ഡല്‍ഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ എഎപിക്ക് ചരിത്രനേട്ടം 
INDIA

15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം; ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷനില്‍ ആംആദ്മി പാര്‍ട്ടിക്ക് ചരിത്ര വിജയം

വെബ് ഡെസ്ക്

ഡൽഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി ആംആദ്മി പാര്‍ട്ടിയുടെ ചരിത്ര മുന്നേറ്റം. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് ആകെ 250 സീറ്റുകളിൽ 134 എണ്ണത്തിലും ആപ്പ് ആധിപത്യം ഉറപ്പാക്കി. ബിജെപി 104 സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് 10 സീറ്റില്‍ ഒതുങ്ങി. 126 സീറ്റുകളാണ് ഡൽഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍. 2017ൽ നടന്ന തിരഞ്ഞെടുപ്പില്‍ 181 സീറ്റുകൾ നേടിയ ബിജെപിക്ക് ഇത്തവണത്തെ ഫലം വന്‍ തിരിച്ചടിയാണ് .

ആംആദ്മി പാര്‍ട്ടിയെ തിരഞ്ഞെടുത്ത ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അരവിന്ദ് കെജ്‌രിവാള്‍ നന്ദി പറഞ്ഞു. മാറ്റം കൊണ്ടുവരുന്നതിനുള്ള ജനങ്ങളുടെ തിരഞ്ഞെടുപ്പാണ് പാര്‍ട്ടിയുടെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.

2020ലെ ഡൽഹി കലാപവും കോവിഡ് മഹാമാരിയും ഉൾപ്പെടെയുള്ള നിർണായക സംഭവങ്ങൾക്ക് ശേഷം ഡൽഹിയിൽ നടന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പെന്ന പ്രാധാന്യവും ഇത്തവണയുണ്ടായിരുന്നു

2022ലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍ പ്രകാരം, മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപ്പറേഷനാക്കിയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ ജനവിധി ഏറെ നിര്‍ണായകമായിരുന്നു. ഇതോടെയാണ് സീറ്റുകളുടെ എണ്ണം 272ല്‍ നിന്ന് 250 ആയി കുറഞ്ഞത്. കൂടാതെ, 2020ലെ ഡൽഹി കലാപവും കോവിഡ് മഹാമാരിയും ഉൾപ്പെടെയുള്ള നിർണായക സംഭവങ്ങൾക്ക് ശേഷം ഡൽഹിയിൽ നടന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പെന്ന പ്രാധാന്യവും ഇത്തവണയുണ്ടായിരുന്നു.

250 വാര്‍ഡുള്ള കോര്‍പ്പറേഷനിലേക്ക് ഇത്തവണ 1349 സ്ഥാനാര്‍ഥികളായിരുന്നു മത്സരിച്ചത്.എല്ലാ മണ്ഡലങ്ങളിലും ബിജെപിയും എഎപിയും മത്സരിച്ചു. കോൺഗ്രസ് 247 ഇടങ്ങളിലാണ് ജനവിധി തേടിയത്. കനത്ത സുരക്ഷയിൽ 42 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ പൂര്‍ത്തിയാക്കിയത്.

തിരഞ്ഞെടുപ്പ് ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങളും. മുനിസിപ്പൽ കോർപ്പറേഷനില്‍ നിന്നും അഴിമതി വേരോടെ പിഴുതെറിയുമെന്ന മുദ്രാവാക്യം മുൻനിർത്തിയുള്ള കെജ്‌രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ആംആദ്മിക്ക് അനുകൂലമായി മാറുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയിലെ ഉന്നത നേതാക്കളാണ് ഡൽഹിയിൽ എത്തി തമ്പടിച്ചിരുന്നത്. ഡൽഹിയിലെ നേതാക്കള്‍ക്ക് പുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ വരെ പ്രചാരണത്തിന് എത്തിയിരുന്നു.

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായ ബോബി കിന്നര്‍ മികച്ച വിജയം നേടിയതും ശ്രദ്ധേയമാണ്. സുല്‍ത്താന്‍പൂരില്‍ നിന്ന് മത്സരിച്ച ബോബി കിന്നര്‍ എഎപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും