INDIA

ഇടനിലക്കാരില്ലാതെ ചിത്രങ്ങൾ വില്‍ക്കാം, വാങ്ങാം; 20 വർഷമായി മുടക്കമില്ലാതെ ചിത്ര സന്തേ

കർണാടക ചിത്ര കലാപരിഷത്തും കർണാടക സർക്കാരും കൈ കോർക്കുന്ന 'ചിത്ര സന്തേ'യുടെ ഇരുപതാം എഡിഷനിൽ അണിനിരന്നത് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 1300 ഓളം കലാകാരന്മാർ

എ പി നദീറ

ബെംഗളൂരു കുമാര കൃപ റോഡ് പതിവ് തെറ്റാതെ ഇക്കുറിയും ചിത്ര ചന്തയായി മാറി. കർണാടക ചിത്ര കലാപരിഷത്തും കർണാടക സർക്കാരും കൈ കോർക്കുന്ന 'ചിത്ര സന്തേ'യുടെ ഇരുപതാം എഡിഷനിൽ അണി നിരന്നത് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 1300 ഓളം കലാകാരന്മാർ. ചിത്ര കലാ പരിഷത്തിന്റെ മുൻ വശമുള്ള ഒരു കിലോമീറ്റർ നിരത്തിൽ വിവിധ രൂപത്തിലുള്ള ക്യാൻവാസുകൾ സ്ഥാനം പിടിച്ചു. എല്ലാവർഷവും ജനുവരി എട്ടിനാണ് ചിത്ര സന്തേ നടക്കുക. കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയാണ് പ്രദര്‍ശനം  ഉദ്‌ഘാടനം ചെയ്തത്.

ചിത്രകലാ പരിഷത്ത് ചെയർമാൻ ആയിരുന്ന ഡോ.ഡി കെ ചൗട്ടയായിരുന്നു ചിത്ര സന്തേ എന്ന ആശയം മുന്നോട്ടുവെച്ചത്. ഇടനിലക്കാരില്ലാതെ കലാകാരന്മാർക്ക് ചിത്രങ്ങൾ നേരിട്ട് വില്പന നടത്താൻ അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ 20 വർഷമായി മുടക്കമില്ലാതെ നടക്കുകയാണ് ചിത്രകാരന്മാർക്കു സാമ്പത്തികമായി വലിയ ആശ്വാസം നൽകുന്ന ഈ മേള. കോവിഡ് മഹാമാരിക്കാലത്ത് ദുരിത കയത്തിലായ ചിത്രകാരന്മാർക്കാണ് ഇത്തവണത്തെ മേള സമർപ്പിച്ചിരിക്കുന്നത്. ചെറുതും വലുതും പ്രശസ്തരും അല്ലാത്തവരുമായ ചിത്രകാരന്മാരെല്ലാം ചിത്ര സന്തേയിൽ ചിത്രങ്ങൾ വിൽക്കാൻ എത്തും. പ്രായഭേദമെന്യേ ആർക്കും മേളയുടെ ഭാഗമാകാം. പങ്കാളിത്തത്തിൽ 50 ശതമാനം സംവരണം കന്നഡിഗ ചിത്രകാരന്മാർക്കാണ്. സൗജന്യ ഭക്ഷണം, താമസ സൗകര്യം, ക്യാൻവാസ് എന്നിവയൊക്കെ നൽകിയാണ് കർണാടക ചിത്രകലാ പരിഷത് ചിത്ര സന്തേയ്ക്ക് എത്തുന്ന കലാകാരന്മാരെ സഹായിക്കുന്നത്.

ജലഛായം, എണ്ണഛായം, അക്രിലിക് ചിത്രങ്ങൾ, മ്യൂറൽ, മൈസൂർ തഞ്ചാവൂർ പെയിന്റിങ്, മധുബനി ശൈലിയിൽ വരച്ച ചിത്രങ്ങൾ, ഗ്ലാസ് പെയിന്റിങ്, ശില്പങ്ങൾ, കരിക്കേച്ചറുകൾ, കാർട്ടൂണുകൾ, പെൻസിൽ ഡ്രോയിങ്ങുകൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയെല്ലാം ചിത്ര സന്തേയിൽ ലഭിക്കും . ഇടനിലക്കാരില്ലാത്തതിനാൽ സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് ഇവയെല്ലാം സ്വന്തമാക്കാം. ചിത്രകാരന്മാർക്ക് ആവശ്യമായ എല്ലാ തരം പെയിന്റുകളും ആർട്ട് ബ്രഷുകളും ആർട്ട് പേപ്പറുകളും ഇവിടെ നിന്ന് വാങ്ങാം.

മികച്ച ഗുണ നിലവാരമുള്ളവ തിരഞ്ഞെടുക്കാൻ മാർഗ നിർദേശം നൽകാനും ചിത്ര സന്തേയിൽ ആളുണ്ട്. വരച്ച സൃഷ്ടികൾ വിറ്റു പോകാൻ കഷ്ടപ്പെടുന്ന കലാകാരന്മാർക്കും വലിയ ആർട്ട് ഗാലറികൾ വാടകയ്ക്ക് എടുത്ത് ചിത്ര പ്രദർശനം നടത്തി ചിത്രങ്ങൾ വിൽക്കാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർക്കും ആശ്വാസമാണ് വർഷാവർഷം നടക്കുന്ന ചിത്ര സന്തേ. 

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്