INDIA

സർക്കാർ ജീവനക്കാരുടെ പെൻഷൻ ഘടന പരിഷ്കരിക്കാൻ നീക്കം; നാലംഗ സമിതിയെ നിയോഗിച്ച് കേന്ദ്രം

വെബ് ഡെസ്ക്

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഘടന പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. പെന്‍ഷന്‍ സംവിധാനം പുനപ്പരിശോധിക്കാനായി ധനസെക്രട്ടറി ടി വി സോമനാഥന്റെ അധ്യക്ഷതയില്‍ നാലംഗ സമിതിയെ നിയോഗിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ സംവിധാനത്തിലേക്ക് മടങ്ങാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നതിനിടെയാണ് തീരുമാനം. ദേശീയ പെന്‍ഷന്‍ സംവിധാനത്തിന്റെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി ആകര്‍ഷകമാക്കാനുള്ള നിര്‍ദേശങ്ങള്‍ സമിതി നല്‍കും.

ധനസെക്രട്ടറി ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി ഇന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിക്ചര്‍, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ധനസെക്രട്ടറി അധ്യക്ഷനായ ഒരു സമിതി രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് കീഴിലുള്ള പെന്‍ഷന്‍ പ്രശ്‌നം പരിഹരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുന്‍പ് പറഞ്ഞിരുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ ബിജെപി ഇതര സര്‍ക്കാരുകള്‍ പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് കേന്ദ്രത്തെ അറിയിക്കുകയും പുതിയ പെന്‍ഷന്‍ സ്‌കീമിന്റെ കീഴില്‍ നിക്ഷേപിച്ച പണം മടക്കിത്തരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

നിലവിലുള്ള പങ്കാളിത്തപെന്‍ഷന്‍ പദ്ധതി തന്നെ തുടരാനാണ് തീരുമാനം. എന്നാല്‍ പഴയ പദ്ധതിക്ക് തുല്യമായി ആകര്‍ഷകമായ മാറ്റങ്ങള്‍ കൊണ്ടുവരും

നിലവിലുള്ള പങ്കാളിത്തപെന്‍ഷന്‍ പദ്ധതി തന്നെ തുടരാനാണ് തീരുമാനം. എന്നാല്‍ പഴയ പദ്ധതിക്ക് തുല്യമായി ആകര്‍ഷകമായ മാറ്റങ്ങള്‍ കൊണ്ടുവരും. സമിതിക്ക് സമയപരിധി ഇല്ലാത്തതുകൊണ്ടു തന്നെ ലോക്‌സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സാധ്യത. സംസ്ഥാനസര്‍ക്കാരുകളുമായി പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി അവരെക്കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോകാനാണ് സമിതിയുടെ നീക്കം. പഴയ പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവര്‍ക്ക് അവസാനം ലഭിച്ച ശമ്പളത്തിന്റെ 50% പെന്‍ഷനായി നല്‍കിയിരുന്നു. ഡിയർനസ് അലവൻസ് (ഡിഎ) വർധിക്കുന്നതിന് ആനുപാതികമായിട്ട് പെൻഷനും കൂടിയിരുന്നു. ഒ‌പി‌എസ് സാമ്പത്തികമായി സുസ്ഥിരമല്ലെന്നും, ഖജനാവിന് ഭാരം വർധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പഴയ പദ്ധതിയിലേക്ക് മടങ്ങുന്നതിന് തടസമുന്നയിക്കുന്നത്.

2004 ജനുവരി ഒന്നിനോ അതിനുശേഷമോ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ സായുധസേനാംഗങ്ങള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തങ്ങളുടെ പുതിയ ജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷനെക്കുറിച്ചുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി പറഞ്ഞതനുസരിച്ച് തമിഴ്‌നാടും പശ്ചിമബംഗാളും ഒഴികെയുള്ള 26 സംസ്ഥാന സര്‍ക്കാരുകളും ജീവനക്കാര്‍ക്കായി എന്‍പിഎസ് വിജ്ഞാപനം പുറപ്പെടുവിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും