INDIA

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: ആം ആദ്മി പാർട്ടിക്ക് ആശ്വാസം; സഞ്ജയ് സിങ് എംപിക്ക് ജാമ്യം

മദ്യനയക്കേസിൽ അറസ്റ്റിലായ നേതാക്കളിൽ ആദ്യമായാണ് ഒരു നേതാവിന് ജാമ്യം ലഭിക്കുന്നത്

വെബ് ഡെസ്ക്

ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിന് ജാമ്യം. സുപ്രീംകോടതിയിൽ ജാമ്യാപേക്ഷയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിർക്കാതിരുന്നതോടെയാണ് സഞ്ജയ് സിങ്ങിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. മദ്യനയക്കേസിൽ അറസ്റ്റിലായ നേതാക്കളിൽ ആദ്യമായാണ് ഒരു നേതാവിന് ജാമ്യം ലഭിക്കുന്നത്.

ജസ്റ്റിസുമാരായ സഞ്ജീവ്‌ ഖന്ന, ദിപാങ്കർ ദത്ത, പി ബി വരലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അഞ്ചുമാസങ്ങൾക്ക് ശേഷമാണ് സഞ്ജയ് സിങ്ങിന് ജാമ്യം ലഭിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ വകുപ്പ് പ്രകാരം അറസ്റ്റിലായ സഞ്ജയ് സിങ്ങിന്റെ പക്കൽനിന്ന് പണമൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് ഇ ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു. രണ്ടുകോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം വിചാരണ സമയത്ത് തെളിയിക്കേണ്ടതാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. 2023 ഒക്ടോബർ നാലിനാണ് സഞ്ജയ് സിങ് അറസ്റ്റിലാകുന്നത്.

ഡൽഹിയിലെ സഞ്ജയ് സിങ്ങിന്റെ വസതിയിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തെ ഇ ഡി അറസ്റ്റ് ചെയ്തത്. വ്യവസായിയായ ദിനേശ് അറോറ രണ്ടുതവണയായി സഞ്ജയ് സിങ്ങിന് രണ്ടുകോടി രൂപയുടെ കോഴപ്പണം കൈമാറിയെന്നാണ് ഇ ഡി ആരോപിക്കുന്നത്. ദിനേശ് അറോറ പിന്നീട് കേസിൽ മാപ്പുസാക്ഷിയായിരുന്നു. സഞ്ജയ് സിങ്ങിനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നാണ് ഇ ഡി അവകാശപ്പെടുന്നത്.

നേരത്തെ ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതി സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ഹർജിയും കഴിഞ്ഞ വർഷം ഒക്ടോബറിൽ കോടതി നിരസിച്ചിരുന്നു. സഞ്ജയ് സിങ്ങിനെതിരായ ഇ ഡി കേസ് എല്ലാം ദിനേഷ് അറോറയുടെ മൊഴിയെ അടിസ്ഥാനമാക്കിയുള്ളത് മാത്രമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടിയിരുന്നു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ