INDIA

50 കേന്ദ്ര സംരക്ഷിത സ്മാരകങ്ങൾ കാണാതായതായി സാംസ്കാരിക മന്ത്രാലയം

വെബ് ഡെസ്ക്

ഇന്ത്യയിലെ 3,693 കേന്ദ്ര സംരക്ഷിത സ്മാരകങ്ങളിൽ 50 എണ്ണം കാണാതായതായി കേന്ദ്ര സർക്കാർ. കേന്ദ്ര സാംസ്കാരിക മന്ത്രാലയം പാർലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. ഉത്തർപ്രദേശിലെ 11 സ്‌മാരകങ്ങളും ഡൽഹിയിലെയും ഹരിയാനയിലെയും രണ്ട് സ്മാരകങ്ങൾ വീതവും കാണാതായവയിൽ ഉൾപ്പെടുന്നു. അസം, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സ്മാരകങ്ങളും പട്ടികയിലുണ്ട്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഈ സ്മാരകങ്ങളിൽ 14എണ്ണം അപ്രത്യക്ഷമായത് വർദ്ധിച്ചുവരുന്ന നഗരവൽക്കരണം കാരണമാണ്. 12 എണ്ണം ജലസംഭരണികൾക്കോ അണക്കെട്ടുകൾക്കോ അടിയിലാണ്. ശരിയായ സ്ഥാനം ലഭ്യമല്ലാത്തത് കാരണം ശേഷിക്കുന്ന 24 എണ്ണം എവിടെയാണെന്ന് അറിയില്ല.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ദേശീയ പ്രാധാന്യമുള്ള പല സ്മാരകങ്ങളും അപ്രത്യക്ഷമാകുന്നത് ഗൗരവതരമായ കാര്യമാണെന്ന് സാംസ്കാരിക മന്ത്രാലയം പാർലമെന്റിൽ പറഞ്ഞു.

2013-ൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ടിലാണ് സ്മാരകങ്ങൾ കാണാതായ സംഭവം പുറത്തുവരുന്നത്. 92 സ്മാരകങ്ങളാണ് കാണാതായതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയത്. ഇവയിൽ 42 എണ്ണം എഎസ്‌ഐയുടെ ശ്രമഫലമായി പിന്നീട് കണ്ടെത്തിയിരുന്നു.

കാണാതായവ പലതും ലിഖിത സ്മാരകങ്ങളാണ്. അവയുടെ കൃത്യമായ സ്ഥാനം അറിയില്ല. ഇവ സ്ഥലം മാറ്റപ്പെടുകയോ  കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌തിരിക്കാം. അതുകൊണ്ട് തന്നെ അവ കണ്ടെത്താൻ പ്രയാസകരമാണെന്ന് അധികൃതർ പറഞ്ഞു. ഇവയിൽ കൂടുതലും 1930കൾക്കും 50കൾക്കും ഇടയിൽ സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ചവയാണ്. എന്നാൽ സ്വാതന്ത്രാനന്തരം പഴയ സ്മാരകങ്ങൾ സംരക്ഷിക്കുന്നതിന് പകരം പുതിയവ കണ്ടെത്തുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇപ്പോഴും ചെറുതും വലുതുമായ നിരവധി സ്മാരകങ്ങൾ പരിചരണം ലഭിക്കാതെ നാശത്തിന്റെ വക്കിലാണെന്നും ആർക്കിയോളജിക്കൽ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് മാറി മാറി വരുന്ന സർക്കാരുകളുടെ മുൻഗണന ആരോഗ്യവും വികസനവുമായിരുന്നു. നാടിന്റെ പൈതൃകം സംരക്ഷിക്കുന്നതിൽ ശ്രദ്ധ കാണിച്ചിരുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം