ബെംഗളൂരു ലുലു മാളിൽ സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആൾ കോടതിയിൽ കീഴടങ്ങി. ബെംഗളൂരു ദാസറഹള്ളി സ്വദേശിയും മുൻ പ്രധാന അധ്യാപകനുമായ അശ്വത് നാരായണ (60) ആണ് മൂന്നാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി മുൻപാകെ കീഴടങ്ങിയത്. ലുലു മാളിൽ ഇയാൾ നിരവധി സ്ത്രീകൾക്കു നേരെ ലൈംഗിക അതിക്രമം നടത്തിയത് ദൃശ്യങ്ങൾ സഹിതം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് സ്വമേധയ കേസെടുത്ത് ബെംഗളൂരു പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിൽ ആണ് ശനിയാഴ്ച അശ്വത് നാരായണ കോടതിയിൽ കീഴടങ്ങിയത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതി വീട് പൂട്ടി സ്ഥലം വിട്ടതായും ആളെ ആദ്യ ദിവസം തന്നെ തിരിച്ചറിഞ്ഞിരുന്നെന്നും മാഗധി പോലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ലുലു മാൾ സന്ദർശിച്ച മറ്റൊരാളായിരുന്നു അശ്വത് നാരായണയുടെ കുറ്റകൃത്യം ക്യാമറയിൽ പകർത്തിയത്. മനഃപൂർവം ഇയാൾ സ്ത്രീകളുടെ ശരീരത്തിൽ തട്ടുന്നതും ഉരസുന്നതും കണ്ടു സംശയം തോന്നിയായിരുന്നു ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ദൃശ്യങ്ങൾ സഹിതം ലുലു മാൾ മാനേജ്മെന്റിനു പരാതി നൽകി പ്രതിയെ അന്വേഷിച്ചു ഇറങ്ങിയപ്പോഴേക്കും അയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നീടായിരുന്നു മാൾ മാനേജ്മെന്റും ദൃശ്യങ്ങൾ ചിത്രീകരിച്ചയാളും പോലീസിനെ വിവരമറിയിച്ചത്.
മാളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചതോടെ പോലീസിന് കുറ്റകൃത്യം നടന്നതായി ബോധ്യമാവുകയും പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. തിങ്കളാഴ്ച തന്നെ പ്രതിയെ കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭിച്ചെങ്കിലും പ്രതി ബെംഗളൂരു നഗരം വിട്ടതായി മനസിലായി. പോലീസ് വലവിരിച്ചു കാത്തിരിക്കുന്നതിനിടയിലായിരുന്നു അശ്വത് നാരായണ കോടതിയിൽ കീഴടങ്ങിയത്. ഐപിസി സെക്ഷൻ 294, 354 എ 509 എന്നീ വകുപ്പുകൾ പ്രകാരമാണ് നാരായണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.