ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ആം ആദ്മി പാർട്ടി നേതാക്കളുടെ പ്രതിഷേധം കനക്കുന്നു. മന്ത്രി അതിഷി സിങ്ങിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം പ്രവര്‍ത്തകര്‍ തടഞ്ഞു. എഎപി ഓഫിസിലേക്ക് അതിഷി ഉള്‍പ്പെടെയുള്ള നേതാക്കളെ കടത്തിവിട്ടില്ല. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് അതിഷി പ്രതികരിച്ചത്. ഇത്ര പേടിക്കല്ലേ മോദീ; ഹിറ്റലര്‍ പോലും ഇത്ര പേടിച്ചിരുന്നില്ലെന്നും അതിഷി പറഞ്ഞു.
ഡൽഹി ശഹീദി പാർക്കിലെ പ്രതിഷേധത്തിൽ എഎപി എംപിമാരും എംഎൽഎമാരും ഇന്ത്യാ സഖ്യ പ്രതിനിധികൾ ഉൾപ്പടെയുള്ളവരും പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഎപി പ്രവർത്തകരും പ്രതിഷേധത്തില്‍ അണിനിരക്കുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രതിഷേധ മുഖത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. പ്രതിഷേധത്തിൽ മന്ത്രി ആതിഷി മാർലേന അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) പിന്നാലെ അഴിമതി കേസിൽ കെജ്‍രിവാളിനെതിരെ സിബിഐയും രംഗത്തെത്തി. കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. ഇഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞാൽ ഉടൻ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
ഇഡി കേസിന് സമാനമായി നടക്കുന്ന സിബിഐ കേസിന്റെ ഭാഗമായിട്ടും കെജ്‍രിവാളിനെ പ്രതി ചേർക്കാനാണ് സിബിഐ തീരുമാനം. സിബിഐയുടെ ഉന്നത ഉദ്യോഗസ്ഥസംഘം ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട പിഎംഎൽഎ നിയമപ്രകാരമുള്ള കേസുകളിലാണ് ഇഡി കെജ്‍രിവാളിനെ ചോദ്യം ചെയുന്നത്. അതേസമയം അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ നടപടികൾ ആരംഭിച്ചിട്ടുള്ളത്.
അറസ്റ്റിൽ പ്രതിഷേധിച്ച് നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾക്കാണ് എഎപി പദ്ധതിയിട്ടിരിക്കുന്നത്. കെജ്‍രിവാളിന്റെ അറസ്റ്റിനെ രാജ്യമാകെ ബിജെപിക്കെതിരെയുള്ള പ്രചാരണ ആയുധമാക്കാനുള്ള നീക്കമാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം നടത്തുന്നത്. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്. കേസിൽ നേരത്തെ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി മാര്‍ച്ച് 26വരെ നീട്ടിയിട്ടുണ്ട്.
മദ്യനയ അഴിമതിക്കേസില്‍ നിരവധി തവണ സമൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇഡി കെജ്‍രിവാളിനെ വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കാൻ കെജ്‍രിവാളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡിയുടെ നിലപാട്. മാര്‍ച്ച് 28വരെ കെജ്‌രിവാളിനെ ഇഡി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഡല്‍ഹി റോസ് അവന്യു കോടതി. കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി ജഡ്ജി കാവേരി ബജ്‌വ തള്ളുകയായിരുന്നു.
പത്തുദിവസത്തെ കസ്റ്റഡിയാണ് ഇ ഡി ആവശ്യപ്പെട്ടത്. എന്നാല്‍, മാര്‍ച്ച് 28-ന് ഉച്ചയ്ക്ക് രണ്ടിന് കെജ്‌രിവാളിനെ വീണ്ടും ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. കെജ്‌രിവാളാണ് മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരനെന്നാണ് ഇ ഡിയുടെ ആരോപണം.