INDIA

'ചരിത്രം വളച്ചൊടിക്കരുത്, ചെങ്കോലിന്റെ കഥ പ്രധാനമന്ത്രി എങ്ങനെ വിശ്വസിച്ചു'; പത്മ സുബ്രഹ്മണ്യത്തെ വിമർശിച്ച് രഞ്ജിനി

ചരിത്രത്തെക്കുറിച്ച് പത്മ സുബ്രഹ്മണ്യത്തിന്റെ ധാരണകള്‍ തെറ്റാണെന്ന് രഞ്ജിനി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു

വെബ് ഡെസ്ക്

ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ബിജെപി സര്‍ക്കാര്‍. ഇതിനെ ചൊല്ലിയുള്ള ചർച്ചകൾ ചൂട് പിടിക്കവേ, ചെങ്കോലിന്റെ പ്രാധാന്യം വിവരിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നെന്ന് അവകാശപ്പെട്ട പ്രശസ്ത നർത്തകിയും പദ്മഭൂഷൺ ജേതാവുമായ ഡോ.പത്മ സുബ്രഹ്മണ്യത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നർത്തകിയും ചലച്ചിത്ര താരവുമായ രഞ്ജിനി. ചരിത്രത്തെക്കുറിച്ച് പത്മ സുബ്രഹ്മണ്യത്തിന്റെ ധാരണകള്‍ തെറ്റാണെന്ന് രഞ്ജിനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തുഗ്ലക് എന്ന തമിഴ് മാസികയിൽ ചെങ്കോലിന്റെ ചരിത്രം വിവരിക്കുന്ന ഒരു ലേഖനം വിവർത്തനം ചെയ്തതിനൊപ്പം ചെങ്കോല്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നെന്ന് ചൂണ്ടിക്കാട്ടി പത്മ സുബ്രഹ്മണ്യം രംഗത്തെത്തിയിരുന്നു. വിമർശനമുയർന്നതോടെ പത്മ മറുപടി നല്‍കിയത് ഇങ്ങനെയാണ്.

"തമിഴ് ഇതിഹാസമായ സിലപതികാരത്തില്‍ ചേര രാജവംശത്തിലെ രാജാവ് അബദ്ധവശാൽ നായകനെ ശിരച്ഛേദം ചെയ്യാൻ ഉത്തരവിടുന്നു. നായികയായ കണ്ണകി രാജാവിന് തെറ്റുപറ്റിയെന്ന് തെളിയിക്കുന്നു. തുടർന്ന് രാജാവിന് കുറ്റബോധം തോന്നി, ഉടൻ തന്നെ തന്റെ ജീവൻ ത്യജിക്കുന്നു. അദ്ദേഹം വീഴുമ്പോൾ, തന്റെ ചെങ്കോല്‍ വളഞ്ഞിരിക്കും. അതിനർത്ഥം അദ്ദേഹം തെറ്റ് ചെയ്തു എന്നാണ്. ഇത് മതമോ രാജവാഴ്ചയോ അല്ല, മറിച്ച് ഭരണവുമായി ബന്ധപ്പെട്ട എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണ്. അതിന്റെ പ്രാധാന്യം മനസിലാക്കി അവിടെയുള്ള ചെങ്കോല്‍ ദർശിക്കുന്നത് ഓരോ എംപിക്കും പ്രചോദനമാകും. അത് സ്വാതന്ത്ര്യത്തിന്റെ പ്രതീകമായും നീതിയുടെ പ്രതീകമായും ഭരിക്കുന്നവരുടെ ധാർമിക മൂല്യങ്ങളുടെ പ്രതീകമായും അവിടെ നിവർന്നു നിൽക്കും.'

ഇതിനുപിന്നാലെയാണ് പത്മയെ വിമർശിക്കുന്ന കുറിപ്പ് രഞ്ജിനി പങ്കുവച്ചത്.

ചരിത്രത്തിലെ ലളിതമായ വസ്തുതകളിൽ പോലും പിശകുകൾ ഉണ്ടായെങ്കിൽ, ചെങ്കോലിനെ തെറ്റായി ചിത്രീകരിച്ചുകൊണ്ടുള്ള ഡോ.പദ്മ സുബ്രഹ്മണ്യത്തിന്റെ ഇമെയിൽ പ്രധാനമന്ത്രിക്ക് എങ്ങനെ വിശ്വാസയോഗ്യമായെന്ന് രഞ്ജിനി

തുഗ്ലക് എന്ന മാസിക എപ്പോഴാണ് ഒരു ചരിത്ര മാസികയായ മാറിയതെന്ന് രഞ്ജിനി ചോദിച്ചു. കോവലൻ എന്ന വ്യാപാരിയുടെ മരണത്തിന് കാരണമായ തെറ്റായ വിധിക്ക് ചേര രാജാവ്-ചെങ്കുട്ടുവൻ ആണ് കാരണമെന്ന് പറഞ്ഞുകൊണ്ട് പ്രശസ്ത തമിഴ് സാഹിത്യമായ 'സിലപതികാരം' അവർ തെറ്റായി വ്യാഖ്യാനിച്ചുവെന്നും രഞ്ജിനി തന്റെ പോസ്റ്റിൽ പറയുന്നു. സിലപതികാരത്തിന്റെ സാഹിത്യം നടന്നത് മധുരയിലെ പാണ്ഡ്യരാജ്യത്തിലാണെന്നും കോവലന് വധശിക്ഷ നൽകാൻ ഉത്തരവിട്ട നെടുഞ്ചെലിയൻ ഒന്നാമനാണ് രാജാവെന്നും എല്ലാ തമിഴ് കുട്ടികൾക്കും അറിയാം. എന്നാൽ, ഇത് എപ്പോഴാണ് വളച്ചൊടിക്കപ്പെട്ടതെന്നും ചേരരാജ്യം ഇതിലേക്ക് എപ്പോഴാണ് കടന്നുവന്നതെന്നും അവർ ചോദിച്ചു. കോവലന്റെ മരണവുമായി ചെങ്കുട്ടുവൻ രാജാവിന് എന്താണ് ബന്ധമെന്നും രഞ്ജിനി ആരാഞ്ഞു. ഇത്തരം ലളിതമായ വസ്തുതകളിൽ പോലും പിശകുകൾ ഉണ്ടായെങ്കിൽ, ചെങ്കോലിനെ തെറ്റായി ചിത്രീകരിച്ചുകൊണ്ടുള്ള ഡോ.പത്മ സുബ്രഹ്മണ്യത്തിന്റെ ഇമെയിൽ പ്രധാനമന്ത്രിക്ക് എങ്ങനെ വിശ്വാസയോഗ്യമായെന്നും രഞ്ജിനി ചോദിക്കുന്നു.

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിൽ നാം കണ്ട നീതി ഉയർത്തിപ്പിടിക്കാൻ രാജാക്കന്മാർക്ക് കൈമാറിയ ഉപകരണമായതിനാൽ താൻ ചെങ്കോലിന് എതിരല്ല. എന്നാല്‍, പദ്മ സുബ്രഹ്മണ്യത്തിന്റെ വികലമായ ചരിത്ര വിശകലനത്തിൽ വളരെ നിരാശയാണെന്നും അവർ കൂട്ടിച്ചേർത്തു. ചെങ്കോൽ രാജവാഴ്ചയെ സൂചിപ്പിക്കുന്നെന്നും അത് റിപ്പബ്ലിക്കിലേക്ക് കൊണ്ടുവരുന്നത് ഉത്തമമല്ലെന്നും അവർ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ