INDIA

വിശാല പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുമെന്ന് ആം ആദ്മി പാർട്ടി; തീരുമാനം ഡൽഹി ഓർഡിനൻസിൽ കോൺഗ്രസ് നിലപാടറിയിച്ചതോടെ

ഓർഡിനൻസിനെ പാർലമെന്റിൽ എതിർക്കാൻ കോൺഗ്രസ് പിന്തുണ നൽകിയാൽ മാത്രമേ യോഗത്തിൽ പങ്കെടുക്കൂ എന്ന് എഎപി നേരത്തെ നിലപാടെടുത്തിരുന്നു

വെബ് ഡെസ്ക്

തിങ്കളാഴ്ച ബെംഗളൂരുവിൽ ആരംഭിക്കുന്ന വിശാല പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുമെന്നറിയിച്ച് ആം ആദ്മി പാർട്ടി (എഎപി). ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ നടന്ന രാഷ്ട്രീയ സമിതി യോ​ഗത്തിലാണ് തീരുമാനം. ഡൽഹി സർക്കാരിന്‌റെ അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓർഡിനൻസിനെ പാർലമെന്റിൽ എതിർക്കുമെന്ന് കോൺഗ്രസ് നിലപാട് അറിയിച്ചതിന് പിന്നാലെയാണ് യോഗത്തിൽ പങ്കെടുക്കാനുള്ള എഎപി തീരുമാനം.

അരവിന്ദ് കെജ്‌രിവാൾ, പാർട്ടി എംപി സഞ്ജയ് സിങ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവർ പ്രതിപക്ഷയോഗത്തിൽ പങ്കെടുക്കുമെന്ന് ആംആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ അറിയിച്ചു. കോൺഗ്രസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ആംആദ്മി പാർട്ടി, ഡൽഹി ഓർഡിനൻസിനോടുള്ള കോൺഗ്രസിന്റെ 'അസന്ദിഗ്ധമായ എതിർപ്പ്' മികച്ചതാണെന്ന് വ്യക്തമാക്കി. ഓർഡിനൻസിനെ പാർലമെന്റിൽ എതിർക്കുന്നതിൽ കോൺഗ്രസ് പിന്തുണ നൽകിയാൽ മാത്രമേ യോഗത്തിൽ പങ്കെടുക്കൂ എന്ന് എഎപി നേരത്തെ നിലപാടെടുത്തിരുന്നു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേയും നിതീഷ് കുമാറിന്റെയും ഇടപെടലാണ് ആംആദ്മി-കോണ്‍ഗ്രസ് പ്രശ്‌നം പരിഹരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പ്രതിപക്ഷ ഐക്യം തകരുമെന്ന സൂചന മമത ബാനര്‍ജിയും നിതീഷ് കുമാറും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര ഓർഡിനൻസ് എതിർക്കുമെന്ന തീരുമാനം ശനിയാഴ്ചയാണ് കോൺഗ്രസ് അറിയിച്ചത്. പാര്‍ലമെന്‌റിന്‌റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ നിലപാടുകള്‍ക്ക് രൂപം നല്‍കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലായിരുന്നു തീരുമാനം. പഞ്ചാബ്, ഡല്‍ഹി ഘടകങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നിലപാട് പ്രഖ്യാപനം നീണ്ടുപോയത്. നേരിട്ടും അല്ലാതെയും പല രീതിയില്‍ മോദി സര്‍ക്കാര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. പാര്‍ലമെന്റിലും പുറത്തും ഇത്തരം ആക്രമണങ്ങളെ കോണ്‍ഗ്രസ് എല്ലായ്പ്പോഴും എതിര്‍ത്തിട്ടുണ്ട്, തുടര്‍ന്നും എതിര്‍ക്കുമെന്ന് ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട ചോദ്യത്തിന് പേരെടുത്തുപറയാതെ ഐഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് മറുപടി നൽകിയിരുന്നു.

ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോണ്‍ഗ്രസ് നിലപാടെടുക്കാത്തത് ചൂണ്ടിക്കാട്ടി, പട്നയിലെ വിശാല പ്രതിപക്ഷ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ എഎപി നേതൃത്വം പങ്കെടുത്തിരുന്നില്ല. രണ്ടാം യോഗത്തില്‍ പങ്കെടുക്കാന്‍ ആംആദ്മിക്ക് ക്ഷണം ലഭിച്ചപ്പോഴും അനിശ്ചിതത്വം നിലനിന്നിരുന്നു. യോഗത്തില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ക്ഷണത്തോട് കെജ്രിവാള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതോടെയാണ് പ്രശ്‌നപരിഹാരത്തിനായി പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും ഇടപെട്ടതെന്നാണ് വിവരം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ