ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യാക്കേസിൽ നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു. മുംബൈ സ്പെഷ്യൽ സിബിഐ കോടതിയുടേതാണ് വിധി. ജിയയുടെ മരണം നടന്ന് 10 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി സൂരജിനെ വെറുതെ വിട്ടത്. ബോളിവുഡ് താരദമ്പതികളായ ആദിത്യ പാഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനാണ് സൂരജ് പാഞ്ചോളി.
2013 ജൂൺ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അടുത്ത ദിവസം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആരോപിച്ച് ജിയയുടെ അമ്മ റാബിയ ഖാൻ രംഗത്തെത്തി. ജിയാ ഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യ കുറിപ്പും ഫ്ലാറ്റിൽ നിന്ന് മൂന്ന് ദിവസത്തിന് ശേഷം കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി ജിയയുടെ കാമുകനായ സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പിന്നീട് 22 ദിവസം നീണ്ട ജയിൽവാസത്തിന് ശേഷം സൂരജ് പഞ്ചോളിക്ക് ജൂലൈയിൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ സൂരജ് മകളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പറഞ്ഞ ജിയയുടെ അമ്മ റാബിയ ഒക്ടോബറിൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. തുടർന്ന് 2014 ജൂലൈ 3 ന് ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടു. പിന്നീട് 2015 മെയിൽ ആദിത്യയുടെയും സൂരജ് പഞ്ചോളിയുടെയും വീടുകളിൽ സിബിഐ പരിശോധന നടത്തി.
അന്വേഷണത്തെ തുടർന്ന് 2015 ഡിസംബറിൽ ജിയാ ഖാന്റെ ആത്മഹത്യാ കുറിപ്പിനെ അടിസ്ഥാനമാക്കി സൂരജ് പഞ്ചോളിക്കെതിരെ കുറ്റം ചുമത്തി. മാനസികവും ശാരീരികവുമായ പീഡനങ്ങൾ ജിയാ ഖാനെ ആത്മഹത്യയിലേക്ക് നയിച്ചതായി കുറിപ്പിൽ നിന്ന് വ്യക്തമായതായി അന്വേഷണ ഏജൻസി വ്യക്തമാക്കി. എന്നാൽ 2016 ൽ ജിയ ഖാന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് സിബിഐ പ്രഖ്യാപിച്ചു. ജിയയുടെ മരണം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഫെബ്രുവരി 2017 ന് റാബിയ ഹർജി സമർപ്പിച്ചു.
സൂരജ് പഞ്ചോളിക്കെതിരെ 2018 ൽ നൽകിയ തുടരന്വേഷണത്തിനുള്ള അപേക്ഷയും പ്രത്യേക സിബിഐ കോടതി തള്ളി. 2021ൽ ആത്മഹത്യ കേസ് പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റി. കേസിൽ പുതിയ അന്വേഷണം ആവശ്യപ്പെട്ട് റാബിയ നൽകിയ മറ്റൊരു ഹർജിയും 2022ൽ ബോംബെ ഹൈക്കോടതി തള്ളി. എന്നാൽ 2023 ഏപ്രിലിൽ പ്രത്യേക സിബിഐ കോടതി ജഡ്ജി എ എസ് സയ്യദ് ഇരുഭാഗത്തിന്റെയും അന്തിമ വാദം കേൾക്കുകയും കേസിൽ വിധി പറയുകയും ചെയ്തു. റാബിയ ഖാൻ, പോലീസ്, സിബിഐ എന്നിവരുടെ നിർദേശപ്രകാരം പ്രോസിക്യൂഷൻ സാക്ഷികൾ തനിക്കെതിരെ മൊഴി നൽകിയതാണെന്നും അന്വേഷണവും കുറ്റപത്രവും തെറ്റാണെന്നും കോടതിയിൽ സമർപ്പിച്ച അന്തിമ മൊഴിയിൽ സൂരജ് പഞ്ചോളി അവകാശപ്പെട്ടിരുന്നു.