INDIA

'അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ സെബിക്ക് വൈമുഖ്യം'; കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സത്യവാങ്മൂലം

അദാനിഗ്രൂപ്പിനെതിരായ വിവിധ രേഖകൾ സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചു

വെബ് ഡെസ്ക്

അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം. അദാനിക്കെതിരെ അന്വേഷണം നടത്തുന്നതിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർ‌‌ഡ് (സെബി)​ വൈമുഖ്യം കാണിക്കുന്നെന്നും വസ്തുതകൾ ഒളിച്ചുവയ്ക്കുന്നതും പരാതിക്കാരി അനാമിക ജയ്സ്വാൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

അദാനി ഗ്രൂപ്പ് വിലയില്‍ കാണിച്ച കൃത്രിമത്വവും നിയന്ത്രണങ്ങളുടെ ലംഘനവും മറച്ചുവയ്ക്കാനാണ് സെബിയുടെ നീക്കമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മറച്ചുവച്ച വസ്തുതകളും അദാനി കുടുംബാംഗങ്ങൾ സ്വന്തം കമ്പനികളിൽ അനധികൃതമായി ഓഹരി നേടിയെടുത്തതിന്റെ കണ്ടെത്തലുകളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചു.

2014ല്‍ ഡിആര്‍ഐ (ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സ്) അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ട് നല്‍കിയ മുന്നറിയിപ്പ് സെബി മറച്ചുവച്ചു. യുഎഇ ആസ്ഥാനമായുള്ള സ്ഥാപനത്തില്‍ നിന്ന് അദാനി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഉപകരണങ്ങളും യന്ത്രസാമഗ്രികളും ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടായെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു.

അദാനി ഗ്രൂപ്പിലെ കമ്പനികള്‍ ഓഹരി വിപണിയില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ഡിആര്‍ഐ അന്നത്തെ സെബി ചെയര്‍പേഴ്‌സണ് കത്ത് നൽകിയിരുന്നു. 2,323 കോടി രൂപ വകമാറ്റിയതിന്റെ തെളിവുകളും ഡിആര്‍ഐ അന്വേഷിക്കുന്ന കേസിന്റെ വിവരങ്ങളും അടങ്ങിയ സിഡിയും കത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ സെബി ഈ വിവരങ്ങള്‍ മറച്ചുവയ്ക്കുകയും അന്വേഷണം നടത്താൻ തയ്യാറാകാതിരിക്കുകയും ചെയ്തെന്ന് സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ച രേഖകളിൽ പറയുന്നു.

2014ല്‍ സെബി ഡയറക്ടറായ യുകെ സിന്‍ഹ 2022ല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എന്‍ഡിടിവിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായതും ചൂണ്ടിക്കാട്ടുന്നു

ഇതുവരെ അദാനി ഗ്രൂപ്പിനെതിരെ നടത്തിയ ഏതെങ്കിലും അന്വേഷണത്തിന്റെ റിപ്പോർട്ട് സെബി പുറത്തുവിട്ടിട്ടില്ലെന്നതും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ആരോപണങ്ങളിൽ 24 അന്വേഷണങ്ങളാണ് സെബി നടപ്പാക്കുന്നത്. ഇതിൽ 22 എണ്ണത്തിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്നാണ് സെബി നിലപാട്. രണ്ടെണ്ണത്തിൽ അന്വേഷണം പുരോഗമിക്കുന്നതേയുള്ളൂ.

ഇന്‍സൈഡര്‍ ട്രേഡിങ് പോലുള്ള കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന കോര്‍പ്പറേറ്റ് ഗവേര്‍ണന്‍സ് സംബന്ധിച്ച സെബിയുടെ കമ്മിറ്റിയില്‍ അംഗമായ സിറില്‍ അമ്രചന്ദ് മംഗ്ലദാസിന്റെ (സിഎഎം) മാനേജിങ് പാര്‍ട്ണര്‍ സിറില്‍ ഷെറോഫിന്റെ മകള്‍ ഗൗതം അദാനിയുടെ മകനായ കിരണ്‍ അദാനിയെയാണ് വിവാഹം ചെയ്തതെന്ന് സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. സെബിയുടെ 24 അന്വേഷണങ്ങളില്‍ 5 എണ്ണം ഇന്‍സൈഡര്‍ ട്രേഡിങ്ങാണ് നടപ്പാക്കുന്നത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍