍ സിങ് 35033 വോട്ടുകള്‍ മുന്നിലാണ്. സമാജ്‌വാദി പാര്‍ട്ടി നേതാവും എംഎല്‍എയുമായ ധാര സിങ് ചൗഹാന്‍ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഖോസിയിലെ തിരഞ്ഞെടുപ്പ് നടത്തിയത്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ റെക്കോഡ് ഭൂരിപക്ഷം മറികടന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ജയിച്ചത്. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ തോല്‍പ്പിച്ചത്. ജെയ്ക് 42,425 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 6558 വോട്ടുകള്‍ നേടി.

എന്നാല്‍ ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പുര്‍ എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിലെ ബഗേശ്വറിലും ബി.ജെ.പി വിജയിച്ചു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ബോക്‌സാനഗറില്‍ 34,146 വോട്ടുകള്‍ നേടി 30237 ഭൂരിപക്ഷത്തിനാണ് എന്‍ഡിഎ മുന്നണിയുടെ പൊതു സ്ഥാനാര്‍ത്ഥിയായ ബി.ജെ.പിയുടെ തഫജ്ജല്‍ഹൊസൈന്‍ വിജയിച്ചത്. സിപിഎമ്മിന്റെ മിസാന്‍ ഹൊസൈന് 3909 വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളു.

ധന്‍പുര്‍ മണ്ഡലത്തിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ ബിന്ദു ദേബ്‌നാഥ് 30017 വോട്ടുകള്‍ നേടി 18871 ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഎമ്മിന്റെ കൗശിക് ചന്ദ്ര 11,146 വോട്ടുകള്‍ നേടി. ബഗേശ്വരില്‍ 2405 ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ പര്‍വാദി ദാസ് വിജയിച്ചത്. പര്‍വാദി 33247 വോട്ടും കോണ്‍ഗ്രസിന്റെ ബസന്ത് കുമാര്‍ 30842 വോട്ടും നേടി.

ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസും ത്രിപ്ര മോതയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. കഴിഞ്ഞ 25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു ബോക്‌സോനഗര്‍. ഈ വര്‍ഷമാദ്യം നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച സിപിഎം എംഎല്‍എ ശംസുല്‍ ഹഖിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി