INDIA

'കെജ്‌രിവാളിന്റെ സഹായത്തിൽ ആം ആദ്മിക്ക് പണം ലഭിച്ചു'; ഡൽഹി ഹൈക്കോടതിയിൽ അറസ്റ്റിനെ ന്യായീകരിച്ച് ഇ ഡി

വെബ് ഡെസ്ക്

മദ്യനയ അഴിമതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായത്തോടെ ആം ആദ്മി പാർട്ടി അനധികൃതമായി പണം സമാഹരിച്ചെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഡൽഹി ഹൈക്കോടതിയിൽ. തന്നെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കെജ്‌രിവാൾ നൽകിയ ഹർജിയിലാണ് ഇ ഡിയുടെ വിശദീകരണം. കള്ളപ്പണ നിരോധന നിയമത്തിലെ 70-ാം വകുപ്പ് അനുസരിച്ചുള്ള കുറ്റകൃത്യങ്ങൾ ആം ആദ്മി പാർട്ടി ചെയ്തു എന്നാണ് ഇ ഡി കോടതിയിൽ ആരോപിച്ചിട്ടുള്ളത്.

ഡൽഹി മദ്യനയ അഴിമതി കേസിൽ ഏറ്റവും വലിയ ഗുണഭോക്താവ് ആം ആദ്മി പാർട്ടിയാണെന്നും, 2022ലെ ഗോവയിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ആം ആദ്മി പാർട്ടി 45 കോടി രൂപ ചിലവഴിച്ചിട്ടുണ്ടെന്നും ഇ ഡി ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി. കെജ്‌രിവാളിന്റെ ഹർജിയെ എതിർത്തുകൊണ്ട് ഇ ഡി സമർപ്പിച്ച മറുപടിയിലാണ് ഈ ആരോപണങ്ങളുള്ളത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ തുടരുകയാണ്. ഏറ്റവും ഒടുവിലായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കെതിരെ ഇ ഡി കേസെടുത്തിട്ടുണ്ട്. അദാനിയെ കുറിച്ച് ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ മഹുവ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിബിഐ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി കള്ളപ്പണ നിരോധന നിയമപ്രകാരം മഹുവയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹി ഓഫീസില്‍ ഹാജരാകന്‍ മഹുവയോട് നിരവധി തവണ ഇ ഡി ആവശ്യപ്പെട്ടിരുന്നു. അദാനിയെ കുറിച്ച് ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരനന്ദാനിയിൽ നിന്നും പണം സ്വീകരിച്ചു എന്നതായിരുന്നു മഹുവയ്‌ക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണം. ആരോപണത്തെ തുടർന്ന് പാർലമെന്റിൽ നിന്നും മഹുവ അയോഗ്യയാക്കപ്പെട്ടിരുന്നു.

അതേസമയം, മദ്യനയ കേസിൽ ആം ആദ്മി എംപി സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ഇന്ന് ജാമ്യം അനുവദിച്ചു. സുപ്രീംകോടതിയിൽ ജാമ്യാപേക്ഷയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിർക്കാതിരുന്നതോടെയാണ് സഞ്ജയ് സിങ്ങിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. മദ്യനയക്കേസിൽ അറസ്റ്റിലായ നേതാക്കളിൽ ആദ്യമായാണ് ഒരാള്‍ക്ക് ജാമ്യം ലഭിക്കുന്നത്. 2023 ഒക്ടോബർ നാലിന് അറസ്റ്റുചെയ്യപ്പെട്ട സഞ്ജയ് സിങ്ങിന് അഞ്ചുമാസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അറസ്റ്റിലായ സഞ്ജയ് സിങ്ങിന്റെ പക്കൽനിന്ന് പണമൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് ഇ ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു. രണ്ടുകോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം വിചാരണ സമയത്ത് തെളിയിക്കേണ്ടതാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. തന്റെ മകൻ നിരപരാധിയാണെന്നും മകന് ജാമ്യം നൽകിയതിന് കോടതിയോട് നന്ദിയുണ്ടെന്നും സഞ്ജയ് സിങ്ങിന്റെ അമ്മ രാധിക സിങ് പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും