INDIA

മലയാളികളുടെ പ്രിയതാരത്തിൽനിന്ന് കേന്ദ്രമന്ത്രിയിലേക്ക്; സുരേഷ് ഗോപിയുടെ യാത്ര

കോളേജ് പഠനകാലത്ത് എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു സുരേഷ്‌ഗോപി

വെബ് ഡെസ്ക്

കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാംഗമായ സിനിമ താരം സുരേഷ്‌ഗോപി കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഹമന്ത്രിയായാണ് സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ ഭാഗമാകുന്നത്. കേരള രാഷ്ട്രീയത്തിൽ അടുത്ത കാലത്ത് മാത്രം പ്രത്യക്ഷപ്പെട്ട ആളാണ് സുരേഷ് ഗോപി. ചലച്ചിത്ര താരം എന്ന നിലയിൽ വലിയ ആരാധക പിന്തുണ ഉള്ളപ്പോഴും സുരേഷ് ഗോപിയുടെ രാഷ്ട്രീയ ജീവിതം അത്ര എളുപ്പമുള്ളതായിരുന്നില്ല. എന്നാൽ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ചരിത്ര വിജയം നേടി സുരേഷ് ഗോപി ഏവരെയും ഞെട്ടിച്ചു. കേരളത്തിൽ ആദ്യമായി താമര വിരിയിച്ചതുകൊണ്ട് തന്നെ കേന്ദ്ര മന്ത്രിസഭയിലും അദ്ദേഹം അംഗമായിരിക്കുകയാണ്.

മലയാളികൾക്ക് സുരേഷ്‌ഗോപിയെ പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല. മലയാളത്തിന് പുറമെ അദ്ദേഹം തമിഴ്, തെലുങ്ക്, കന്നഡ, ബോളിവുഡ് ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. 1965-ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ആയിരുന്നു അരങ്ങേറ്റം. അതിന് ശേഷം 250-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1990 ന് ശേഷമാണ് സുരേഷ്‌ഗോപി താരപദവിയിലേക്ക് ഉയർന്നുവന്നത്. രഞ്ജി പണിക്കർ തിരക്കഥയെഴുതിയ ഷാജി കൈലാസ് ചിത്രം തലസ്ഥാനം സുരേഷ്ഗോപിയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. പിന്നാലെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറി സുരേഷ്‌ഗോപി. 1998-ൽ കളിയാട്ടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി. 2006 ന് ശേഷം അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ പരാജയപ്പെട്ടിരുന്നു.

രാഷ്ട്രീയ ജീവിതം :

കോളേജ് പഠനകാലത്ത് എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു സുരേഷ്‌ഗോപി. പിന്നീടുള്ള കാലത്ത് ഇന്ദിരാഗാന്ധിയോടും ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടും ചായ്‌വ് കാട്ടിയിരുന്നു. പലപ്പോഴും കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിഭേദമില്ലാതെ പ്രചാരണങ്ങളുടെ ഭാഗമായിട്ടുണ്ട്. 2006 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി അദ്ദേഹം പ്രചാരണം നടത്തിയിട്ടുണ്ട്.

2016 ഏപ്രിൽ 29 ന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 80 ലെ വ്യവസ്ഥകൾ പ്രകാരം പ്രഗത്ഭരായ പൗരന്മാരുടെ വിഭാഗത്തിൽ ഇന്ത്യൻ രാഷ്ട്രപതി അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുകയും, രാജ്യസഭയിൽ പാർലമെൻ്റ് അംഗമായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. 2016 മെയിൽ, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനായുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും അംഗമായി. 2019 മുതൽ 2022 വരെ, ഗോത്രകാര്യ മന്ത്രാലയത്തിൻ്റെയും നാളികേര വികസന ബോർഡിൻ്റെയും കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും അംഗമായിരുന്നു.

2016 ഒക്ടോബറിലാണ് സുരേഷ്‌ഗോപി ഔദ്യോഗികമായി ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥി ടി എൻ പ്രതാപനോട് പരാജയപ്പെട്ടു. 293,822 വോട്ടുകളാണ് അക്കൊല്ലം സുരേഷ്‌ഗോപി നേടിയത്. 2014 ൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചതിനേക്കാൾ ഇരട്ടിയിലധികം വോട്ടുകളാണിത്.

സുരേഷ് ഗോപി

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം തൃശൂർ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പട്ടിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അത്തവണ എൽഡിഎഫ് സ്ഥാനാർഥി പി. ബാലചന്ദ്രനോട് പരാജയപ്പെട്ടു. മൂന്നാം സ്ഥാനത്തെത്തിയ സുരേഷ് ഗോപി 40,457 വോട്ടുകൾ ആണ് നേടിയത്.

74,000-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം തൃശൂരിൽ നിന്ന് വിജയിച്ചത്. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോകസഭാ എംപിയാണ് സുരേഷ് ഗോപി.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍