INDIA

ഹരിയാനയില്‍ എഎപി-കോണ്‍ഗ്രസ് സഖ്യ സാധ്യതയില്ല; ആം ആദ്മി 50 സീറ്റുകളില്‍ മത്സരിച്ചേക്കും

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നാണ് സൂചന

വെബ് ഡെസ്ക്

വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും (എഎപി) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും (ഐഎന്‍സി) സഖ്യമുണ്ടാക്കാനുള്ള സാധ്യതയ്ക്ക് മങ്ങല്‍. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നാണ് സൂചന. സെപ്തംബര്‍ എട്ടിന് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന എഎപി, സംസ്ഥാനത്തെ 50 നിയമസഭാ സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ശ്രമിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും മുമ്പ് സഖ്യമുണ്ടാക്കിയിരുന്നു. അരവിന്ദ് കെജ്‍രിവാളിന്റെ പാര്‍ട്ടി 10 സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഏഴ് സീറ്റ് മാത്രമാണ് വാഗ്ദാനം ചെയ്തതെന്ന് എഎപിയിലെ വൃത്തങ്ങള്‍ അറിയിച്ചു.

ഹരിയാനയിൽ ഭരണകക്ഷിയായ ബിജെപിയെ വീഴ്ത്താനുള്ള ആദ്യഘട്ട പദ്ധതികൾ അവലോകനം ചെയ്യാന്‍ തിങ്കളാഴ്ച കൂടിയ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് യോഗത്തിലും ആം ആദ്മിയുടെ സീറ്റ് ചര്‍ച്ചയായി. എന്നാൽ കോൺഗ്രസിന്റെ താത്പര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ആം ആദ്മിയുടെ ആവശ്യങ്ങൾ മൂലം സഖ്യചർച്ചകളിൽ നേരിടുന്ന തടസങ്ങളും മറ്റു പ്രതിസന്ധികളും യോഗത്തിൽ സുപ്രധാന വിഷയമായി ഉയർന്നു.

എഎപിയുമായി സഖ്യത്തിനുള്ള സാധ്യതകളെക്കുറിച്ച് രാഹുല്‍ ഗാന്ധി താല്‍പ്പര്യം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ സീറ്റ് വിഭജനം പാര്‍ട്ടിയെ അതിന്റെ സംസ്ഥാന ഘടകവുമായി ഭിന്നിപ്പിച്ചതായാണ് സൂചന, പ്രത്യേകിച്ച് ഭൂപീന്ദര്‍ സിങ് ഹൂഡ വിഭാഗം നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. ഹരിയാന കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹൂഡ പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുന്നതില്‍ പോലും ഈ വിയോജിപ്പ് എത്തിയതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ഹരിയാനയുടെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള ദീപക് ബാബരിയ ബുധനാഴ്ച പറഞ്ഞത്. ഹരിയാനയില്‍ ചുവടുറപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലോ ലോക്സഭാ തിരഞ്ഞെടുപ്പുകളിലോ അക്കൗണ്ട് തുറക്കുന്നതില്‍ പാര്‍ട്ടി പരാജയമായിരുന്നു. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ കുരുക്ഷേത്ര മണ്ഡലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ചതാണ് ഹരിയാനയില്‍ എഎപിയുടെ ഏറ്റവും മികച്ച പ്രകടനം .

ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്ന ഹരിയാനയില്‍ ഭരണമുറപ്പിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. എന്നിരുന്നാലും എഎപി അടക്കമുള്ള സഖ്യകക്ഷികള്‍ക്ക് സീറ്റ് വിഭജിച്ച് നല്‍കുന്നത് സംബന്ധിച്ച് പ്രതിസന്ധികള്‍ തിരിച്ചടിച്ചേക്കാം എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അഞ്ചിന് നടക്കും. സെപ്റ്റംബര്‍ 12 നകം സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. ഫലം ഒക്ടോബര്‍ എട്ടിന് പ്രഖ്യാപിക്കും.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി