INDIA

'പണം വന്ന വഴി അന്വേഷിക്കണം, മദ്യനയത്തിലെ അഴിമതിപ്പണം ലഭിച്ചത് ബിജെപിക്ക്'; ഇ ഡിയെ വെല്ലുവിളിച്ച് എഎപി

കേസില്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ്, ശരത്ചന്ദ്ര റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി പണം നല്‍കിയതെന്ന് എഎപി മന്ത്രി അതിഷി സിങ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു

വെബ് ഡെസ്ക്

ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി നാലുകോടി നല്‍കിയ ആളുടെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് എഎപി. അര്‍ബിന്ദോ ഫാര്‍മ മേധാവി ശരത്ചന്ദ്ര റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്.

മദ്യനയ കേസില്‍ മാപ്പു സാക്ഷിയായ റെഡ്ഡി ബിജെപിക്ക് നാലുകോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് നല്‍കിയ ആളാണ്. കേസില്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബിജെപിക്ക് ഇദ്ദേഹം ഇലക്ടറല്‍ ബോണ്ട് വഴി പണം നല്‍കിയതെന്നും എഎപി മന്ത്രി അതിഷി സിങ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഇലക്ടറല്‍ ബോണ്ട് വഴി അനധികൃത പണം കൈപ്പറ്റിയതിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്‌ക്കെതിരെ ഇ ഡി അന്വേഷണം നടത്തണമെന്നും അതിഷി ആവശ്യപ്പെട്ടു. കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 26-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ ഘരാവോ നടത്തുമെന്നും അതിഷി പറഞ്ഞു.

''2022 നവംബര്‍ ഒൻപതിനാണ് ശരത് ചന്ദ്ര റെഡ്ഡിയെ ചോദ്യം ചെയ്യാനായി ഇ ഡി വിളിച്ചുവരുത്തുന്നത്. അരവിന്ദ് കെജ്‌രിവാളിനെ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് റെഡ്ഡി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. എഎപിയുമായി തനിക്ക് ബന്ധമില്ലെന്നും റെഡ്ഡി വ്യക്തമാക്കി എന്നാല്‍, ഇ ഡി ഇദേഹത്തെ അറസ്റ്റ് ചെയ്തു. ജയിലില്‍ കഴിഞ്ഞശേഷം ശരത്ചന്ദ്ര റെഡ്ഡി തന്റെ മൊഴിമാറ്റി. അരവിന്ദ് കെജ്‌രിവാളിനെ താന്‍ കണ്ടിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. ഇതിനുശേഷമാണ് റെഡ്ഡിക്ക് ജാമ്യം ലഭിക്കുന്നത്,'' അതിഷി ആരോപിച്ചു.

''മദ്യനയക്കേസില്‍ രണ്ടുവര്‍ഷമായി ഇ ഡിയും സിബിഐയും അന്വേഷണം നടത്തുന്നു. പണം എവിടെനിന്നുവന്നു, എങ്ങോട്ടു പോയി എന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരമില്ല. ഒരു എഎപി നേതാവിന്റെയും മന്ത്രിയുടേയും പ്രവര്‍ത്തകന്റെയും പക്കല്‍നിന്ന് പണം കണ്ടെത്തിയിട്ടില്ല,'' അതിഷി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

മദ്യനയ അഴിമതിക്കേസില്‍ വ്യാഴാഴ്ച രാത്രിയാണ് അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മാര്‍ച്ച് 28-വരെ കെജ്‌രിവാളിനെ ഇ ഡി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഡല്‍ഹി റോസ് അവന്യു കോടതി. കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി ജഡ്ജി കാവേരി ബജ്‌വ തള്ളുകയായിരുന്നു.

പത്തുദിവസത്തെ കസ്റ്റഡിയാണ് ഇ ഡി ആവശ്യപ്പെട്ടത്. എന്നാല്‍, മാര്‍ച്ച് 28-ന് ഉച്ചയ്ക്ക് രണ്ടിന് കെജ്‌രിവാളിനെ വീണ്ടും ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. കെജ്‌രിവാളാണ് മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരനെന്നാണ് ഇ ഡിയുടെ ആരോപണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ