കര്‍ണാടക ഷിരൂരിലെ ഗംഗാവലി നദിയില്‍ അർജുന്റെ ട്രക്ക് കണ്ടെത്തി. കരയിൽനിന്ന് 20 മീറ്റർ മാറി 15 മീറ്റർ ആഴത്തിലാണ് ലോറിയുള്ളത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലേക്കിറങ്ങി നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. നാവിക സേനയുടെ തിരച്ചിലിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
തുടർച്ചയായി ഒൻപതാം ദിവസവും തുടർന്ന തിരച്ചിലിലാണ് ട്രാക്ക് കണ്ടെത്തിയത്. ട്രക്ക് അർജുൻ ഓടിച്ച ഭാരത് ബെൻസിന്റേത് തന്നെയാണെന്ന് കർണാടക സർക്കാർ സ്ഥിരീകരിച്ചു. പ്രദേശത്ത് കനത്ത മഴതുടരുന്ന സാഹചര്യത്തിൽ അതിവേഗം മണ്ണ് നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സോനാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച സ്ടഗലത്തുതന്നെയാണ് ഇപ്പോൾ ട്രാക്കുള്ളതായി സ്ഥിരീകരിച്ചിരിക്കുന്നത്. ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് ലോറി ഉടന്‍ പുറത്തെടുക്കുമെന്നാണ് ട്രക്ക് കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്ന ഉടനെ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചത്.
ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ ഒമ്പതാം ദിനവും തുടരുകയാണ്. ഗംഗാവാലി പുഴയുടെ തീരത്തോടു ചേര്‍ന്നുള്ള മണ്‍കൂനയ്ക്കടിയിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. ഇവിടെയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.
കനത്ത മഴയും പുഴയിലെ അടിയൊഴുക്കും തിരച്ചിലിന് പ്രതികൂലമായ സാഹചര്യത്തിൽ നാവിക സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. ബൂം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ലോറിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
മണ്ണിനടിയില്‍പ്പെട്ടെന്ന് കരുതുന്ന ലോറി കണ്ടെത്താന്‍ കൂടുതല്‍ ആധുനിക സാങ്കേതിക സഹായം ഇന്ന് എത്തിച്ചിരുന്നു. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും സാങ്കേതിക വിദ്യകളും എത്തിച്ചാണ് ഒമ്പതാം ദിനമായ ഇന്ന് തിരച്ചില്‍ പുനരാരംഭിച്ചത്. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അര്‍ജുന്റെ ലോറിക്ക് ഒപ്പം അപകടത്തില്‍പ്പെട്ട ശരവണന്‍, അപകട സ്ഥലത്ത് ഉണ്ടായിരുന്ന കടയുടമ ലക്ഷ്മണ്‍ നായിക് എന്നയാളുടെ ബന്ധു ജഗനാഥിനെയും ഇനി കണ്ടെത്താനുണ്ട്.