INDIA

പ്രതികളെല്ലാവരും സാധാരണ ജീവിതത്തിലേയ്ക്ക്; 20 വര്‍ഷം കഴിഞ്ഞിട്ടും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാനാകാതെ ബില്‍ക്കിസ് ബാനു

പ്രതിയായിരുന്ന രാധാശ്യാം ഷാ, ബില്‍ക്കിസ് ബാനു താമസിച്ചിരുന്ന വീടിന് മുന്നില്‍ പടക്ക കച്ചവടം ആരംഭിച്ചു

വെബ് ഡെസ്ക്

ഗുജറാത്ത് കലാപത്തിനിടെ ബലാത്സംഗം ചെയ്യപ്പെട്ട ബില്‍ക്കിസ് ബാനുവിന് ഇതുവരെ സ്വന്തം ഗ്രാമത്തിലേയ്ക്ക് തിരിച്ചു പോകാനായിട്ടില്ല. പക്ഷെ, അവളെ ബലാത്സംഗം ചെയ്യുകയും മൂന്ന് വയസുകാരിയായ മകളെ സ്വന്തം കണ്‍മുന്നിലിട്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്ത പ്രതികള്‍ക്ക് ഗുജറാത്തില്‍ അഭയം നല്‍കാന്‍ സര്‍ക്കാരുള്‍പ്പെടെ നിരവധി പേരുണ്ട്. ജയില്‍ മോചിതരായി പ്രതികളെല്ലാവരും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി. പ്രതിയായിരുന്ന രാധാശ്യാം ഷാ, ബില്‍ക്കിസ് ബാനു താമസിച്ചിരുന്ന വീടിന് മുന്നില്‍ ദീപാവലിക്കുള്ള പടക്ക കച്ചവടവും ആരംഭിച്ചു.

നിയമപോരാട്ടം നടത്തിയെന്നതിന്റെ പേരില്‍ സംഭവം നടന്ന് ഇത്ര വര്‍ഷമായിട്ടും വേട്ടയാടപ്പെടുകയാണ് ബില്‍ക്കിസ് ബാനു. ബലാത്സംഗം ചെയ്യപ്പെട്ട ആ രാത്രിക്ക് ശേഷം ബില്‍ക്കിസ് ബാനു സ്വന്തം ഗ്രാമത്തില്‍ വന്നിട്ടില്ല. ജീവന് ഭീഷണിയുള്ളതിനാല്‍ ഇതുവരെ ഗുജറാത്തിലേയ്ക്ക് പോലും തിരിച്ചു പോകാന്‍ അവര്‍ക്കായിട്ടില്ല.

കേസിലെ പ്രതികളെല്ലാവരും ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ രണ്‍ധികപൂര്‍ ഗ്രാമത്തിലും പരിസരങ്ങളിലുമുണ്ട്. ''അമ്മാവനും മരുമകനും ഒരുമിച്ച് ആരെയെങ്കിലും ബലാത്സംഗം ചെയ്യുമോ? ഹിന്ദു സമുദായത്തില്‍ അങ്ങനെ നടക്കില്ല. ഹിന്ദുക്കളാരും അത് ചെയ്യില്ല'' - മോചിതനായ ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയ പ്രതി ഗോവിന്ദ്നായ് ബില്‍ക്കിസ് ബാനു കേസില്‍ നല്‍കുന്ന ന്യായീകരണം ഇതാണ്.

പരോളില്‍ പുറത്തിറങ്ങിയപ്പോള്‍ ഗോവിന്ദ് നായുള്‍പ്പെടെ ചില പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി കണ്ടെത്തി. എന്നിട്ടും നല്ല നടപ്പിന്റെ പേരില്‍ പ്രതികളെ ബിജെപി സര്‍ക്കാര്‍ വിട്ടയയ്ക്കുകയായിരുന്നു. പുറത്തിറങ്ങുന്നിതിന് മുന്‍പ് പരോളെന്ന വ്യാജേന മൂന്ന് വര്‍ഷത്തോളം പ്രതികള്‍ പുറത്ത് കഴിഞ്ഞതായും കണ്ടെത്തിയിരുന്നു. പരാേളിലിറങ്ങിയപ്പോള്‍ ഗോവിന്ദ്നായ് ഒരു സ്ത്രീയെ ആക്രമിച്ചതായും എന്‍ഡിടിവിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് നല്ല നടപ്പിന്റെ പേരില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളായ 11 പേരെയും ബിജെപി സര്‍ക്കാര്‍ മോചിപ്പിക്കുന്നത്. പ്രതികളെ വിട്ടയച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണെന്ന് ​ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ വർഷം ജൂലൈ 11ന് അയച്ച കത്തിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികളുടെ മോചനത്തിന് അനുമതി നൽകിയതായാണ് ഗുജറാത്ത് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.

2002 ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ 19 കാരി ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികള്‍, അവരുടെ മുഴുവന്‍ കുടുംബാഗങ്ങളെയും കൊലപ്പെടുത്തുകയും ചെയ്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ