എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കത്ത് കൈപ്പറ്റിയപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞതായി മന്ത്രി അതിഷി. ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് ഒരു കുറിപ്പിലൂടെ മന്ത്രി അതിഷിക്ക് കെജ്‌രിവാള്‍ കൈമാറുകയായിരുന്നു.
"അരവിന്ദ് കെജ്‌രിവാള്‍ജി എനിക്കൊരു കത്തും നിർദേശവും നല്‍കി. അത് വായിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. ഇദ്ദേഹം ആരാണെന്ന് ഞാന്‍ ചിന്തിച്ചു പോയി. ജയിലില്‍ കഴിയുമ്പോഴും അദ്ദേഹം ഡല്‍ഹിയിലെ ജനങ്ങളെക്കുറിച്ചും അവരുടെ ജലവിതരണ പ്രശ്നങ്ങളെക്കുറിച്ചുമാണ് ചിന്തിക്കുന്നത്. കെജ്‍രിവാളിന് മാത്രം കഴിയുന്ന കാര്യങ്ങളാണിത്. ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തിലെ അംഗമായാണ് അദ്ദേഹം സ്വയം കരുതുന്നത്," അതിഷി പറഞ്ഞു.
"എനിക്ക് ബിജെപിയോട് പറയാനുള്ളത് ഇത്രമാത്രമാണ്. നിങ്ങള്‍ക്ക് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനും ജയിലിലടയ്ക്കാനും കഴിയും. എന്നാല്‍ ഡല്‍ഹി ജനതയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും കടമയും ഇല്ലാതാക്കാന്‍ സാധിക്കില്ല. കെജ്‌രിവാള്‍ ജയിലിലാണെങ്കിലും സർക്കാരിന്റെ പ്രവർത്തനങ്ങള്‍ തുടരും," അതിഷി കൂട്ടിച്ചേർത്തു.
കെജ്‍രിവാള്‍ കത്തിലെഴുതിയിരുന്ന കാര്യങ്ങളും അതിഷി വെളിപ്പെടുത്തി. "ഡല്‍ഹിയിലെ ചില മേഖലകളില്‍ ജലവിതരണത്തിലും മലിജനം കൈകാര്യം ചെയ്യുന്നതിലും പ്രശ്നം നേരിടുന്നതായി അറിയാന്‍ സാധിച്ചു. ഞാന്‍ ജയിലിലായതുകൊണ്ട് ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്. വേനല്‍ക്കാലം എത്തുകയാണ്, ജലവിതരണം ഉറപ്പാക്കണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണം. ആവശ്യമെങ്കില്‍ ലെഫ്റ്റനന്റ് ഗവർണറുടെ സഹായം തേടാം. അദ്ദേഹം ഉറപ്പായും സഹായിക്കും," കെജ്‌രിവാള്‍ കത്തില്‍ പറയുന്നു.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ കഴിഞ്ഞ ദിവസമാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ വസതിയില്‍ എത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെതിരെ കോടതിയെ സമീപിച്ച കെജ്‌രിവാളിന് ജാമ്യം നിഷേധിച്ചിരുന്നു. ഡൽഹി റോസ് അവന്യു കോടതി കെജ്‌രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വിടുകയും ചെയ്തു. മാർച്ച് 28വരെയാണ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി.
അതേസമയം ഇഡി കസ്റ്റഡിയിലിരിക്കെ കെജ്‌രിവാള്‍ ഉത്തരവ് പുറത്തിറക്കിയതിനെതിരേ ലഫ്റ്റനന്റ് ഗവര്‍ണറിന് പരാതി. ജലബോര്‍ഡുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിനെതിരേ സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാലാണ് പരാതി നല്‍കിയത്. ഇഡിയുടെ കസ്റ്റഡിയിലിരിക്കുമ്പോള്‍ ഇത്തരമൊരു ഉത്തരവ് ഇറക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും ഉത്തരവ് കെട്ടിച്ചമച്ചതാണോയെന്നു സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു.
കസ്റ്റഡിയിലിരിക്കെ ഇത്തരമൊരു ആശയവിനിമയം കെജ്‌രിവാളിന് എങ്ങനെ നടത്താനാകുമെന്ന ചോദ്യവും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ഉത്തരവ് വ്യാജമായി കെട്ടിച്ചമതാണെന്ന സംശയമുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.