INDIA

പാര്‍ട്ടി വിട്ട് നേതാക്കള്‍, ചാനല്‍ ജോലിയിലേക്ക് തിരിച്ചുപോയി സംസ്ഥാന കണ്‍വീനര്‍; ഗുജറാത്തില്‍ എഎപി ഓളം അവസാനിച്ചോ?

അപ്രതീക്ഷിതമായി വളര്‍ന്ന്, ഒറ്റവര്‍ഷം കൊണ്ടുതന്നെ തളര്‍ന്നുപോയി എഎപി

വെബ് ഡെസ്ക്

പഞ്ചാബ് പിടിച്ച ആവേശത്തിലായിരുന്നു ആംആദ്മി (എഎപി). 'ഞങ്ങളിതാ അങ്ങോട്ടേക്ക് വരുന്നെന്ന്' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബിജെപിയേയും കോണ്‍ഗ്രസിനേയും ഞെട്ടിച്ച വന്‍ റാലികള്‍, കാടിളക്കിയുള്ള പ്രചാരണം. ഒടുവില്‍ ഫലം വന്നപ്പോള്‍, കറുത്ത കുതിരയായില്ലെങ്കിലും കെജ്‌രിവാളിന് നിരാശപ്പെടേണ്ടിവന്നില്ല. എഎപിയെ ദേശീയ പാര്‍ട്ടിയാക്കി ഗുജറാത്ത്. 2022ലെ പടപ്പുറപ്പാടിന് ശേഷം, ഒരുവര്‍ഷം കഴിയുമ്പോള്‍ ഗുജറാത്തില്‍ എഎപി ആളും ആരവവുമൊഴിഞ്ഞ ഉത്സവ പറമ്പായി മാറിയിരിക്കുകയാണ്. അപ്രതീക്ഷിതമായി വളര്‍ന്ന്, ഒറ്റവര്‍ഷം കൊണ്ടുതന്നെ തളര്‍ന്നുപോയി എഎപി. പാര്‍ട്ടിയുടെ പ്രമുഖ മുഖങ്ങളെല്ലാം പഴയ തട്ടകങ്ങളിലേക്കും പുതിയ താവളങ്ങളിലേക്കും ചേക്കേറി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ നേതാവ്, പഴയ ജോലിയിലേക്ക് തിരിച്ചുപോയി.

2021ല്‍ സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 27 സീറ്റ് നേടിക്കൊണ്ടായിരുന്നു എഎപിയുടെ ഗുജറാത്തിലേക്കുള്ള കടന്നുവരവ്.

2022 നിയമസഭ തിരഞ്ഞെടുപ്പില്‍ 181 സീറ്റില്‍ മത്സരിച്ച എഎപിക്ക് 5 സീറ്റാണ് ലഭിച്ചത്. പക്ഷേ, 13.1 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി പാര്‍ട്ടി. കോണ്‍ഗ്രസന് കിട്ടിയത് 27.7 ശതമാനം വോട്ടാണ്. നിര്‍ണായക ശക്തിയായി മാറിയിട്ടും ഗുജറാത്തില്‍ എഎപിക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുന്നില്ല. വിശവദാറില്‍ നിന്നുള്ള എംഎല്‍എ ഭൂപേന്ദ്ര ഭയാനി കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നു. എഎപിയുടെ നിയമസഭ കക്ഷി നേതാവ് ചൈതര്‍ വാസവയെ ക്രിമിനല്‍ കേസില്‍ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് എഎപിയിലെത്തിയ നേതാക്കള്‍ ഇപ്പോള്‍ മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചുപോയി തുടങ്ങി.

പാര്‍ട്ടിയുടെ 15 വൈസ് പ്രസിഡന്റുമാരില്‍ നാലുപേര്‍ എഎപി വിട്ട് കോണ്‍ഗ്രസിലെത്തി

2021ല്‍ സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 27 സീറ്റ് നേടിക്കൊണ്ടായിരുന്നു എഎപിയുടെ ഗുജറാത്തിലേക്കുള്ള കടന്നുവരവ്. ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെ കോണ്‍ഗ്രസ് സമ്പൂര്‍ണമായി തകര്‍ന്നടിഞ്ഞ തിരഞ്ഞെടുപ്പില്‍, എഎപി മുഖ്യ പ്രതിപക്ഷമായി. ഇതോടെ, ഡല്‍ഹിക്കും പഞ്ചാബിനും പുറമേ ഗുജറാത്തില്‍ക്കൂടി കെജ്‌രിവാളിന്റെ ശ്രദ്ധ തിരിഞ്ഞു. ശേഷം കണ്ടത് ഗുജറാത്തില്‍ നിരന്തരം റാലികള്‍ നടത്തുകയും അധികാരം പിടിക്കുമെന്ന് പറയുകയും ചെയ്യുന്ന കെജ്‌രിവാളിനെ ആയിരുന്നു.

തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കാടിളക്കിയുള്ള പ്രചാരണമായിരുന്നു എഎപി നടത്തിയത്. ഗുജറാത്ത് മോഡല്‍ വെറും പൊള്ളയാണെന്ന് കെജ്‌രിവാള്‍ റാലികളില്‍ തുറന്നടിച്ചു. ഗുജറാത്തുകാരെ തന്റെ ഡല്‍ഹിയിലെത്തി വികസനം കാണാന്‍ അദ്ദേഹം ക്ഷണിച്ചു. ഗുറാത്തിലെ വിദ്യാഭ്യാസ മേഖല ഉടച്ചുവാര്‍ക്കുമെന്നും സ്‌കൂളുകള്‍ ഡല്‍ഹിയിലെപ്പോലെ മികച്ചതാക്കുമെന്നും പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരം ജനവിഭാഗങ്ങള്‍ക്കും വേണ്ടി വലിയ പ്രഖ്യാപനങ്ങള്‍ നടത്തി. ദേശീയ മാധ്യമങ്ങള്‍ ഈ പ്രചാരണത്തിന് വലിയ പ്രാധാന്യം നല്‍കി. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ വലിയ വിള്ളലുണ്ടാക്കാന്‍ എഎപിക്ക് സാധിച്ചു.

പക്ഷേ, ഓളം അധികനാള്‍ നീണ്ടുനിന്നില്ല. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞിതിന് പിന്നാലെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ആരംഭിച്ചു. ഗുജറാത്ത് എഎപി സംസ്ഥാന കണ്‍വീനര്‍ ഇസുദാന്‍ ഗധ്‌വി തന്റെ പഴയ തട്ടകമായ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുപോയി. 2022ല്‍ എഎപി സംസ്ഥാന കണ്‍വീനറായ അദ്ദേഹം, 'ശംഖനാദ്' എന്ന പേരില്‍ ടിവി ഷോ ആരംഭിച്ചിരിക്കുകയാണ്. മറ്റൊരു പ്രമുഖ നേതാവ് ഗോപാല്‍ ഇതാലിയ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. പാര്‍ട്ടിയുടെ 15 വൈസ് പ്രസിഡന്റുമാരില്‍ നാലുപേര്‍ എഎപി വിട്ട് കോണ്‍ഗ്രസിലെത്തി. പാര്‍ട്ടി ഇപ്പോള്‍ പ്രതിസന്ധിയിലാണെന്ന് തുറന്നുസമ്മതിക്കുന്നുണ്ട് ഇതാലിയ. ബിജപി തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുയാണെന്നും നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 26 സീറ്റും ലക്ഷ്യമിട്ട് ബിജെപി ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. കോണ്‍ഗ്രസിനെക്കാള്‍ കരുത്തുറ്റ പ്രതിപക്ഷമായി എഎപി മാറാന്‍ സാധ്യതയുണ്ടെന്ന് ഗുജറാത്തിലെ ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു

ആദിവാസി മേഖലയിലെ കരുത്തനായ നേതാവ്, ചൈതര്‍ വാസവയെ ഒതുക്കുമോ ബിജെപി?

ഗുജറാത്തിലെ എഎപിയുടെ പ്രബല മുഖമാണ് ചൈതര്‍ വാസവ. ആദിവാസി മേഖലയില്‍ ശക്തമായ വേരോട്ടമുള്ള നേതാവ്. വലിയ ആള്‍ക്കൂട്ടമാണ് ചൈതര്‍ പങ്കെടുക്കുന്ന ഓരോ പരിപാടിയിലും ഗുജറാത്തിലുണ്ടാകുന്നത്. ഫോറസ്റ്റ് ഓഫീസറെ ഭീഷണിപ്പെടുത്തിയതിന് ചൈതര്‍ വാസവയേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. വനം കയ്യേറ്റം തടായന്‍ ശ്രമിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയെന്നാണ് ചൈതറിന് എതിരെയുള്ള കേസ്. ഒരുമാസക്കാലം പോലീസിന് പിടികൊടുക്കാതിരന്ന അദ്ദേഹം, കഴിഞ്ഞദിവസം കീഴടങ്ങുകയായിരുന്നു.

പോലീസില്‍ കീഴടങ്ങാന്‍ എത്തിയ ചൈതറിനെ അനുഗമിച്ചത് ആയിരത്തോളം എഎപി പ്രവര്‍ത്തകരായിരുന്നു. ചൈതറിനെ ഒതുക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് എഎപി ആരോപിക്കുന്നു. 35കാരനായ ചൈതറിന്, ഗുജറാത്തിന് പുറത്ത് മധ്യപ്രദേശിലും രാജസ്ഥാനിലും സ്വാധീനമുണ്ട്. ഭറൂച്ച് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് നേരത്തെ തന്നെ വാസവ പ്രഖ്യാപിച്ചിരുന്നു. വാസവയ്ക്ക് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വലി സ്വാധീനമുണ്ടെന്ന് ബിജെപിയും നിഷേധിക്കുന്നില്ല. ഈ ജനപിന്തുണ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് എഎപി ആരോപിക്കുന്നത്.

ചൈതര്‍ വാസവയും അരവിന്ദ് കെജരിവാളും

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 26 സീറ്റും ലക്ഷ്യമിട്ട് ബിജെപി ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. കോണ്‍ഗ്രസിനെക്കാള്‍ കരുത്തുറ്റ പ്രതിപക്ഷമായി എഎപി മാറാന്‍ സാധ്യതയുണ്ടെന്ന് ഗുജറാത്തിലെ ബിജെപി നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. കെജരിവാളിന്റെ ഇമേജും പുതിയ പാര്‍ട്ടിയോടുള്ള ജനങ്ങളുടെ താത്പര്യവും തങ്ങളുടെ വോട്ട് ബാങ്കിനേയും ബാധിക്കുമെന്ന് ബിജെപി ഭയക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് മാത്രമാണ് നേടിയതെങ്കിലും, പല മണ്ഡലങ്ങളിലും എഎപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അതുകൊണ്ടുതന്നെ എഎപിയുടെ വളര്‍ച്ചയും വീഴ്ചയും ബിജെപി സസൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ