എതിര്‍ ശബ്ദം ഉയര്‍ത്തുന്ന എല്ലാ നേതാക്കളെയും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും ശ്രമിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജയില്‍ മോചനത്തിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു കെജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും കടന്നാക്രമിച്ചത്. എതിര്‍ ശബ്ദങ്ങളില്ലാതാക്കിയും പാര്‍ട്ടിയിലെ തന്നെ നേതാക്കളെ വെട്ടിനിരത്തിയും അമിത് ഷായ്ക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിയൊരുക്കുകയാണ് മോദി ചെയ്യുന്നത് എന്നും അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു.
ഒരു സ്വേച്ഛാധിപതിയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ എനിക്ക് ഒറ്റയ്ക്ക് കഴിയില്ല. രാജ്യത്തെ 140 കോടി ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്കെജ്രിവാള്
രണ്ട് സംസ്ഥാനത്ത് മാത്രം കരുത്തുള്ള ആംആദ്മി പാര്‍ട്ടിയെ ഞെരുക്കി ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാരും നരേന്ദ്ര മോദിയും ശ്രമിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പത്ത് വര്‍ഷം പാരമ്പര്യമുള്ള ഒരു ചെറിയ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. എന്നിട്ടും അതിനെ നശിപ്പിക്കാന്‍ പ്രധാനമന്ത്രി എല്ലാ വഴിയും നോക്കി. അതിന്റെ നാല് പ്രധാന നേതാക്കളെ ജയിലിലാക്കി. പക്ഷെ നശിപ്പിക്കാന്‍ ആയില്ലെന്ന് മാത്രമല്ല, ഇന്നൊരു പുതിയ ശബ്ദം ഉയര്‍ന്നുവന്നിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
തന്നെ അറസ്റ്റ് ചെയ്തതിലൂടെ ആരെയും ജയിലിലാക്കാമെന്ന സന്ദേശമാണ് മോദി നല്‍കാന്‍ ഉദ്ദേശിച്ചത്. 'ഒരു രാജ്യം ഒരു നേതാവ്' എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് മോദി പ്രവര്‍ത്തിക്കുന്നത്. ഒരു സ്വേച്ഛാധിപതി എന്ന നിലയിലേക്ക് വളരുന്ന പ്രധാനമന്ത്രി ജനാധിപത്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരു സ്വേച്ഛാധിപതിയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ എനിക്ക് ഒറ്റയ്ക്ക് കഴിയില്ല. രാജ്യത്തെ 140 കോടി ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്. എന്റെ എല്ലാ കഴിവും, എന്റെ ശരീരത്തിന്റെ ഓരോ തുടിപ്പും രാജ്യത്തെ രക്ഷിക്കാനായി ഞാന്‍ ഉപയോഗിക്കും. സ്വേച്ഛാധിപത്വത്തിന് തടയിടാന്‍ ഈ രാജ്യം മുഴുവന്‍ ഞാന്‍ സഞ്ചരിക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഒരു രാജ്യം ഒരു നേതാവ് എന്നതാണ് മോദിയുടെ നയം. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രതിപക്ഷ നേതാക്കള്‍ ജയിലിലാക്കപ്പെടും. പിണറായി വിജയന്‍, സ്റ്റാലിന്‍ തുടങ്ങിയ നേതാക്കാളുടെ പേരെടുത്ത് പറഞ്ഞ് കെജ്‌രിവാള്‍ അരോപിച്ചു. ബിജെപിയിലെ തന്നെ പ്രധാന നേതാക്കളുടെ രാഷ്ട്രീയ ഭാവി പോലും മോദിയും സംഘവും ഇല്ലാതാക്കി. പാര്‍ട്ടിയിലെ എല്ലാ ജനപ്രിയ നേതാക്കളെയും അവര്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചു. വസുന്ധര രാജെ സിന്ധ്യ , ശിവരാജ് സിങ് ചൗഹാന്‍, മുരളി മനോഹര്‍ ജോഷി, എല്‍ കെ അദ്വാനി ഉദാഹരണങ്ങള്‍ നിരവധിയാണ്. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 2 മാസത്തിനുള്ളില്‍ മാറ്റുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അടുത്ത സെപ്റ്റംബറില്‍ മോദിക്ക് 75 വയസ് തികയുകയാണ്. 75 വയസ്സ് തികയുന്നവര്‍ വിരമിക്കണമെന്ന് ചട്ടം ഉണ്ടാക്കിയത് അദ്ദേഹമാണ്. അടുത്ത വര്‍ഷം മോദി വിരമിച്ചാല്‍ ആരായിരിക്കും പ്രധാനമന്ത്രി. ഇതാണ് ബിജെപിയോട് ചോദിക്കുന്നത്. നിങ്ങളുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മോദി സര്‍ക്കാരല്ല ഇന്ത്യ മുന്നണിയാണ് കേന്ദ്രം ഭരിക്കാന്‍ പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആം ആദ്മി പാര്‍ട്ടി കേന്ദ്രത്തില്‍ അധികാര പങ്കാളിയായാല്‍ ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കുമെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.