INDIA

മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവം; ബോളിവുഡ് നടി ക്രിസൻ പെരേര ജയിൽ മോചിതയായി

കേസില്‍ നടിയെ കുടുക്കിയതാണെന്ന് തെളിഞ്ഞതോടെയാണ് ഷാര്‍ജ പോലീസ് വിട്ടയച്ചത്

വെബ് ഡെസ്ക്

മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസൻ പെരേര ജയിൽ മോചിതയായി. കേസില്‍ നടിയെ കുടുക്കിയതാണെന്ന് തെളിഞ്ഞതോടെയാണ് ഷാര്‍ജ പോലീസ് വിട്ടയച്ചത്. ക്രിസൻ പെരേരയുടെ സഹോദരൻ കെവിൻ പെരേരയാണ് ഇൻസ്റാഗ്രാമിലൂടെ മോചന വിവരം അറിയിച്ചത്. ക്രിസനെ ഉടൻ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കും.

ജയിലിൽ നിന്ന് മോചിതയായതിന് ശേഷം വീഡിയോ കോളിൽ ക്രിസൻ കുടുംബത്തോട് സംസാരിക്കുന്ന വീഡിയോയും സഹോദരൻ പങ്കുവച്ചിട്ടുണ്ട്. "ക്രിസൻ സ്വതന്ത്രയായി!!! അടുത്ത 48 മണിക്കൂറിനുള്ളിൽ അവൾ ഇന്ത്യയിൽ തിരിച്ചെത്തും"- കെവിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അമ്മയും മറ്റ് കുടുംബാംഗങ്ങളും സംസാരിക്കുമ്പോൾ താരം വികാരാധീനയാകുന്നതും വീഡിയോയിൽ കാണാം.

മയക്കുമരുന്ന് കേസിൽ നടിയെ കുടുക്കിയ സംഭവത്തിൽ രണ്ട് പേരെ കഴിഞ്ഞ ദിവസം മുംബൈ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കേസുമായി സംബന്ധിച്ച രേഖകൾ ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചതിനെ തുടർന്നാണ് ബുധനാഴ്ച രാത്രി നടിയെ മോചിപ്പിച്ചത്. നടിയുടെ കൈവശമുണ്ടായിരുന്ന ട്രോഫിയിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏപ്രിൽ ഒന്നിനാണ് ഷാർജ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ബോറിവ്ലി പ്രദേശത്ത് താമസിക്കുന്ന ആന്റണി പോള്‍ ആണ് നടിയെ കുടുക്കിയതിന് പിന്നിലെ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍. നായയെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പ്രതികാരമായാണ് ഇയാൾ ബാങ്കിലെ അസിസ്റ്റന്റ് ജനറൽ മാനേജർ ആയ രാജേഷ് ബബോട്ടെയെ കൂട്ടുപിടിച്ച് കൃത്യം നടത്തിയത്. ദുബായിലേക്ക് പോയ ക്രിസനിനെ മയക്കുമരുന്ന് നിറച്ച ട്രോഫി കൈമാറിയാണ് പ്രതികൾ കുടുക്കിയത്. തുടര്‍ന്ന് ക്രിസന്‍ പെരേരയുടെ കുടുംബം കള്ള കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച് മുംബൈ പോലീസിനെ സമീപിക്കുകയായിരുന്നു.

ആന്റണിയും ക്രിസനും ഒരേ അപ്പാർട്മെന്റിലാണ് താമസിക്കുന്നത്. ആന്റണിയുടെ സഹോദരി നടിയുടെ അമ്മയുമായി നായയെച്ചൊല്ലി വഴക്കിട്ടിരുന്നതായി പോലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ടാലന്റ് കൺസൾട്ടന്റായി പരിചയപ്പെടുത്തിയ രാജേഷ് മുഖേനയാണ് ആന്റണി താരത്തെ സമീപിച്ചത്. ഷാർജയിൽ ഒരു വെബ് സീരീസിന്റെ ഓഡിഷനുണ്ടെന്നും പോകുമ്പോൾ ട്രോഫി കൈവശം വയ്ക്കണമെന്നും അയാൾ താരത്തോട് പറഞ്ഞു. ഈ ട്രോഫിയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ശേഷം ഷാർജ എയർപോർട്ടിൽ വിളിച്ച് ക്രിസൻ മയക്കുമരുന്ന് കൈവശം വച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് വിവരം നൽകി. ക്രിസനെ മോചിപ്പിക്കണമെങ്കിൽ 80 ലക്ഷം രൂപ നൽകണമെന്ന് ഇയാൾ നടിയുടെ കുടുംബത്തോടും ആവശ്യപ്പെട്ടിരുന്നു.

48 മണിക്കൂറിനുള്ളിൽ താരം ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് മുംബൈ ജോയിന്റ് പോലീസ് കമ്മീഷണർ ലക്ഷ്മി ഗൗതം പറഞ്ഞു. സമാനമായ രീതിയിൽ അഞ്ച് പേരെയെങ്കിലും കുടുക്കാൻ ആന്റണിയും രാജേഷും ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സഡക് 2, ബട്‌ല ഹൗസ് തുടങ്ങിയ ചിത്രങ്ങളിൽ ക്രിസൻ പെരേര അഭിനയിച്ചിട്ടുണ്ട്.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി