INDIA

ഡൽഹി മദ്യനയ അഴിമതി കേസ്: ആം ആദ്മി എംപി സഞ്ജയ് സിങ്‌ അറസ്റ്റിൽ

വെബ് ഡെസ്ക്

ഡൽഹി മദ്യ നയ അഴിമതി കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ഡൽഹിയിലെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സഞ്ജയ് സിങ്ങിന്‍റെ വസതിയില്‍ റെയ്ഡ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം സഞ്ജയ് സിങ്ങിനെ കേന്ദ്ര അന്വേഷണ ഏജൻസി 10 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

ചില മദ്യ നിർമ്മാതാക്കൾക്കും മൊത്തക്കച്ചവടക്കാർക്കും ചില്ലറ വ്യാപാരികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ മദ്യ നയം രുപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും സഞ്ജയ് സിങ്‌ പ്രധാന പങ്കുവഹിച്ചതായി അന്വേഷണ ഏജൻസി ആരോപിച്ചു. നേരത്തെ കേസിൽ സഞ്ജയ് സിംഗുമായി അടുപ്പമുള്ള പലരുടെയും വീടുകളിൽ ഇ ഡി പരിശോധന നടത്തിയിരുന്നു. 51 കാരനായ രാജ്യസഭാ എംപിയുമായി ബന്ധപ്പെട്ട ജീവനക്കാരെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

ഈ വർഷം മേയിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ സഞ്ജയ് സിങ്ങിന്റെ പേര് പരാമർശിച്ചിരുന്നു. ദിനേഷ് അറോറ എന്ന റെസ്റ്റോറേറ്റർക്ക് സിങ്ങിനോടും സിസോദിയയോടും വളരെ അടുപ്പമുണ്ടെന്നായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. കേസിലെ സുപ്രധാന കണ്ണിയാണെന്ന് ചൂണ്ടിക്കാട്ടി ജൂലൈയിൽ അറോറയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. 2020 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് എഎപിക്ക് ഫണ്ടിങ് നടത്തണമെന്നാവശ്യപ്പെട്ട് സഞ്ജയ് സിംഗ് അറോറയെ ബന്ധപ്പെട്ടതായി ഇ ഡി ആരോപിക്കുന്നു. ഒരു പാർട്ടിക്കിടെ സഞ്ജയ് സിങ്ങിനെ കണ്ടുമുട്ടിയതായി ദിനേഷ് അറോറ പറഞ്ഞതായി അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു.

അതേസമയം സഞ്ജയ് സിങ്ങിന്റെ വീട്ടിൽ നടന്ന റെയ്‌ഡിനെ ആം ആദ്മി രൂക്ഷമായി വിമർശിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി മദ്യ അഴിമതിയെക്കുറിച്ച് അന്വേഷിച്ചുവെങ്കിലും ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. " സഞ്ജയ് സിങ്ങിന്റെ വസതിയിൽ നിന്ന് ഒന്നും കണ്ടെത്താനാകില്ല. ആരെങ്കിലും തോൽവിയിലേക്ക് ഉറ്റുനോക്കുകയാണെന്ന് അറിയുമ്പോൾ, അവർ നിരാശാജനകമായ നടപടികളിലേക്ക് തിരിയുന്നു. അതാണ് ഇപ്പോൾ നടക്കുന്നത്"കെജരിവാൾ ചൂണ്ടിക്കാട്ടി.

2021-22 ലെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ടാണ് വിവാദം. ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17 ന് നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് എഎപി സര്‍ക്കാര്‍ 2022 ജൂലായില്‍ പിന്‍വലിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും