തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) നയപ്രഖ്യാപനം നടത്തി നടൻ വിജയ്. പാര്‍ട്ടി രൂപീകരിച്ച് എട്ടു മാസത്തിനു ശേഷം ഇന്ന് സംഘടിപ്പിച്ച ആദ്യ സംസ്ഥാന സമ്മേളനത്തിലാണ് നയപ്രഖ്യാപനം നടത്തിയത്. മതനിരപേക്ഷ, സാമൂഹിക നീതി, സമത്വം എന്നീ ആശയങ്ങളിലൂന്നിയാണ് പാർട്ടിയുടെ പ്രവർത്തനം. ലക്ഷങ്ങളാണ് തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനവേദിയില്‍ താരം പാര്‍ട്ടി പതാക ഉയര്‍ത്തി. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിലാണ് സമ്മേളനം നടന്നത്.
പെരിയോര്‍, കാമരാജ്, ബി ആർ അംബേദ്ക്കർ, വേലു നാച്ചിയാർ, അഞ്ജല അമ്മാള്‍ എന്നിവരെ രാഷ്ട്രീയ വഴികാട്ടികളാക്കിയായിരിക്കും പാർട്ടിയുടെ പ്രവർത്തനം. മതേതര സാമൂഹ്യനീതിയുടെ ആശയങ്ങളുമായി പൊതുജനങ്ങളെ സേവിക്കാനാണ് താനെത്തുന്നതെന്ന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് പറഞ്ഞു.
മതേതരത്വം, സംസ്ഥാന സ്വയംഭരണം, എല്ലാവരെയും ഉൾക്കൊള്ളൽ, ദ്വിഭാഷാ നയം, അഴിമതി വിരുദ്ധത, പ്രതിലോമ ആശയങ്ങളുടെ നിരാകരണം, മയക്കുമരുന്ന് രഹിത തമിഴ്‌നാട് തുടങ്ങിയവയാണ് തമിഴക വെട്രി കഴകത്തിൻ്റെ മറ്റ് പ്രധാന ആശയങ്ങൾ. തമിഴ് നാട്ടിൽ തമിഴും ഇംഗ്ലീഷും മാത്രം മതി, ഹിന്ദി വേണ്ടെന്നും വിജയ് പറഞ്ഞു. ഭരണത്തിലും വിദ്യാഭ്യാസത്തിലും ദ്വിഭാഷ നയം നടപ്പിലാക്കും.
“ജനനം കൊണ്ട് എല്ലാ ആളുകളും തുല്യരാണ്. തുല്യതയുള്ള ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം," പാർട്ടി കേഡറും പ്രൊഫസറുമായ സമ്പത്ത് കുമാർ പറഞ്ഞു. മധുരയിൽ സെക്രട്ടേറിയറ്റിൻ്റെ ഒരു ശാഖ രൂപീകരിക്കും. ജാതി സർവേ നടത്തും. വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മർദ്ദം ചെലുത്തും. ഗവർണർ സ്ഥാനം നീക്കുന്നത് ചർച്ച ചെയ്യും. കുറഞ്ഞത് മൂന്നിലൊന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകും, ടി വി കെ കേഡർ കാതറിൻ പറഞ്ഞു.
തൻ്റെ രാഷ്ട്രീയ പ്രവേശനത്തെ പാമ്പുമായി കളിക്കുന്ന കുട്ടിയോടാണ് വിജയ് ഉപമിച്ചത്. ''താൻ രാഷ്ട്രീയത്തിൽ ശിശുവാണെന്നാണ് പലരും പറയുന്നത്. രാഷ്ട്രീയമെന്ന പാമ്പിനൊപ്പം ആത്മവിശ്വാസത്തോടെ കളിക്കുന്ന കുട്ടികളാണ് ഞങ്ങൾ,'' വിജയ് വേദിയിൽ പറഞ്ഞു. പ്രസംഗത്തിനിടെ ഫാസിസത്തെയും ദ്രാവിഡ മോഡലിനെയും വിമർശിച്ചുകൊണ്ട് വിജയ് ബിജെപിയെയും ഡിഎംകെയെയും പരിഹസിച്ചു. ഡിഎംകെ തമിഴ്നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണെന്നും വിജയ് ആഞ്ഞടിച്ചു.
രാഷ്ട്രീയ യാത്രയിൽ സ്ത്രീകൾക്ക് നിർണായക പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വിജയ്, നീറ്റ് വിഷയത്തിൽ ആത്‍മഹത്യ ചെയ്ത അരിയല്ലൂർ വിദ്യാർത്ഥിനി അനിതയെ വേദിയിൽ അനുസ്മരിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ എല്ലാ സീറ്റിലും മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.