INDIA

ഏഴ് സീറ്റിലും മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ്; സീറ്റ് വിഭജനത്തെ ചൊല്ലി ഡൽഹിയിൽ എഎപി- കോൺഗ്രസ് പോര്

അൽക്കയുടെ പ്രസ്താവനയിൽ അമ്പരപ്പ് രേഖപ്പെടുത്തിയ എഎപി, ഡൽഹിയിൽ കോൺഗ്രസ് സഹകരിക്കുന്നില്ലെങ്കിൽ 'ഇന്ത്യ' സഖ്യത്തിന്റെ യോഗം കൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന് പറഞ്ഞു

വെബ് ഡെസ്ക്

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ സീറ്റ് വിഭജനത്തെ ചൊല്ലി എഎപി- കോൺഗ്രസ് പോര്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് അൽക്ക ലാംബ നടത്തിയ പ്രസ്താവനയാണ് പോരിന് തിരികൊളുത്തിയത്. ഡൽഹിയിൽ ആകെയുള്ള ഏഴ് സീറ്റുകളിലും മത്സരത്തിന് തയ്യാറെടുക്കാൻ നേതൃത്വം ആവശ്യപ്പെട്ടുവെന്ന അൽക്കയുടെ പ്രസ്താവനയാണ് എഎപിയെ ചൊടിപ്പിച്ചത്.

തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും രാജ്യതലസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു അൽക്ക ലാംബയുടെ പ്രസ്താവന.

അൽക്കയുടെ പ്രസ്താവനയിൽ അമ്പരപ്പ് രേഖപ്പെടുത്തിയ എഎപി, ഡൽഹിയിൽ കോൺഗ്രസ് സഹകരിക്കുന്നില്ലെങ്കിൽ 'ഇന്ത്യ' സഖ്യത്തിന്റെ യോഗം കൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്നും വ്യക്തമാക്കി. ഓഗസ്റ്റ് 31ന് മുംബൈയിൽ നടക്കുന്ന വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ മൂന്നാം ചർച്ചയിൽ പങ്കെടുക്കേണ്ടതുണ്ടോ എന്ന് നേതൃത്വം തീരുമാനിക്കുമെന്നും എഎപി വക്താവ് പ്രിയങ്ക കക്കർ പ്രതികരിച്ചു. അതേസമയം അൽക്ക ലാംബയുടെ പ്രസ്താവനയെ തള്ളി ഡൽഹി കോൺഗ്രസിന്റെ ചുമതലയുള്ള ദീപക് ബാബരിയ രംഗത്തുവന്നു. തിരഞ്ഞെടുപ്പ് സംബന്ധിക്കുന്ന ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അൽക്കയുടെ പ്രസ്താവന അപക്വമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വലിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ ചുമതലപ്പെട്ട വക്താവല്ല അൽക്ക ലാംബയെന്ന് ദീപക് ബാബരിയ ബുധനാഴ്ച പ്രതികരിച്ചു. നേതാക്കൾ തമ്മിലുള്ള ഐക്യം നിലനിർത്തണമെന്നും ജനങ്ങളുമായി ചേർന്ന് നിൽക്കണമെന്നുമാണ് യോഗത്തിൽ രാഹുൽ ഗാന്ധിയും ഖാർഗെയും ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. എഎപിയുമായി സഖ്യം ചേരുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെ കുറിച്ച് മുതിർന്ന നേതാക്കളായ അജയ് മാക്കനും അനിൽ ചൗധരിയും യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേന്ദ്രം കൊണ്ടുവന്ന ഡൽഹി സർവീസസ് ബില്ലിനെതിരെ രാജ്യസഭയിൽ എഎപിക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനല്കിയതിന് ശേഷമായിരുന്നു 'ഇന്ത്യ' സഖ്യത്തിനൊപ്പം നിൽക്കാമെന്ന് അരവിന്ദ് കെജ്രിവാളും പാർട്ടിയും സമ്മതിച്ചത്. വിശാല സഖ്യത്തിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട യാതൊരു ചർച്ചകളും നടന്നിട്ടില്ല എന്നിരിക്കെയാണ് അൽക്കയുടെ പ്രസ്താവന വരുന്നതെന്നതും ശ്രദ്ധേയമാണ്.

2015ലെ ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്തതില്‍ ആം ആദ്മി പാർട്ടിയോടുള്ള അമർഷം ഡൽഹി കോൺഗ്രസിലെ ഒരുവിഭാഗത്തിന് ഇപ്പോഴുമുണ്ട്. ആകെയുള്ള 70 നിയമസഭാ സീറ്റിൽ 67 ഇടത്ത് എഎപിയും മൂന്ന് സീറ്റ് ബിജെപിയുമാണ് അന്ന് നേടിയത്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ കീഴിലെ 15 വർഷത്തെ ഭരണത്തിന് കൂടിയായിരുന്നു അന്ന് അന്ത്യമായത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ