INDIA

പഞ്ചാബിലും 'ഇന്ത്യ' ഇല്ല; മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് എഎപി

വെബ് ഡെസ്ക്

പഞ്ചാബിലും ചണ്ഡീഗഡിലും 'ഇന്ത്യ' സഖ്യത്തിനില്ലെന്ന് എഎപി. പഞ്ചാബിലെ 13 സീറ്റുകളിലും ചണ്ഡീഗഡിലെ ഒരു സീറ്റിലും വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. പഞ്ചാബ് സര്‍ക്കാരിന്റെ 'വീടുകള്‍ തോറും റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. നേരത്തെ, കോണ്‍ഗ്രസും എഎപിയും തമ്മില്‍ പഞ്ചാബില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ എഎപി തീരുമാനിച്ചത്. ''പഞ്ചാബില്‍ 13 ലോക്‌സഭ സീറ്റുകളുണ്ട്. ചണ്ഡീഗഡില്‍ ഒരു സീറ്റും. ആകെ 14 സീറ്റുകള്‍. 14 മണ്ഡലങ്ങളിലും വരുന്ന 10-15 ദിവസത്തിനുള്ള എഎപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും'', അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം, അസമില്‍ മൂന്നു സീറ്റില്‍ മത്സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ ഒരു സീറ്റിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം തീരുമാനിക്കാന്‍ 13-ന് എഎപി രാഷ്ട്രീയകാര്യ സമിതി ചേരും.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കാറായിട്ടും സീറ്റ് വിഭജന ചര്‍ച്ചകള്‍ എങ്ങുമെത്താത്തതില്‍ എഎപി അതൃപ്തി അറിയിച്ചിരുന്നു. ''ചര്‍ച്ചകള്‍ അവസാനമില്ലാതെ തുടരുകയാണ്. തിരഞ്ഞെടുപ്പ് അടുത്തെത്തി കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതുണ്ട്. അസമില്‍ മൂന്നു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഈ സീറ്റുകള്‍ 'ഇന്ത്യ' സഖ്യം അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്'', എഎപി എംപി സന്ദീപ് പഥക് പറഞ്ഞു.

'ഇന്ത്യ' മുന്നണി നിലവില്‍ പ്രതിസന്ധിയിലാണ്. കഴിഞ്ഞദിവസം ആര്‍എല്‍ഡി സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎ സഖ്യത്തില്‍ എത്തിയിരുന്നു. നേരത്തെ, സഖ്യമായി മത്സരിക്കാനില്ലെന്നും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. ജെഡിയു ഇന്ത്യ സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ, പ്രതിസന്ധിയിലായ മുന്നണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് പാര്‍ട്ടികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും