പഠനത്തില്‍ മികവുപുലര്‍ത്തിയതിന് വിദ്യാര്‍ത്ഥിയെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തുകൊന്നു. പുതുച്ചേരി കാരയ്ക്കലിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാല മണികണ്ഠനാണ് മരിച്ചത്. സഹായ റാണി വിക്ടോറിയ എന്ന സ്ത്രീയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
ബാല മണികണ്ഠനൊപ്പമാണ് സഹായ റാണി വിക്ടോറിയയുടെ മകള്‍ പഠിക്കുന്നത്. ഇവരുടെ കുട്ടിയെക്കാള്‍ മികച്ച രീതിയിലാണ് ബാലാ മണികണ്ഠന്‍ പഠിച്ചിരുന്നത്. ബാലയെ ഇല്ലാതാക്കിയാല്‍ തന്റെ മകന് ഒന്നാം സ്ഥാനം ഉറപ്പാക്കാമെന്ന് കരുതിയാണ് കൊല നടത്തിയത്. ജ്യൂസില്‍ വിഷം കൊടുത്തായിരുന്നു കൊലപാതകം. സ്‌കൂളില്‍ നിന്നും തിരിച്ച് വീട്ടില്‍ വന്ന ബാലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കെിലും അര്‍ധരാത്രിയോടെ കുട്ടി മരിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
സ്കൂളില്‍ നിന്നും ജ്യൂസ് കഴിച്ചിരുന്നുവെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. സ്‌കുളിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കുട്ടിക്ക് ജ്യൂസ് നല്‍കിയത്. കുട്ടിയുടെ ബന്ധുവെന്ന് പരിചപ്പെടുത്തിയ സ്ത്രീയാണ് ജ്യൂസ് ഏല്‍പ്പിച്ചതെന്ന് സുരക്ഷ ജീവനക്കാരന്‍ അറിയിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സഹായ റാണി വിക്ടോറിയയാണ് ജ്യൂസ് കൊടുത്തതെന്ന് തിരിച്ചറിഞ്ഞത്.
ബാല മണികണ്ഠന്റെ അമ്മയുടെ പരാതിയില്‍ സഹായറാണിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മികച്ച ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രി ആക്രമിക്കുകയും ചെയ്തു. കാരയ്ക്കല്‍ ചെന്നൈ ദേശീയ പാത നാട്ടുകാര്‍ ഉപരോധിച്ചു.