ബോളിവുഡ് സിനിമകളിലെ സാന്നിധ്യവും അറിയപ്പെടുന്ന മറാത്തി നടനുമായ അതുല്‍ പര്‍ചുരെ അന്തരിച്ചു. 57 വയസായിരുന്നു. അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
കപില്‍ ശര്‍മയുടെ കോമഡി ഷോയിലെ അവിസ്മരണീയ പ്രകടനം ഉള്‍പ്പെടെ നിരവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലും സിനിമകളിലും അതുല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു ടോക് ഷോയില്‍ തന്‌റെ രോഗത്തെക്കുറിച്ച് അതുല്‍ വെളിപ്പെടുത്തിയിരുന്നു. കരളില്‍ അഞ്ച് സെന്‌റിമീറ്റര്‍ നീളത്തില്‍ ട്യൂമറുണ്ടെന്നും അത് അര്‍ബുദമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
''രോഗനിര്‍ണയത്തിനു ശേഷമുള്ള ആദ്യ നടപടിക്രമം തെറ്റായിപ്പോയി. അതുകൊണ്ടുതന്നെ അര്‍ബുദം പാന്‍ക്രിയാസിനെ ബാധിക്കുകയും സങ്കീര്‍ണതകളിലേക്കു നയിക്കുകയും ചെയ്തു. തെറ്റായ ചികിത്സ എന്‌റെ അവസ്ഥ വഷളാക്കി. എനിക്ക് നടക്കാനോ വ്യക്തമായി സംസാരിക്കാനോ കഴിയാത്ത അവസ്ഥയായി. ഈ അവസ്ഥയില്‍ ഒന്നരമാസം കാത്തിരിക്കാനാണ് ഡോക്ടര്‍ എന്നോട് നിര്‍ദേശിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയമാകുന്നതു ദീര്‍ഘകാല മഞ്ഞപ്പിത്തത്തിനോ ഗുരുതരമായ കരള്‍പ്രശ്‌നങ്ങള്‍ക്കോ കാരണമാകാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഒടുവില്‍ ഞാന്‍ മറ്റൊരു ഡോക്ടറെ കാണുകയും കൃത്യമായ മരുന്നുകളും കീമോയും സ്വീകരിക്കുകയും ചെയ്തു,'' അതുല്‍ പറഞ്ഞു.
അതുലിന്‌റെ ഹാസ്യപ്രകടനങ്ങള്‍ക്കു മികച്ച അംഗീകാരം ലഭിച്ചിരുന്നു. വസു ചി സസു, പ്രിയതമ, തുര്‍ക്ക് മ്താരെ അര്‍ക്ക തുടങ്ങിയവയിലൂടെ അദ്ദേഹം ജനപ്രീതി നേടി.
വര മഴ നവ്‌സാച, സലാം-ഇ-ഇഷ്‌ക്, പാര്‍ട്ണര്‍, ഓള്‍ ദി ബെസ്റ്റ്: ഫണ്‍ ബിഗിന്‍സ്, ഖട്ടാ മീത്ത, ബുദ്ദാ... ഹോഗാ ടെറാ ബാപ്, ബ്രേവ് ഹാര്‍ട്ട് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി അതുല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.